കടലാക്രമണം

കടൽക്കലിയിൽ ഭയന്നുവിറച്ച് തീരം

ആറാട്ടുപുഴ: കടൽക്ഷോഭം ശക്തിപ്രാപിക്കുന്നത് ആറാട്ടുപുഴ തൃക്കുന്നപ്പുഴ തീരവാസികളെ ഭീതിയിലാഴ്ത്തുന്നു. തീരദേശ റോഡും നിരവധി കച്ചവടസ്ഥാപനങ്ങളും വീടുകളും കടൽക്ഷോഭ ഭീഷണിയിലാണ്. കടൽഭിത്തി ദുർബലമായ പ്രദേശങ്ങളിൽ വലിയ അപകടാവസ്ഥയാണുള്ളത്. കടൽക്ഷോഭം തീരദേശ റോഡിലെ ഗതാഗതത്തെയും ബാധിച്ചു.

രണ്ടാഴ്ചയിലേറെയായി തുടരുന്ന കടൽക്ഷോഭം ഇടക്കൊന്ന് ശമിച്ചെങ്കിലും രണ്ടു ദിവസമായി പ്രക്ഷുബ്ധാവസ്ഥയിലാണ്. കൂറ്റൻ തിരമാലകൾ കരയിലേക്ക് ഇരച്ചുകയറുകയാണ്. വലിയഴീക്കൽ പെരുമ്പള്ളി എം.ഇ. എസ് ജങ്ഷൻ എന്നിവിടങ്ങളിലാണ് കൂടുതൽ അപകടാവസ്ഥ. തീരദേശറോഡിലേക്ക് മണൽ അടിച്ചുകയറുകയാണ്.

പലയിടത്തും റോഡിൽ വെള്ളം കെട്ടിനിൽക്കുന്നുണ്ട്. പ്രക്ഷുബ്ധാവസ്ഥ തുടർന്നാൽ ഗതാഗതം പൂർണമായും തടസ്സപ്പെടും. വലിയഴീക്കൽ പാലത്തിലേക്ക് കയറുന്ന ഭാഗത്ത് റോഡ് മണ്ണ് വീണ് മൂടിക്കൊണ്ടിരിക്കുകയാണ്. വെള്ളവും കെട്ടിനിൽക്കുന്നുണ്ട്. കാർത്തിക ജങ്ഷന് തെക്ക്, എ.സി. പള്ളി ജങ്ഷൻ മുതൽ വടക്ക്, രാമഞ്ചേരി, തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പ്രണവം നഗർ, ചേലക്കാട്, പാനൂർ തുടങ്ങിയ സ്ഥലങ്ങളിലും കടൽക്ഷോഭം ദുരിതം വിതച്ചു.

ആറാട്ടുപുഴ ബസ്സ്റ്റാൻഡ് മുതൽ തെക്കോട്ട് എ.കെ.ജി.നഗർ വരെയുള്ള ഭാഗത്ത് പുലിമുട്ട് നിർമാണം പുരോഗമിക്കുകയാണ്. ഇതിനായി നിർമിച്ച ടെട്രാപോഡുകൾ നിലവിലെ കടൽഭിത്തിക്ക് പുറത്ത് അടുക്കിവെച്ചതാണ് ഈ പ്രദേശത്തിന് രക്ഷയായത്. ടെട്രാപോഡും കടന്ന് തിരമാല റോഡിൽ പതിക്കുന്നുണ്ട്.

വലിയഴീക്കൽ ഭാഗത്ത് വലിയ നാശമാണ് ഉണ്ടായിരിക്കുന്നത് ഇവിടെ തീരദേശ റോഡ് ഏതുനിമിഷവും കടലെടുത്ത് പോകാവുന്ന അവസ്ഥയിലാണ്. ആറാട്ടുപുഴ ബസ്സ്റ്റാൻഡ് ഭാഗത്ത് മുപ്പതോളം കടകൾ തകർച്ചഭീഷണിയിലാണ്. യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധ നടപടികൾ ഉണ്ടായില്ലെങ്കിൽ തീരദേശമേഖലയിൽ കനത്ത നാശമാണ് ഉണ്ടാകുക.

News Summary - Fear grows in the huge wave

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.