ആറാട്ടുപുഴ: കായലിൽ അനാഥമായി ഒഴുകിനടന്ന വള്ളം ഒരു ദുരന്തത്തിന്റെ അടയാളമാണെന്ന് ആളുകൾ കരുതിയിരുന്നില്ല. വള്ളത്തിൽ മത്സ്യബന്ധനത്തിനുപോയ ഹസൈനെ കായലിൽ തിരയുമ്പോഴും ആപത്തൊന്നും ഉണ്ടായിക്കാണില്ല എന്ന പ്രതീക്ഷയിലായിരുന്നു ആറാട്ടുപുഴ ഗ്രാമം.
ചൊവ്വാഴ്ച അർധരാത്രിക്ക് ശേഷമാണ് കായംകുളം കായലിൽ തന്റെ കൊച്ചുവള്ളത്തിൽ ഹസൈൻ മത്സ്യബന്ധനത്തിനുപോയത്. രാത്രി മുഴുവൻ കായലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടശേഷം രാവിലെ ഏഴ് മണിയോടെയാണ് തിരികെ വീട്ടിലെത്തുന്നത്. കിട്ടുന്ന മീൻ വീടുകളിൽ കൊണ്ടുനടന്ന് വിറ്റ് അന്നത്തിനുള്ള വക കണ്ടെത്തും. അതുകൊണ്ടുതന്നെ ഹസൈൻ പ്രദേശവാസികൾക്കെല്ലാം സുപരിചിതനാണ്. പതിവിന് വിപരീതമായി വള്ളം കായലിൽ അനാഥമായി ഒഴുകിനടക്കുന്ന കാഴ്ച പുലർച്ചയാണ് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെടുന്നത്. വള്ളം കെട്ടഴിഞ്ഞുപോയതാണെന്ന് വിശ്വാസത്തിൽ വീട്ടുകാരെ വിളിച്ച് അന്വേഷിച്ചപ്പോൾ ഹസൈൻ വീട്ടിലെത്തിയില്ലെന്ന മറുപടി ലഭിച്ചു. ഇതോടെ നെഞ്ചിടിപ്പേറി. പൊലീസിലും ഫയർഫോഴ്സിലും വിവരമറിയിച്ചു. സംഭവമറിഞ്ഞ് എം.ഇ.എസ് ജങ്ഷന് കിഴക്ക് കായൽ തീരത്തേക്ക് ജനപ്രവാഹമായിരുന്നു.
കായലിൽ ഹസൈനോടൊപ്പം മത്സ്യബന്ധനത്തിലും കക്കാവാരലിലും ഏർപ്പെടാറുള്ള വള്ളക്കാർ എല്ലാം പണിക്കുപോകാതെ തിരച്ചിലിനിറങ്ങി. കായലിൽ നങ്കൂരമിട്ട മത്സ്യബന്ധന വള്ളങ്ങളും ഫയർഫോഴ്സ് സംഘത്തെ സഹായിക്കാൻ ഒപ്പംകൂടി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ പതിയാങ്കരയിലെ കക്കാവാരൽ തൊഴിലാളികളായ സക്കീറും മാഹിനും ചേർന്നാണ് ഹസൈന്റെ മൃതദേഹം കണ്ടെത്തുന്നത്.
പ്രാർഥനയോടെ കായൽക്കരയിൽ കാത്തിരുന്ന നൂറുകണക്കിന് നാട്ടുകാർക്ക് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല. ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയെയാണ് നഷ്ടപ്പെട്ടത്. വൻ ജനാവലിയാണ് മൃതദേഹം അവസാനമായി ഒരുനോക്കു കാണാനും പ്രാർഥനക്കുമായി വീട്ടിലും പള്ളിയിലും തടിച്ചുകൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.