ആറാട്ടുപുഴ: കാർത്തികപ്പള്ളി മാർക്കറ്റിന്റെ ഹൃദയഭാഗത്ത് മുഖംമിനുക്കി നിലകൊള്ളുന്ന കിണർ ഒരുകാലഘട്ടത്തിന്റെ ചരിത്രംകൂടിയാണ് അടയാളപ്പെടുത്തുന്നത്. ചരിത്രപ്രാധാന്യം ഏറെയുള്ള കാർത്തികപ്പള്ളിയുടെ പൈതൃകശേഷിപ്പുകളിൽ ഒന്നാണ് ഈ കിണർ. ചതുരത്തിലെ കരിങ്കൽപാളികൾ കൊണ്ടാണ് കിണറിന്റെ തൊടികൾ നിർമിച്ചിട്ടുള്ളത്. 15 അടിയോളം താഴ്ചയുണ്ട്. രാജഭരണകാലത്തെ പ്രധാന വാണിജ്യകേന്ദ്രങ്ങളിൽ ഒന്നായ കാർത്തികപ്പള്ളിയിൽ എത്തുന്ന നൂറുകണക്കിന് ജനങ്ങളുടെ ദാഹമകറ്റിയിരുന്ന കിണറിന് അന്ന് പ്രാധാന്യം ഏറെയായിരുന്നു.
കാർത്തികപ്പള്ളി കൊട്ടാരത്തിന്റെ സമീപത്തും മാർക്കറ്റിന്റെ കേന്ദ്രഭാഗത്തും കിണർ നിലകൊള്ളുന്നത് ഇതിന് തെളിവാണ്. പിൽക്കാലത്തും പ്രദേശവാസികൾക്ക് ആശ്വാസമായി കിണർ നിലകൊണ്ടു. മാർക്കറ്റ് ക്ഷയിക്കുകയും എല്ലാവർക്കും സ്വന്തമായി കുടിവെള്ള സംവിധാനം വന്നതോടെയും കിണർ അപ്രസക്തമായി. വർഷങ്ങളോളം നോക്കുകുത്തിയായി കിടന്ന കിണർ പിന്നീട് പുതുതലമുറക്ക് മാലിന്യസംഭരണകേന്ദ്രമായി മാറി. ചരിത്രത്തിന്റെ ശേഷിപ്പായി നിലകൊള്ളുന്ന കിണർ സംരക്ഷിക്കണമെന്ന ആവശ്യം പല കോണുകളിൽനിന്നും ഉയർന്നതോടെ ഗ്രാമപഞ്ചായത്ത് കണ്ണുതുറന്നു.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ് കിണർ നവീകരിക്കുന്നത്. കിണർ വൃത്തിയാക്കിയശേഷം പൗരാണികത നഷ്ടപ്പെടാതെ നാലുവശവും അരമതിൽ കെട്ടി കിണറിനുചുറ്റും തറയിട്ട് തൊട്ടി തൂക്കുന്നതിന് തൂണും സ്ഥാപിച്ചു. വെള്ളം കോരുന്നതിന് ഇരുമ്പുതൊട്ടിയുമുണ്ട്. ശുദ്ധമായ വെള്ളമാണ് ഇപ്പോഴും ലഭിക്കുന്നത്. ഇവിടെ കച്ചവട സ്ഥാപനങ്ങൾ നടത്തുന്നവർ കൈകാൽ കഴുകാനും ഈ വെള്ളം ഉപയോഗിക്കുന്നുണ്ട്. വെള്ളം മലിനമാക്കുന്ന പ്രവർത്തനങ്ങൾ സാമൂഹികവിരുദ്ധരുടെ ഭാഗത്തുനിന്ന് ഇടക്കിടെ ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
കുടിവെള്ളക്ഷാമം രൂക്ഷമായ ഈ കാലഘട്ടത്തിൽ ഉറവ വറ്റാതെ നിലകൊള്ളുന്ന ഈ കിണർ ഇന്നല്ലെങ്കിൽ നാളെ നാട്ടുകാർക്ക് പ്രയോജനപ്പെടുമെന്ന വിശ്വാസമുണ്ട്. മൂന്ന് റോഡ് സംഗമിക്കുന്ന സ്ഥലത്ത് നിൽക്കുന്ന കിണറിന് ഇപ്പോൾ മനോഹാരിത ഏറെയാണ്. ഗ്രാമത്തിന്റെ ഭംഗി കൂട്ടുന്നതോടൊപ്പം ചരിത്രം ഓർമപ്പെടുത്തുകകൂടി ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.