ആലപ്പുഴ: ദേശീയപാത (എന്‍.എച്ച് -66) ആറുവരിയാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ നിര്‍മാണ പ്രവര്‍ത്തനം വേഗത്തിൽ. 31 വില്ലേജുകളിലായി 81 കിലോമീറ്റര്‍ ദൂരത്തിൽ മൂന്ന് റീച്ചുകളായാണ് നിര്‍മാണം. സ്ഥലം വിട്ടുനല്‍കിയവരുടെ നഷ്ടപരിഹാരത്തുകയുടെ വിതരണം അവസാനഘട്ടത്തിലാണ്. ജില്ലയില്‍ ഇതുവരെ നഷ്ടപരിഹാരമായി 2882.15 കോടിയാണ് നൽകിയത്. ആകെ അനുവദിച്ചത് 3180.53 കോടിയാണ്. 90.62 ശതമാനം പണവും വിതരണം ചെയ്തു. ചേര്‍ത്തലയില്‍ സെന്‍റിന് 4,48,451 രൂപയും ആലപ്പുഴയില്‍ 4,94,172 രൂപയും ഹരിപ്പാട് 5,40,539 രൂപയുമാണ് നഷ്ടപരിഹാരതുക നൽകിയത്.
സ്ഥലത്തിന് മാത്രമുള്ള വിലയാണിത്. സ്ഥലം ഏറ്റെടുക്കലിനുശേഷം വിവിധ പ്രദേശങ്ങളില്‍ ഭൂമി നിരപ്പാക്കല്‍, സ്ലാബ് നിര്‍മാണം, സര്‍വിസ് റോഡ് നിര്‍മാണം എന്നിവ ആരംഭിച്ചു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് 102.09 ഹെക്ടര്‍ ഭൂമിയാണ് ഇതുവരെ ഏറ്റെടുത്തത്. ജില്ലയിൽ ആകെ 106.14 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതില്‍ 93.55 ഹെക്ടര്‍ സ്വകാര്യ ഭൂമിയും 12.59 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയുമാണ്. ഇതിനോടകം 97ശതമാനം ഭൂമിയും ഏറ്റെടുത്തു. നഷ്ടപരിഹാര നിര്‍ണയം 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം ഭൂമിയിലും കെട്ടിടങ്ങളിലും ഉള്‍പ്പെടെയുള്ള എല്ലാ നിര്‍മിതികള്‍ക്കും കാര്‍ഷികവിളകള്‍ക്കും മരങ്ങള്‍ക്കും പ്രത്യേകമായി വിലനിര്‍ണയം നടത്തി സമാശ്വാസ പ്രതിഫലവും ചേര്‍ത്ത് ഇരട്ടിത്തുകയാണ് നഷ്ടപരിഹാരമായി നല്‍കുന്നത്.
ഇങ്ങനെ ഭൂമിക്ക് നിശ്ചയിച്ച വിലക്ക്, 3എ വിജ്ഞാപന തീയതി മുതല്‍ 3ജി (1) പ്രകാരം അവാര്‍ഡ് നിശ്ചയിക്കുന്ന തീയതിവരെയുള്ള ദിവസങ്ങള്‍ക്ക് 12 ശതമാനം അധികഭൂമി വിലയും നല്‍കും. കൂടാതെ മുനിസിപ്പല്‍ പരിധിയില്‍നിന്ന് 10 കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ക്ക് 1.2 ഗുണനഘടകവും 20 കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ക്ക് 1.4 ഗുണനഘടകവും ലഭിക്കും. ഭൂമിയുടെ അടിസ്ഥാനവിലയും ഗുണനഘടകവും ഉള്‍പ്പെടുന്ന തുകക്ക് 100 ശതമാനം സമാശ്വാസ പ്രതിഫലവും ലഭിക്കും. അധികഭൂമി വിലനല്‍കിയവക്ക് സമാശ്വാസ പ്രതിഫലമില്ല. ഭൂമിയിലെ കെട്ടിടങ്ങള്‍ക്കും മറ്റു നിര്‍മിതികള്‍ക്കും വില നിശ്ചയിക്കുന്നത് ദേശീയപാത അതോറിറ്റി നിയോഗിച്ച സ്ട്രക്ചര്‍ വാല്യൂ ഏജന്‍സിയാണ്. ഇവര്‍ നിര്‍ണയിച്ച വില സംസ്ഥാന പൊതുമരാമത്ത് വകുപ്പ് പരിശോധിച്ച് അംഗീകാരം നല്‍കുന്ന വിലയാണ്.
പൊളിച്ചത് 4505 കെട്ടിടങ്ങള്‍
തുറവൂര്‍ മുതല്‍ കായംകുളം കൊറ്റുകുളങ്ങര വരെയുള്ള ഭാഗങ്ങളിൽ ആകെ 4807 കെട്ടിടങ്ങളാണ് പൊളിക്കാനുള്ളത്. ഇതില്‍ 4505 കെട്ടിടങ്ങള്‍ പൊളിച്ചു. തുറവൂര്‍ മുതല്‍ പറവൂര്‍ വരെയുള്ള റീച്ചില്‍ 1444 കെട്ടിടങ്ങളിൽ 1341 എണ്ണവും പറവൂര്‍ മുതല്‍ കായംകുളം കൊറ്റുകുളങ്ങര വരെയുള്ള 2917 കെട്ടിടങ്ങളില്‍ 2731 എണ്ണവും പൊളിച്ചു. കൊറ്റുകുളങ്ങര മുതല്‍ ഓച്ചിറ വരെയുള്ള 446 കെട്ടിടങ്ങളില്‍ 433 എണ്ണവും പൊളിച്ചുനീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.