ആറാട്ടുപുഴ: കനത്ത മഴക്കൊപ്പം കടലാക്രമണവും ശക്തമായതോടെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ തീരവാസികൾ കടുത്ത ദുരിതത്തിലായി. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് കടലാക്രമണം ശക്തമായത്. എ.സി. പള്ളി മുതൽ വടക്കോട്ട് മംഗലം വരെയുള്ള ഭാഗത്തും തൃക്കുന്നപ്പുഴ പഞ്ചായത്ത് 13-ാം വാർഡിൽ പെടുന്ന ചേലക്കാട് മുതൽ പാനൂർ പള്ളിമുക്ക് വരെയും പുത്തൻപുര ജങ്ഷന് പടിഞ്ഞാറ് പല്ലന ഹൈസ്കൂൾ ജങ്ഷന് പടിഞ്ഞാറ് മുതുക്കൽ മുതൽ മൂത്തേരി വരെയുള്ള ഭാഗത്തുമാണ് കടലാക്രമണം കൊടിയ നാശം വിതച്ചത്.
ആറാട്ടുപുഴ എ. സി. പള്ളി, എം. ഇ.എസ്. ജങ്ഷൻ മുതൽ കാർത്തിക ജങ്ഷൻ വരെയുള്ള ഭാഗത്ത് വലിയഴിക്കൽ തൃക്കുന്നപ്പുഴ തീരദേശ റോഡ് മണ്ണിനടിയിലായി. ഇവിടെ റോഡ് കവിഞ്ഞ് കടൽവെള്ളം കിഴക്കോട്ടൊഴുകി. നിരവധി വീടുകളുടെ പരിസരം വെള്ളത്തിൽ മുങ്ങി. പാനൂർ ഭാഗത്ത് വീടുകളുടെ ചുമരിലാണ് തിരമാല പതിക്കുന്നത്. വലിയഴീക്കൽ അഴീക്കോടൻ നഗർ ഭാഗത്തും കടലാക്രമണം രൂക്ഷമാണ്. എം.ഇ.എസ്. ജങ്ഷൻ ഭാഗത്ത് അപകടാവസ്ഥയേറി.
കടലിനും റോഡിനും ഇടയിലുള്ള തീരം പൂർണമായും കടലെടുത്തു. റോഡിൻ്റെ അരിക് കടലെടുത്തുകൊണ്ടിരിക്കുന്നു. ഈ ഭാഗത്ത് വലിയഴിക്കൽ -തൃക്കുന്നപ്പുഴ റോഡ് ഏത് നിമിഷവും മുറിയും.
ജിയോ സ്ഥാപിക്കുന്ന പണികൾക്ക് ഇന്ന് തുടക്കമാകും
ആറാട്ടുപുഴ: കടലാക്രമണ ദുരിതത്തിന്റെ താൽക്കാലിക പരിഹാരം കാണാൻ ജിയോ ബാഗിൽ മണൽ നിറച്ച് സ്ഥാപിക്കുന്ന പണികൾക്ക് ഇന്ന് തുടക്കമാകും. എം.ഇ.എസ്. ജങ്ഷൻ മുതൽ പടിഞ്ഞാറേ ജുമാ മസ്ജജി ജിദിന് വടക്ക് ഭാഗം വരെ 250 മീറ്റർ നീളത്തിലാണ് ജിയോ ബാഗ് അടുക്കി താൽക്കാലിക ഭിത്തി നിർമിക്കുന്നത്. തൃക്കുന്നപ്പുഴ ഗസ്റ്റ് ഹൗസ് ജങ്ഷൻ ഭാഗത്ത് ജിയോ ബാഗ് സ്ഥാപിക്കുന്ന പണി ആരംഭിച്ചെങ്കിലും തുടക്കത്തിൽ തന്നെ നിലച്ചു. ബാഗിന് ഗുണനിലവാരം ഇല്ലാത്തതാണ് പണി തടസ്സപ്പെടാൻ കാരണം.
(ചിത്രം) ക്യാപ്ഷൻ: കടലാക്രമണത്തിൽ തീരദേശ റോഡിൽ കെട്ടി നിർക്കുന്ന വെള്ളം ഒഴുക്കിവിടുന്ന നാട്ടുകാർ - ആറാട്ടുപു പടിഞ്ഞാറേ ജുമാ മസ്ജിദിന് സമീപത്തെ ദൃശ്യം. 2. തൃക്കുന്നപ്പുഴ പാനൂർ ഭാഗത്ത് കടലാക്രമണ ഭീഷണി നേരിടുന്ന വീട് 3. ജിയോ ബാഗ് സ്ഥാപിക്കാനുള്ള സാധനസാമഗ്രികൾ . ഇറക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.