പൂകൃഷി ചെയ്യുന്ന പലത്തിൽ ഉദയകൃഷ്​ണകുമാർ

പാലത്തിൽ വസന്തം വിരിയിച്ച് ഉദയകുമാർ

ആറാട്ടുപുഴ: പാലത്തിൽ വസന്തം വിരിയിച്ച് വേറിട്ട കൃഷികളുടെ പരീക്ഷണം തുടരുകയാണ് ഉദയകുമാർ. മൽസ്യകൃഷിയുടെ അവശ്യത്തിനായി തോട്ടിൽ നിർമിച്ച പാലം പല വർണങ്ങളിലുള്ള പൂക്കൾ നിറഞ്ഞ തോട്ടമായി മാറിയ കാഴ്ച ഏവരേയും ആകർഷിക്കുന്നതാണ്. മഞ്ഞയും ചുവപ്പും നിറങ്ങളിലുള്ള നൂറുകണക്കിന് ബന്തി (മല്ലിക) പൂക്കളാണ് കണ്ണിന് കുളിർമ പകരുന്നത്.

കാർത്തികപ്പള്ളി പഞ്ചായത്തിലെ പ്രധാന പച്ചക്കറി കർഷകനായ പൂളിക്കീഴ് പുത്തൻ വീട്ടിൽ കെ. ഉദയകുമാറിന്‍റെ (52) വേറിട്ട കൃഷിരീതികൾ,  കൃഷിചെയ്യാൻ ഭൂമിയില്ലാത്തവർക്ക്  പ്രതീക്ഷ നൽകുന്നതാണ്​. വെള്ളക്കെട്ടിൽ സർക്കാർ സഹായത്തോടെ കൂട് മൽസ്യ കൃഷി ആരംഭിക്കുകയും മൽസ്യത്തിന് തീറ്റ കൊടുക്കുന്നതിനായി ഒരാൾക്ക് നടന്നുപോകാവുന്ന വീതിയിൽ 40 മീറ്റർ നീളത്തിൽ തോട്ടിലേക്ക് ഒരു പാലം നിർമിക്കുകയും ചെയ്തിരുന്നു. ഈ പാലമാണ് കൃഷിയുടെ പരീക്ഷണ കേന്ദ്രമാക്കി മാറ്റുന്നത്.

150 ഓളം ഗ്രോബാഗിലാണ് പാലത്തിൽ പുഷ്പകൃഷി നടത്തിയത്. 10 രൂപ നിരക്കിൽ ബാംഗ്ലൂരിൽ നിന്നാണ് ബന്തിയുടെ തൈകൾ  കൃഷിക്കായി എത്തിച്ചത്. ഒന്നര മാസത്തിനുശേഷം ഇതിൽനിന്നും വിളവെടുപ്പ് തുടങ്ങി. നാലഞ്ചു ദിവസം കൂടുമ്പോൾ 10 കിലോ  പൂക്കൾ  ലഭിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ഇത് കൂടുമെന്നും ഉദയൻ പറഞ്ഞു. മൂന്നു മാസക്കാലം ആണ് ഇതിന്‍റെ ആയുസ്സ്.

ചെടികളിലെല്ലാം വലിപ്പമുള്ള ബന്തിപ്പൂക്കൾ നിറഞ്ഞു നിൽക്കുകയാണ്. പ്രതീക്ഷിച്ചതിലും അപ്പുറം പൂകൃഷി പരീക്ഷണം വിജയിച്ചതിൻ്റെ സന്തോഷത്തിലാണ് ഉദയകുമാർ. പച്ചക്കറികൾ കൂടാതെ പൂക്കളും ഇക്കുറി ഉദയകുമാറിൻ്റെ തോട്ടത്തിൽ നിന്ന് ഓണവിപണികളിൽ എത്തുകയാണ്​.

പാലത്തിലെ മൂന്നാമത്തെ പരീക്ഷണമാണിത്. ചീര വിളയിച്ചാണ് പാലത്തിൽ കൃഷിക്ക് തുടക്കം കുറിച്ചത്. കഴിഞ്ഞ വർഷം പാലം മനോഹരമായ ഒരുപച്ചക്കറിത്തോട്ടമായിരുന്നു. ഒരുവശത്ത് സലാഡ് കുക്കുമ്പറും മറുവശത്ത് പയറുമായിരുന്നു ഗ്രോബാഗിൽ കൃഷി ചെയ്തത്. പാലത്തിൽ പൈപ്പ് നാട്ടി അതിൽ കുത്തനെ പന്തലൊരുക്കിയാണ് ചെടികൾ പടർത്തിയത്.

മേൽക്കൂരയിലെ വെള്ളം ഒഴുകി പോകുന്നതിന് ഉപയോഗിക്കുന്ന  ആറിഞ്ച്​ പി.വി.സി പാത്തിയിൽ  മണ്ണും വളവും നിറച്ചായിരുന്നു ചീര കൃഷി നടത്തിയത്. 450 കിലോ കുക്കുമ്പറും 250 കിലോ പയറുമാണ് കഴിഞ്ഞ വർഷം പാലത്തിൽ നിന്നും ഉദയകുമാർ വിളവെടുത്തത്.

വെള്ളത്തിൽ പച്ചക്കറി വിളയിച്ചാണ്  ഉദയകുമാർ കൃഷിയിൽ ശ്രദ്ധേയനായത്.  വലിയകുളങ്ങര ക്ഷീര സംഘത്തിന്‍റെ  തെക്ക് പടിഞ്ഞാറ് ഭാഗത്ത് ഉദയകുമാറിന് സ്വന്തമായുള്ള ഒരേക്കർ സ്ഥലം അധികവും വെള്ളക്കെട്ടാണ്. പച്ചക്കറി വിളയിക്കാൻ വെള്ളക്കെട്ടിലും സാധ്യമാണെന്ന്​ ഇദ്ദേഹം ​തെളിയിക്കുകയായിരുന്നു. കരയിൽ ചെടിനട്ട് വെള്ളക്കെട്ടിന് മുകളിൽ സ്ഥാപിക്കുന്ന വിശാലമായ പന്തലിലേക്ക് പാവലും പടവലവും പടർത്തിയാണ് വർഷങ്ങളായി ഉദയൻ കൃഷി ചെയ്യുന്നത്. സീസൺ അനുസരിച്ച് വിവിധ സഥലങ്ങളിലായി വാഴ, വെണ്ട, മുളക്, ചീര, പടവലം, പാവൽ, പപ്പായ,തക്കാളി, കുക്കുംബർ തുടങ്ങിയ കൃഷികൾ സ്ഥിരമായി ചെയ്യുന്നുണ്ട്​. 

Tags:    
News Summary - farming of udayakumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.