ആറാട്ടുപുഴ: തൃക്കുന്നപ്പുഴ വലിയഴീക്കൽ തീരദേശ റോഡിൽ സഞ്ചരിക്കുന്ന ഇരുചക്ര വാഹന യാത്രക്കാർ സൂക്ഷിക്കുക. റോഡിൽ അപകടം പതിയിരിപ്പുണ്ട്. തിരമാലയിൽ റോഡിലേക്ക് അടിച്ച് കയറിയ മണലാണ് അപകട ഭീഷണി ഉയർത്തുന്നത്. കടലടങ്ങുമ്പോൾ റോഡിലേക്ക് അടിഞ്ഞുകൂടിയ മണൽ, മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് ഇരുവശങ്ങളിലേക്കും കൂന കൂട്ടി വെക്കാറാണ് പതിവ്. യന്ത്രം ഉപയോഗിച്ച് റോഡിൽ വീഴുന്ന മണൽ പൂർണമായും നീക്കുക പ്രയാസകരമാണ്. ചെറിയ കനത്തിൽ കുറെ മണൽ റോഡിൽ ശേഷിക്കും. ഇതു കൂടാതെ അരികിലേക്ക് കൂട്ടിവെച്ച മണ്ണ് ദിവസങ്ങൾ കഴിയുമ്പോൾ റോഡിലേക്ക് ഇടിഞ്ഞിറങ്ങുന്നതോടെ മണലിന് കനം കൂടും.
വലിയഴീക്കൽ അഴീക്കോടൻ നഗർ, കള്ളിക്കാട്, ആറാട്ടുപുഴ ബസ്റ്റാന്റിന് തെക്ക്, എം.ഇ.എസ്.ജങ്ഷൻ, കാർത്തിക ജങ്ഷന് തെക്ക്, കള്ളിക്കാട്, തൃക്കുന്നപ്പുഴ പഞ്ചായത്തിലെ മൂത്തേരിൽ ഗസ്റ്റ് ഹൗസ് ജങ്ഷൻ, പ്രണവംനഗർ എന്നിവിടങ്ങളിലാണ് മണ്ണ് ഭീഷണി ഉയർത്തുന്നത്. ഇരുചക്ര വാഹനങ്ങളാണ് കൂടൂതലും അപകടത്തിൽ പെടുന്നത്. ദിവസങ്ങൾ മുമ്പ് അധ്യാപികയായ ആറാട്ടുപുഴ സ്വദേശിനി ഷഹനയുടെ സ്കൂട്ടർ നിയന്ത്രണം തെറ്റി മറിഞ്ഞ് കാലിന് ഗുരുതര പരിക്കേറ്റു. രാത്രി മണൽ കാണാനും കഴിയില്ല. എതിരെ വരുന്ന വലിയ വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോഴാണ് റോഡരികിലെ മണ്ണിലേക്ക് കയറി വാഹനം നിയന്ത്രണം വിടുന്നത്.
വലിയഴിക്കൽ പാലം യാഥാർത്ഥ്യമായതോടെ വിനോദ സഞ്ചാരികൾ അടക്കം തൃക്കുന്നപ്പുഴ വലിയഴീക്കൽ റൂട്ടിൽ യാത്രക്കാരുടെ തിരക്കാണ്. റോഡിലേക്ക് ഇടിച്ച് ഇറങ്ങാത്ത തരത്തിൽ മണൽ റോഡിൽ നിന്നും നീക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.