ആറാട്ടുപുഴ: തോട്ടപ്പള്ളി-വലിയഴീക്കൽ തീരദേശ ഹൈവേയുടെ സർവേ നടപടികളും കല്ലിടലും പുരോഗമിക്കുമ്പോൾ 650 കോടി രൂപ ചെലവഴിച്ച് നടത്തുന്ന പദ്ധതിയുടെ നടത്തിപ്പിനെക്കുറിച്ച് കലക്ടർക്കോ ജനപ്രതിനിധികൾക്കോ ഒന്നും അറിയില്ല.
സർവേയുമായി ബന്ധപ്പെട്ട് ജനങ്ങൾ ഉയർത്തിയ ആശങ്കകൾ ചർച്ച ചെയ്യാൻ രമേശ് ചെന്നിത്തല എം.എൽ.എ കലക്ടറുടെ സാന്നിധ്യത്തിൽ വിളിച്ചുകൂട്ടിയ ജനപ്രതിനിധികളുടെ യോഗത്തിലാണ് പരാതി പ്രളയം. നിർമാണവുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല ജനങ്ങളുടെ ആശങ്ക അറിയിച്ചപ്പോൾ റോഡുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് കലക്ടറും വ്യക്തമാക്കി. ഡി.പി.ആർ ഇതുവരെ കണ്ടിട്ടില്ല. പദ്ധതി എങ്ങനെയാണ് നടപ്പാക്കുന്നതെന്ന് അടക്കമുള്ള കാര്യങ്ങൾ കേരള റോഡ് ഫണ്ട് റോഡ് (കെ.ആർ.എഫ്.ബി) ഔദ്യോഗികമായി അറിയിക്കാത്തതിനെക്കുറിച്ച് യോഗത്തിൽ പങ്കെടുത്ത കെ.ആർ.എഫ്.ബി എക്സിക്യൂട്ടിവ് എൻജിനീയറോട് വിശദീകരണം തേടിയപ്പോൾ തനിക്കൊന്നും അറിയില്ലെന്ന മറുപടിയാണ് പറഞ്ഞത്.
ജനങ്ങളുടെ കോടികൾ ചെലവഴിച്ച് നടത്തുന്ന ബൃഹത് പദ്ധതിയുടെ നടത്തിപ്പിലെ ഗുരുതര അപാകതയിൽ കലക്ടർ ഉത്കണ്ഠ രേഖപ്പെടുത്തി. സി.പി.എമ്മുകാരായ ആറാട്ടുപുഴ പഞ്ചായത്ത് പ്രസിഡന്റ് എൻ. സജീവനും ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ടി.എസ്. താഹയും പദ്ധതി നടത്തിപ്പിൽ ജനധിപത്യമര്യാദ പാലിച്ചില്ലെന്ന് തുറന്നടിച്ചു. റോഡിനായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ അതിർത്തി തിരിച്ച് കല്ലിടുകയും അവിടെ നിർമാണ പ്രവർത്തനങ്ങൾ വിലക്കി ഉത്തരവിറങ്ങുകയും ചെയ്തു.
തൃക്കുന്നപ്പുഴ പഞ്ചായത്തിലെ റോഡ് അലൈൻമെന്റുമായി ബന്ധപ്പട്ട് കച്ചവടക്കാരും നാട്ടുകാരും ഉന്നയിച്ച ആശങ്കകളും സി.ആർ.ഇസഡ് പ്രശ്നങ്ങളും അവർ യോഗത്തിൽ പങ്കുവെച്ചു. ഇക്കാര്യത്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കേണ്ടത് അനിവാര്യമാണെന്ന് കലക്ടറും എം.എൽ.എയും പറഞ്ഞു.
കലക്ടറുടെ നിർദേശ പ്രകാരം 23ന് രാവിലെ 10ന് കെ.ആർ.എഫ്.ബി ഓഫിസിൽ നിർദിഷ്ട റോഡ് കടന്നുപോകുന്ന തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്ത് പ്രസിഡന്റുമാരെയും ജില്ല പഞ്ചായത്ത് അംഗങ്ങളെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരെയും വിളിച്ച് രൂപരേഖ വിശദീകരിക്കാൻ തീരുമാനിച്ചു. നിയമസഭ സമ്മേളനം നടക്കുന്ന ഡിസംബർ രണ്ടിന് പൊതുമരാമത്ത് മന്ത്രി, കലക്ടർ, എം.എൽ.എ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ യോഗം ചേർന്ന് ജനങ്ങളുടെ ആശങ്കകൾ ചർച്ചചെയ്യും.
തിരുവനന്തപുരത്ത് ഉന്നതതല യോഗം നടക്കുന്നതുവരെ റോഡുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കണമെന്ന് കലക്ടർ നിർദേശിച്ചു. തൃക്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എസ്. വിനോദ് കുമാർ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ജോൺ തോമസ്, ടി.എസ്. താഹ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുധിലാൽ, അജിത, ഡോ. സന്തോഷ്, നാദിറ ഷാക്കിർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.