ആറാട്ടുപുഴ: പരീക്ഷ പേപ്പർ മൂല്യനിർണയം നടത്തിയ അധ്യാപകന്റെ അശ്രദ്ധമൂലം എസ്.എസ്.എൽ.സിക്ക് മാർക്ക് നഷ്ടപ്പെട്ട സംഭവത്തിൽ അധ്യാപകർക്കെതിരെ വകുപ്പുതല നടപടി എടുക്കണമെന്ന് ബാലാവകാശ കമീഷൻ.
നങ്ങ്യാർകുളങ്ങര ബഥനി ബാലികാമഠത്തിലെ വിദ്യാർഥിനി തൃക്കുന്നപ്പുഴ പള്ളിപ്പാട്ടുമുറി കൂട്ടുങ്കൽ വീട്ടിൽ സാബു-രജി ദമ്പതികളുടെ മകൾ അനയ ആർ. സാബുവിന് ഏഴ് മാർക്ക് നഷ്ടപ്പെട്ട സംഭവത്തിലാണ് കമീഷന്റെ ഉത്തരവ്. സമയബന്ധിതമായി മാർക്ക് തിരികെ നൽകാൻ ബന്ധപ്പെട്ടവർ ഗൗരവം കാണിച്ചില്ല. തുടർന്നാണ് മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ബാലവകാശ കമീഷൻ തുടങ്ങിയവരെ സമീപിച്ചത്.
പൊതുവിദ്യാഭ്യാസ ഡയറക്ടർ, പരീക്ഷ ഭവൻ സെക്രട്ടറി, സ്കൂൾ ഹെഡ്മാസ്റ്റർ എന്നിവരെ എതിർകക്ഷികളാക്കിയാണ് അയന ബലാവകാശ കമീഷനെ സമീപിച്ചത്. പരീക്ഷ ഭവൻ സെക്രട്ടറിക്ക് ജൂൺ ആറിന് പരാതി നൽകിയെങ്കിലും കമീഷന് പരാതി നൽകുന്ന 20-ാം തീയതി വരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും തന്റെ അവസരങ്ങൾ നഷ്ടപ്പെടാനും പഠനത്തെ പ്രതികൂലമായി ബാധിക്കാനും കാരണമാകുന്നതിനാൽ സത്വര നടപടിയുണ്ടാകണമെന്നാണ് ഹരജിയിൽ ആവശ്യപ്പെട്ടത്.
ഹരജി പരിഗണിച്ച കമീഷൻ എതിർകക്ഷികൾക്ക് നോട്ടീസ് അയക്കുകയും ഓൺലൈനായി ഹിയറിങ് നടത്തുകയും ചെയ്തു. പരീക്ഷ പേപ്പർ പരിശോധിച്ച അധ്യാപകർക്ക് ഗുരുതരമായ ജാഗ്രതക്കുറവ് സംഭവിച്ചതായി കമീഷൻ നിരീക്ഷിച്ചു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് ഒരുമാസത്തിനകം ലഭ്യമാക്കണമെന്നും കമീഷൻ അംഗം ടി.സി. ജലജമോളുടെ ഉത്തരവിൽ പറയുന്നു.
അനയക്ക് ഒമ്പത് എ പ്ലസും ഒരു ബി പ്ലസുമാണ് ലഭിച്ചത്. സോഷ്യൽ സയൻസിനാണ് ബി പ്ലസ് ഗ്രേഡ് ലഭിച്ചത്. പുനർമൂല്യയനിർണയം നടത്തിയപ്പോൾ മാർക്കിൽ മാറ്റമില്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് ഉത്തരപേപ്പറിന്റെ പകർപ്പെടുത്തപ്പോഴാണ് മൂല്യനിർണയത്തിലെ പിഴവ് കണ്ടെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.