ആറാട്ടുപുഴ: നോമ്പുകാലത്തെ ഒരു പ്രധാന വിഭവമാണ് കഞ്ഞി. കുറഞ്ഞ അളവിലാണ് ഉപയോഗിക്കുന്നതെങ്കിലും നോമ്പ് കഞ്ഞി ഇല്ലെങ്കിൽ നോമ്പ് തുറക്ക് പൂർണതയില്ല. മിക്കവാറും എല്ലാ പള്ളികളിലും നോമ്പ് കഞ്ഞി പാചകം ചെയ്തു പ്രദേശവാസികൾക്ക് വിതരണം ചെയ്യാറുണ്ട്. വീട്ടുകാർ പാത്രവുമായി എത്തി ആവശ്യാനുസരണം കഞ്ഞി വാങ്ങിക്കൊണ്ടു പോവുകയാണ് പതിവ്. ആറാട്ടുപുഴ ജീലത്തുൽ മുഹമ്മദ് യാ സംഘത്തിന്റെ കീഴിലുള്ള വടക്കേ ജുമാമസ്ജിദിൽ 24 വർഷമായി നോമ്പ് കഞ്ഞി പാചകം ചെയ്യുന്നത് ആറാട്ടുപുഴ മുഖപ്പിൽ പടീറ്റതിൽ അമാനുള്ളയാണ് (55). കാൽ നൂറ്റാണ്ടിനിടയിൽ വെപ്പിനോ വിളമ്പിനോ ഒരു മാറ്റവും വന്നിട്ടില്ലെന്ന് അമാനുള്ള പറയുന്നു.
16 കിലോ അരിയുടെ കഞ്ഞിയാണ് ദിവസവും വെക്കുന്നത് 250 കുടുംബങ്ങൾക്ക് വിതരണം ചെയ്യും. പരേതനായ മുരിക്കിലാത്ത് അബ്ദുൽ കരീം ആയിരുന്നു ഈ പള്ളിയിലെ സ്ഥിരം കഞ്ഞിവെപ്പുകാരൻ. കൂലിപ്പണിക്കാരനായ അമാനുള്ളക്ക് നോമ്പുകാലത്ത് പണിയില്ലാതെ വന്നതോടെ ജമാഅത്ത് കമ്മിറ്റിയാണ് കഞ്ഞിവെപ്പിന് ചുമതലപ്പെടുത്തിയത്. കഴിഞ്ഞ രണ്ടുവർഷം മുമ്പ് വരെയും ഒറ്റക്ക് പാചകം നടത്തിയിരുന്നെങ്കിൽ രണ്ടുവർഷമായി കുമ്പളത്തേരിൽ അബ്ദുല്ലത്തീഫ് സഹായിയായി ഒപ്പമുണ്ട്.
ദിവസവും ഉള്ള കഞ്ഞി വിതരണത്തിനുശേഷം പാത്രം കഴുകി വൃത്തിയാക്കി പിറ്റേ ദിവസത്തെ പാചകത്തിനുള്ള വെള്ളം ചെമ്പിലാക്കി അടുപ്പിൽ കയറ്റി വെക്കും. പിറ്റേന്ന് 12 മണിക്കാണ് ജോലി ആരംഭിക്കുക. മൂന്നരയോടെ കഞ്ഞി തയാറാകും. അസർ നമസ്കാരത്തിന് ശേഷമാണ് വിതരണം. നോമ്പ് കഞ്ഞിയുടെ തനതു രുചി കൈമോശം വരാതെ കാൽ നൂറ്റാണ്ട് കാലമായി നോമ്പ് കഞ്ഞി വെച്ചുവിളമ്പുന്ന അമാനുള്ളക്ക് ഈ ജോലി ഒരു പുണ്യകർമം കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.