ആറാട്ടുപുഴ: സംശയാസ്പദമായി കണ്ടതിനെ തുടർന്ന് തോട്ടപ്പള്ളി കോസ്റ്റൽ പൊലീസ് പിടികൂടിയ മത്സ്യബന്ധന ബോട്ടിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു. ഞായറാഴ്ച രാവിലെ 9.15 ഓടെ വട്ടച്ചാൽ തീരത്തുനിന്നും 12 നോട്ടിക്കൽ മൈൽ അകലെ കടലിൽനിന്നുമാണ് ബോട്ട് പിടികൂടിയത്. മത്സ്യ ബന്ധനത്തിന് വൈപ്പിനിൽ നിന്നും മറൈൻ വകുപ്പ് നൽകിയ പെർമിറ്റ് കൈവശമുണ്ടെങ്കിലും വലകളോ മറ്റ് മത്സ്യ ബന്ധന സാമഗ്രികളോ ബോട്ടിൽ ഇല്ലാതിരുന്നതാണ് സംശയത്തിനിടയാക്കിയത്.
ബോട്ടിലുണ്ടായിരുന്ന മൂന്ന് കന്യാകുമാരി സ്വദേശികളെക്കുറിച്ച് അന്വേഷിക്കാനായി നാഗർകോവിൽ ക്യു ബ്രാഞ്ചിന് വിവരങ്ങൾ കൈമാറി. പോണ്ടിച്ചേരി സ്വദേശിയുടെ വിവരങ്ങൾക്കായി അവിടുത്തെ അന്വേഷണ ഏജൻസിയേയും ബന്ധപ്പെട്ടിട്ടുണ്ട്. ഒരാൾ അടിപിടി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആളും രണ്ടുപേർ തൊഴിലാളികൾ അല്ലെന്നുമാണ് നാഗർകോവിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥന്മാർ നൽകിയ പ്രാഥമിക വിവരം.
കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണ്. കള്ളക്കടത്തിന് വേണ്ടിയുള്ള ശ്രമമാകാമെന്നാണ് നാഗർകോവിൽ മറൈൻ പോലീസിന്റെ നിഗമനം. ബോട്ടുടമസ്ഥനായ ലക്ഷദ്വീപ് സ്വദേശിയെക്കുറിച്ച് അറിയാനായി അവിടുത്തെ അന്വേഷണ ഏജൻസിക്കും വിവരങ്ങൾ കൈമാറിയിട്ടുണ്ട്. ഇയാളുടെ കച്ചവട പങ്കാളിയായ തമിഴ്നാട് സ്വദേശി വഴിയാണ് തമിഴ്നാട്ടുകാരായ നാലുപേരെ രണ്ടുദിവസം മുമ്പ് തൊഴിലാളികളായി വെച്ചത്. കൊച്ചിയിൽ നിന്നും ബോട്ട് തേങ്ങാ പട്ടണത്ത് എത്തിക്കുന്നത് ആയിരുന്നു ഇവരുടെ ചുമതല. വലയും മൽസ്യബന്ധന ഉപകരണങ്ങളും ബോട്ടിൽ ഇല്ലാത്ത സാഹചര്യത്തിൽ വൈപ്പിനിൽ നിന്നും 25,000 രൂപ മുടക്കി മൽസ്യബന്ധന പെർമിറ്റ് എടുത്തതും സംശയത്തിനിടയാക്കുന്നതായി പോലീസ് പറയുന്നു. ഇവർക്കെതിരെ കേസുകളൊന്നും എടുത്തിട്ടില്ല. അന്വേഷണ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. റിപ്പോർട്ട് അനുകൂലമാണെങ്കിൽ രേഖകൾ പരിശോധിച്ച ശേഷം ബോട്ട് വിട്ട് നൽകുമെന്ന് കോസ്റ്റൽ പോലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.