സുദേവന്‍റെ സംസ്​കാര ചടങ്ങ്​

മഞ്ജു നാട്ടിലേക്ക്​ മടങ്ങിയത്​ ദു:ഖഭാരം പേറി; സുദേവൻ്റെ സംസ്കാര ചടങ്ങിൽ കണ്ണീർ വാർത്ത് തീരഗ്രാമം

ആറാട്ടുപുഴ: മൂന്ന് കൊല്ലമായി കുവൈത്തിൽ ജോലി ചെയ്യുന്ന മഞ്ജുവിന്‍റെ നാട്ടിലേക്കുള്ള മടക്കം ദുഃഖഭാരവും പേറി. അഴീക്കലിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് മരിച്ച ഭർത്താവ് സുദേവനെ ( 51) അവസാനമായി ഒരു നോക്ക് കാണാനാണ് കടൽ കടന്ന് ശനിയാഴ്ച രാവിലെ ഏഴ് മണിക്ക് മഞ്ജു എത്തിയത്.

മഞ്ജുവിനെ കാത്ത് കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പത്തരയോടെയാണ് വീട്ടിലെത്തിച്ചത്. നാട്ടുകാരും പൊതുപ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ തറയിൽക്കടവിലെ പുത്തൻ കോട്ടയിൽ വീട്ടിലെത്തി സുദേവന് അന്ത്യോപചാരമർപ്പിച്ചു.

രണ്ട് കൊല്ലം മുമ്പ് അച്ഛൻ ഭാസി അത്യാസന്ന നിലയിൽ കിടന്നപ്പോഴാണ് മഞ്ജു 10 ദിവസത്തെ അവധിക്ക് നാട്ടിൽ വന്നത്. തിരികെ പോയി ഏതാനും ദിവസം കഴിഞ്ഞ് പിതാവ്​ മരിച്ചു. തന്നെ കുവൈറ്റിലേക്ക് യാത്രയാക്കിയ ഭർത്താവിന്‍റെ അന്ത്യയാത്രക്കാണ് അടുത്ത മടങ്ങി വരവെന്ന് മഞ്ജു കരുതിയില്ല.

ഭർത്താവിൻ്റെ ചേതനയറ്റ ശരീരത്തിൽ കെട്ടിപ്പിടിച്ച് കരഞ്ഞ അഞ്ജുവും പിതാവിന്‍റെ വിയോഗം സഹിക്കാനാകാതെ മക്കളായ സ്നേഹയുടേയും മേഘയുടേയും വിലാപവും കണ്ടു നിന്നവരുടെ കണ്ണ് നനച്ചു. ഇളയ മകൾ മേഘയാണ് അച്ഛന് അന്ത്യകർമങ്ങൾ ചെയ്തത്.

വ്യാഴാഴ്ച അഴീക്കൽ തീരത്ത് മത്സ്യബന്ധനത്തിനിടെ തിരയിൽപ്പെട്ടാണ് സുദേവനും തറയിൽക്കടവ് സ്വദേശികളും അയൽവാസികളുമായ തങ്കപ്പൻ(70), ശ്രീകുമാർ(52), സുനിൽദത്ത്(24) എന്നിവർ മരിച്ചത്. മറ്റു മൂന്നുപേരുടെയും മൃതദേഹം അന്ന് രാത്രി തന്നെ സംസ്‌കരിച്ചിരുന്നു. മഞ്ജു എത്തുന്നതിനായാണ് സുദേവന്‍റെ ശവസംസ്‌കാരം ശനിയാഴ്ചത്തേക്ക് മാറ്റിയത്.

Tags:    
News Summary - manju came from kuwait knowing husbands demise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.