ആറാട്ടുപുഴ: കള്ളക്കടൽ പ്രതിഭാസത്തിന് നേരിയ ശമനമുണ്ടായെങ്കിലും അധികൃതരുടെ വാഗ്ദാന ലംഘനത്തെ ചൊല്ലിയുള്ള പ്രതിഷേധത്തിന് ശമനമായില്ല. തൃക്കുന്നപ്പുഴ മതുക്കൽ ഗസ്റ്റ് ഹൗസ് ജങ്ഷൻ ഭാഗത്ത് റോഡിലടിഞ്ഞ മണൽ നീക്കുന്ന പ്രവർത്തനം പ്രതിഷേധത്തെ തുടർന്ന് തടസ്സപ്പെട്ടിരിക്കുകയാണ്. ഇതുമൂലം മൂന്നാം ദിവസവും തീരദേശ റോഡിലൂടെയുള്ള ഗതാഗതം മുടങ്ങിയത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കള്ളക്കടൽ പ്രതിഭാസത്തിൽ ഈ ഭാഗത്ത് രണ്ടടിയോളം പൊക്കത്തിലാണ് റോഡിൽ മണൽ മൂടിയിരിക്കുന്നത്. ബസ് സർവിസുകൾ ഭൂരിഭാഗവും മുടങ്ങി. സർവിസ് നടത്തുന്ന ബസുകൾ മണൽമൂടിയ ഭാഗത്ത് വെച്ച് സർവിസ് അവസാനിപ്പിക്കുകയാണ്. സമാന്തര റോഡ് ഇടുങ്ങിയതായതിനാൽ ഇരുവശങ്ങളിലേക്കും വാഹനങ്ങൾ പോകുന്നത് മൂലം രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടാകുന്നു. ഞായറാഴ്ച പൊതുമരാമത്ത് വകുപ്പ് അധികൃതർ മണ്ണുമാന്തി യന്ത്രവുമായി എത്തിയെങ്കിലും പ്രദേശവാസികളുടെ പ്രതിഷേധം മൂലം മണൽ നീക്കാൻ സാധിച്ചില്ല. അധികൃതർ ആരും ഇവിടെ എത്തിയിട്ടില്ല.
പുലിമുട്ട് നിർമിച്ചില്ലെങ്കിൽ രാജിവെക്കുമെന്ന് ബ്ലോക്ക് അംഗം
ആറാട്ടുപുഴ: തൃക്കുന്നപ്പുഴ പഞ്ചായത്ത് ഒമ്പതാം വാർഡിലെ കടലാക്രമണ ദുരിതത്തിന് ആറുമാസത്തിനുള്ളിൽ പരിഹാരം കണ്ടില്ലെങ്കിൽ മെമ്പർ സ്ഥാനം രാജിവെക്കുമെന്ന് ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് അംഗം സുധിലാൽ തൃക്കുന്നപ്പുഴ.
ജനങ്ങളോടൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്ന പൊതുപ്രവർത്തകനാണ് ഞാൻ. ജനങ്ങളെ സഹായിക്കാൻ കഴിയുന്നില്ലെങ്കിൽ ഇതിലൊന്നും തുടരുന്നതിൽ അർഥമില്ല. ഒമ്പതാം വാർഡിലെ കടലാക്രമണത്തിന് ശാശ്വത പരിഹാരമായി ആറ് മാസത്തിനുള്ളിൽ പുലിമുട്ട് ഇട്ടില്ലെങ്കിൽ ബ്ലോക്ക് പഞ്ചായത്തംഗം സ്ഥാനം രാജിവെക്കും. ഒരു വർഷത്തിനുള്ളിൽ പരിഹാരമായില്ലെങ്കിൽ കോൺഗ്രസ് അംഗത്വം ഉപേക്ഷിച്ച് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്നും സുധി ലാൽ പ്രസ്താവനയിൽ അറിയിച്ചു.
മാർച്ച് 30, 31, ഏപ്രിൽ ഒന്ന് തീയതികളിലും ഉണ്ടായ കടലാക്രമണം ആറാട്ടുപുഴയുടെ വിവിധ ഭാഗങ്ങളിലും െഗസ്റ്റ് ഹൗസ് ജങ്ഷൻ ഭാഗത്തും വലിയ ദുരിതങ്ങളാണ് വരുത്തിവെച്ചത്. തീരദേശ റോഡിൽ മണൽ അടിഞ്ഞു കയറി ഗതാഗതവും തടസ്സപ്പെട്ടിരുന്നു. തീരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് െഗസ്റ്റ് ഹൗസ് ജങ്ഷൻ ഭാഗത്ത് പ്രദേശവാസികൾ റോഡ് ഉപരോധിച്ചു. സംഭവസ്ഥലത്ത് എത്തിയ കാർത്തികപ്പള്ളി തഹസിൽദാർ, ജില്ല കലക്ടറുടെ നിർദേശപ്രകാരം ഏപ്രിൽ അഞ്ചിന് ജിയോ ബാഗ് ഉപയോഗിച്ച് താൽക്കാലിക ഭിത്തി നിർമിക്കുമെന്ന് രേഖാമൂലം ഉറപ്പു നൽകി. മാർച്ച് 31 വൈകീട്ട് ആരംഭിച്ച ഉപരോധം ഏപ്രിൽ ഒന്നിനാണ് അവസാനിപ്പിച്ചത്. എന്നാൽ, അധികൃതർ പിന്നീട് ഇങ്ങോട്ട് തിരിഞ്ഞുനോക്കിയില്ല. ഈ തിക്താനുഭവമാണ് ഇപ്പോൾ പ്രതിഷേധം കനക്കാൻ കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.