ആറാട്ടുപുഴ: കാർത്തികപ്പള്ളി, ചിങ്ങോലി കരുവാറ്റ, ഹരിപ്പാട്, കുമാരപുരം ഗ്രാമങ്ങൾക്ക് ജലഗതാഗതത്തിെൻറ പ്രയോജനവും തെളിനീരും മനോഹരകാഴ്ചകളും സമ്മാനിച്ച കാർത്തികപ്പള്ളി തോടിന് ഗ്രാമഭംഗിയിൽ നിർണായകസ്ഥാനമുണ്ട്. ഗ്രാമങ്ങളുടെ ഹൃദയഭാഗങ്ങളിലൂടെ കടന്നുപോകുന്ന തോടിന് ചരിത്രപ്രാധാന്യം ഏറെയാണ്. അനന്തപുരം കൊട്ടാരവും കാർത്തികപ്പള്ളി കൊട്ടാരവും ഈ തോടിന് സമീപമാണ്. കരുവാറ്റ കൊപ്പാറക്കടവിൽനിന്ന് ആരംഭിച്ച് കുമാരപുരം, ചിങ്ങോലി, കാർത്തികപ്പള്ളി പഞ്ചായത്തുകളിലൂടെ ഒഴുകി കായംകുളം കായലിൽ പതിക്കുന്ന 12 കിലോമീറ്റർ ദൈർഘ്യമുള്ള, ചരിത്രത്തിൽ രേഖപ്പെടുത്തിയ കാർത്തികപ്പള്ളി തോടിനെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത് ജനങ്ങൾക്ക് സന്തോഷം നൽകുന്നു.
മയൂരസന്ദേശത്തിൽ പരാമർശിക്കുന്ന കരുവാറ്റ-കോപ്പാറക്കടവ് -കാർത്തികപ്പള്ളി തോട് പ്രകൃതിദത്തമാണ്. പഴമയും ചരിത്രവും സന്ധിക്കുന്ന ഈ തോടിന്റെ ഇരുവശത്തുമുള്ള മനോഹരകാഴ്ചകൾ കണ്ട് അനന്തപുരിയിലേക്ക് പറക്കാനാണ് മയൂരസന്ദേശകാവ്യത്തിൽ കവി കേരളവർമ വലിയ കോയിത്തമ്പുരാൻ മയിലിനോട് പറയുന്നത്. ഈ നീരൊഴുക്ക് തോട്ടിൽ മുമ്പ് ധാരാളം പൂമീനുകൾ ലഭിച്ചിരുന്നു. അതിനാൽ 'പൂമീൻ തോട്'എന്നും അറിയപ്പെട്ടു. പ്രധാന വാണിജ്യകേന്ദ്രമായിരുന്ന കാർത്തികപ്പള്ളിയിലേക്ക് ആലപ്പുഴ, ചങ്ങനാശ്ശേരി കമ്പോളങ്ങളിൽനിന്ന് ചരക്ക് എത്തിക്കാനുള്ള പ്രധാന ജലഗതാഗത മാർഗമാണ് കാർത്തികപ്പള്ളി തോട്. ഈ തോട് പണ്ട് പന്നേപ്പള്ളി ത്തോട് എന്നും അറിയപ്പെട്ടിരുന്നു.
ചരിത്രത്തിന്റെ താളുകളിൽ കാർത്തികപ്പള്ളിക്ക് മനോഹാരിത സമ്മാനിച്ച തോടിനെ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്. ഇത് മാനിച്ചാണ് ഭരണകൂടം തോടിെൻറ സൗന്ദര്യവത്കരണത്തിനും ആഴം കൂട്ടുന്നതിനും ശ്രമം നടത്തുന്നത്. ഗ്രാമഭംഗിയുടെ അടയാളമായി കാർത്തികപ്പള്ളി തോട്ടിലൂടെ ഇനിയും തെളിനീർ ഒഴുകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.