ആറാട്ടുപുഴ: കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയാനെന്ന പേരിൽ തോട്ടപ്പള്ളിയിൽ നടക്കുന്ന ആഴം കൂട്ടലിന്റെ മറവിലെ കരിമണൽ ഖനനം മാസപ്പടി വിവാദത്തിൽ വീണ്ടും ചൂടുപിടിക്കുന്നു. കെട്ടടങ്ങിയ കരിമണൽ ഖനനത്തിനെതിരായ പ്രക്ഷോഭങ്ങൾക്ക് ജില്ലയിൽ വീണ്ടും കളമൊരുങ്ങുകയാണ്.
സ്വകാര്യ കരിമണൽ കമ്പനിയിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ എക്സാലോജിക് കമ്പനി ലക്ഷങ്ങൾ മാസപ്പടി കൈപ്പറ്റിയെന്ന ആദായനികുതി തർക്ക പരിഹാര ബോർഡിന്റെ കണ്ടെത്തലാണ് കരിമണൽ വിഷയം വീണ്ടും ചർച്ചയാകാൻ കാരണം. ശശിധരൻ കർത്തയുടെ കരിമണൽ കമ്പനിയായ സി.എം.ആര്.എല്ലില്‍നിന്ന് പിടിച്ചെടുത്ത ഡയറിയിൽ വിവിധ രാഷ്ട്രീയ നേതാക്കളുടെ പേര് ഉൾപ്പെട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തൽ ഭരണ-പ്രതിപക്ഷ കക്ഷികളെ ഒരുപോലെ പ്രതിക്കൂട്ടിലാക്കുന്നു.
തോട്ടപ്പള്ളി പൊഴിയിലെ മണ്ണുവാരൽ സ്വകാര്യ കരിമണൽ മുതലാളിമാരെ സഹായിക്കാനാണെന്ന് പരിസ്ഥിതി പ്രവർത്തകരും വിവിധ രാഷ്ട്രീയ പാർട്ടികളും തുടക്കം മുതൽ ആരോപണം ഉന്നയിച്ചിരുന്നു. ആഴം കൂട്ടൽ പ്രഹസനമാകുകയും പൊഴിയിൽനിന്ന് മണ്ണെടുക്കുന്നതിൽ പ്രവർത്തനം ഒതുങ്ങുകയും ചെയ്തതോടെ ജനങ്ങളുടെ സംശയം ബലപ്പെട്ടു. കുട്ടനാട്ടിൽ പ്രളയം ഉണ്ടാകാൻ കാരണം തോട്ടപ്പള്ളിയിൽ നീരൊഴുക്ക് കൂടാത്തതിനാലാണെന്ന പ്രചാരണം ശക്തമാക്കി ആരോപണത്തിന് തടയിടുകയാണ് ഭരണകൂടം ചെയ്തത്. തോട്ടപ്പള്ളി തീരത്ത് കരിമണൽ ഖനന വിരുദ്ധ സമരസമിതി നേതൃത്വത്തിൽ തുടരുന്ന സമരം ഒരു വർഷത്തിലേറെ പിന്നിട്ടു കഴിഞ്ഞു.
ധീവരസഭയടക്കമുള്ളവർ ശക്തമായ പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ്. ശനിയാഴ്ച വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ കരിമണൽ ഖനന അഴിമതിയിലെ ഉന്നത ബന്ധങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടറേറ്റ് മാർച്ച് നടത്തി. തോട്ടപ്പള്ളി കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതിയുടെ നേതൃത്വത്തിൽ കരിമണൽ ഖനന അഴിമതി സി.ബി.ഐ അന്വേഷിക്കാൻ ആവശ്യപ്പെട്ട് ചൊവ്വാഴ്ച സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. രാഷ്ട്രീയ പാർട്ടികൾ നിലവിലെ സാഹചര്യം ഗൗരവത്തോടെയാണ് കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.