ആറാട്ടുപുഴ: വലിയഴീക്കൽ പാലത്തിൽ കഴിഞ്ഞദിവസം യുവാക്കൾ നടത്തിയ അപകടകരമായ ബൈക്ക് റേസിങ്ങിന്റെ ഞെട്ടലുണ്ടാക്കുന്ന കാഴ്ചകൾക്ക് പിന്നാലെ പാലത്തിൽ യുവാക്കൾ നടത്തുന്ന മറ്റൊരു സാഹസിക പ്രവൃത്തിയും കാഴ്ചക്കാരുടെ നെഞ്ചിടിപ്പ് കൂട്ടി. 110 മീറ്റർ നീളവും 12മീറ്റർ ഉയരവുമുള്ള പാലത്തിന്റെ ആർച്ച് സ്പാനിൽ ഒരുവശത്തുകൂടി കയറി മറുവശത്തിറങ്ങുന്ന സാഹസിക പ്രവൃത്തിയാണ് കാഴ്ചകാണാൻ എത്തുന്ന ചില യുവാക്കൾ നടത്തുന്നത്. വീതികുറഞ്ഞ ആർച്ച് സ്പാനിൽ കയറുന്ന യുവാക്കൾ ഏറ്റവും മുകളിൽ എത്തിയശേഷം അവിടെനിന്ന് സെൽഫിയെടുക്കുന്നതും മറ്റ് അഭ്യാസങ്ങൾ കാട്ടുന്നതും പതിവാണ്. ശ്രദ്ധ അൽപമൊന്ന് തെറ്റിയാൽ ദാരുണമായ അപകടമാകും സംഭവിക്കുക.
കണ്ടുനിൽക്കുന്നവർ വിലക്കിയാലും അതൊന്നും കൂസാതെയാണ് യുവാക്കൾ അപകടക്കളി നടത്തുന്നത്. പാലത്തിൽ നിരീക്ഷണ കാമറകളോ പൊലീസോ ഇല്ലാത്തതാണ് ഇത്തരം സംഭവങ്ങൾ വർധിക്കാൻ കാരണം. നൂറുകണക്കിന് പേരാണ് ഇവിടെ ദിനംപ്രതി സന്ദർശനത്തിനെത്തുന്നത്. അവധി ദിനങ്ങളിൽ തിരക്ക് കൂടും. പാലത്തിലെ അനധികൃത പാർക്കിങ്ങും വലിയ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. തൃക്കുന്നപ്പുഴ പൊലീസ് പരിധിയിലാണ് വലിയഴീക്കൽ പാലം. അവധി ദിവസങ്ങളിൽപോലും പൊലീസിന്റെ നിരീക്ഷണം ഉണ്ടാകാറില്ലെന്ന് നാട്ടുകാർ പറഞ്ഞു.
ഹാർബർ, ലൈറ്റ് ഹൗസ്, ബീച്ച്, പാലം ഇവിടെയെല്ലാം ജനത്തിരക്കാണ്. അത്യാഹിതങ്ങൾ സംഭവിച്ചാൽ 15 കിലോമീറ്റർ അകലെയുള്ള തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനാണ് ഏക ആശ്രയം. കടലിൽ അപകടങ്ങൾ അടിക്കടി ഉണ്ടാകുന്ന സാഹചര്യത്തിലും സഞ്ചാരികൾക്കുനേരേ സാമൂഹിക വിരുദ്ധരുടെ ശല്യം ഉണ്ടാകുന്നത് പരിഗണിച്ചും പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ഇനിയും നടപടി ആയിട്ടില്ല. കഴിഞ്ഞദിവസം വലിയഴീക്കൽ പാലത്തിൽ ബൈക്ക് റേസ് നടത്തി യുവാക്കളെ പൊലീസ് പിടികൂടുകയും ഡ്രൈവിങ് ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.