ആറാട്ടുപുഴ: പോളിങ് ബൂത്തിൽ കയറി വോട്ടുചെയ്ത് കൈവിരലിൽ ഒരു മഷിപ്പാടുമായി പുറത്തിറങ്ങണമെന്നത് നവാസിെൻറ എക്കാലെത്തയും സ്വപ്നമാണ്. ജീവിതം അരനൂറ്റാണ്ട് പിന്നിട്ടിട്ടും ഇന്നേ വരെ പോളിങ് ബൂത്തിൽ കയറാനുള്ള ഭാഗ്യം ആറാട്ടുപുഴ വെളുമ്പിച്ചാത്ത് വീട്ടിൽ നവാസിന് ഉണ്ടായിട്ടില്ല. ഈ തെരഞ്ഞെടുപ്പിലും ആ ദൗർഭാഗ്യം പിന്തുടരുകയാണ്.
കോഴിക്കോട് ഫാറൂഖ് കോളജിൽ എം.എസ്സിക്ക് പഠിക്കുന്ന 1989ലാണ് ലോക്സഭ ഇലക്ഷൻ നടക്കുന്നത്. കന്നിവോട്ട് ലഭിച്ച സന്തോഷത്തിലായിരുന്നു നവാസ്. കൂട്ടുകാരെല്ലാം വോട്ടുചെയ്യുന്നതിന് നാട്ടിൽ പോയെങ്കിലും രണ്ടുപേർക്ക് അവിചാരിത കാരണങ്ങളാൽ കോളജിൽനിന്ന് പോകാൻ കഴിഞ്ഞില്ല. അതിലൊന്ന് താനായിരുെന്നന്ന് നവാസ് ദുഃഖത്തോടെ പറയുന്നു. കലാലയ രാഷ്ട്രീയത്തിൽ സജീവപ്രവർത്തകനായിരുന്ന നവാസിന് കന്നിവോട്ട് നഷ്ടമായത് വലിയ വിഷമമുണ്ടാക്കി. എന്നാൽ, മൂന്നര പതിറ്റാണ്ടും അതേ അവസ്ഥ തുടരുമെന്ന് അദ്ദേഹം കരുതിയതേയില്ല.
പഠനകാലത്ത് മാത്രമാണ് നവാസ് നാട്ടിൽ നിന്നിട്ടുള്ളത്. വ്യക്തമായി കാരണം ഓർമയില്ലെങ്കിലും 1991ൽ നടന്ന നിയമസഭയിലേക്കുള്ള വോട്ടും നഷ്ടമായി. 1993ൽ പ്രവാസലോകത്തേക്ക് കടന്നതോടെയാണ് തെരഞ്ഞെടുപ്പുകാലവും വോട്ടും പൂർണമായും അന്യമായത്. ഷാർജയിൽ ജോലിചെയ്യുന്ന നവാസ് വർഷത്തിലൊരിക്കലും രണ്ട് തവണയുമൊക്കെ നാട്ടിൽ കുറഞ്ഞദിവസത്തെ അവധിക്ക് എത്താറുണ്ടെങ്കിലും തെരഞ്ഞെടുപ്പുകാലത്ത് അവധി ലഭിച്ചിട്ടില്ല. ഇക്കുറി തെരഞ്ഞെടുപ്പുകാലത്ത് നാട്ടിൽ എത്തിയെങ്കിലും വോട്ടർപട്ടികയിൽ പേരുചേർക്കാനുള്ള സമയം കഴിഞ്ഞിരുന്നതിനാൽ കാഴ്ചക്കാരനായി നിൽക്കാനാണ് വിധി. വിദ്യാർഥിയായ കാലത്ത് സ്കൂളുകളിലും കോളജുകളിലും ചെയ്ത വോട്ടുകൾ മാത്രമാണ് അനുഭവത്തിലുള്ളത്. പഴഞ്ചനായി മാറിയ ബാലറ്റ് പെട്ടിയിൽ വോട്ടുചെയ്യാൻ പോയിട്ട് നേരിട്ടുകാണാൻപോലും സാധിക്കാതായതിൽ നിരാശയുണ്ടെന്ന് നവാസ് പറയുന്നു. വോട്ടുയന്ത്രത്തെക്കുറിച്ച അനുഭവവും സമാനമാണ്.
വോട്ടില്ലാത്തതുകൊണ്ട് സ്ഥാനാർഥികൾ അത്മാർഥമായൊരു അടുപ്പം കാട്ടുന്നില്ലെന്നും ചിരിച്ച് കാണിച്ച് പോവുകയാണെന്നും നവാസ് പറയുന്നു. പ്രവാസികൾക്ക് ഇലക്ട്രോണിക്സ് വോട്ടവകാശം തെരഞ്ഞെടുപ്പ് കമീഷൻ തത്ത്വത്തിൽ അംഗീകരിച്ച സാഹചര്യത്തിൽ വരുന്ന തെരഞ്ഞെടുപ്പുകാലത്ത് നാട്ടിൽ എത്തിപ്പെടാൻ പറ്റിയില്ലെങ്കിൽപോലും പ്രവാസ ലോകത്തായാലും വോട്ടുചെയ്യാമെന്ന പ്രതീക്ഷയിലാണ് നവാസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.