വലിയഴീക്കലിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; വീർപ്പുമുട്ടി തീരദേശ റോഡ്

ആറാട്ടുപുഴ: വലിയഴീക്കൽ പാലം തുറന്നതോടെ തിരക്ക് താങ്ങാനാവാത്ത ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി തീരദേശ റോഡ്. വലിയഴീക്കലിലേക്ക് വരുന്ന സഞ്ചാരികളുടെ എണ്ണം ക്രമാതീതമായി.

തോട്ടപ്പള്ളി-തൃക്കുന്നപ്പുഴ തീരദേശ റോഡിൽ കഷ്ടിച്ച് രണ്ട് വാഹനം കടന്നുപോകാനുള്ള വീതിയാണുള്ളത്. വൈകുന്നേരമായാൽ വിവിധ സ്ഥലങ്ങളിൽനിന്ന് വലിയഴീക്കലിലേക്ക് വാഹനങ്ങളുടെ നീണ്ട നിരയാണ്.

പെരുമ്പള്ളി മുതൽ വലിയഴീക്കൽ വരെ രണ്ട് കി.മീറ്റർ ഭാഗത്താണ് ഗതാഗതക്കുരുക്ക് ഏറെ. ഇവിടെ മണിക്കൂറുകളോളം യാത്രക്കാർ കുരുക്കിൽപെടുന്നു. അവധി ദിവസങ്ങളിൽ കുരുക്കിൽപെട്ട് കിടക്കുന്ന വാഹനങ്ങളുടെ നീണ്ട നിര കാണാം. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് വലിയഴീക്കൽ മുതൽ വടക്കോട്ട് നാല് കിലോമീറ്ററോളമാണ് വാഹനങ്ങൾ കുടുങ്ങിയത്. ഉൾറോഡുകളിലേക്ക് വഴിതിരിച്ച് വിട്ടാണ് കുറെയെങ്കിലും പ്രശ്നം പരിഹരിച്ചത്.

വലിയഴീക്കലിലേക്ക് സഞ്ചാരികൾ അവധി ദിനങ്ങളിൽ ധാരാളമായി നേരത്തെയും എത്താറുണ്ടായിരുന്നു. പാലവും ലൈറ്റ് ഹൗസും യാഥാർഥ്യമായതോടെ കേട്ടറിഞ്ഞ് വിവിധ ജില്ലകളിൽനിന്നടക്കം നൂറുകണക്കിന് സന്ദർശകരാണ് ഇപ്പോഴെത്തുന്നത്.

തീരദേശപാതക്ക് വീതി കുറവാണ്. ഇതിനൊപ്പം വലിയഴീക്കൽ മുതൽ തറയിൽക്കടവുവരെ റോഡിന്റെ വശങ്ങളിൽ പലയിടത്തും കടലേറ്റത്തിൽ അടിച്ചുകയറ്റിയ മണലും കൂട്ടിവെച്ചിരിക്കുന്നു. റോഡിന്‍റെ പകുതിയിലേറെ ഭാഗത്തേക്ക് മണൽ കയറിക്കിടക്കുന്ന അവസ്ഥയുണ്ട്. ഇതും കുരുക്ക് രൂക്ഷമാകാൻ കാരണമാകുന്നു. പാലത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ പണികൾ നടന്ന വേളയിൽ മണൽ നീക്കാൻ കഴിയുമായിരുന്നെങ്കിലും അധികാരികൾ പ്രശ്നം ഗൗരവത്തിലെടുത്തില്ല. പാലത്തിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇരുകരയിൽനിന്നുമുള്ളവർ കൂട്ടത്തോടെ പാലത്തിലേക്ക് എത്തുന്നുണ്ട്. പാലത്തിൽ നിന്ന് കാഴ്ചകൾ കാണാൻ വാഹനങ്ങൾ നിർത്തിയിടുന്നതും തടസ്സമുണ്ടാക്കുന്നു. ഗതാഗതപ്രശ്നം തീരദേശവാസികളെയും ഗുരുതരമായി ബാധിക്കുന്നു.

കായലിനും കടലിനും ഇടക്കുള്ള ചെറിയ പ്രദേശമാണിവിടം. ഇവിടുത്തെ താമസക്കാർക്ക് പുറത്തേക്കു പോകണമെങ്കിൽ തീരദേശപാത മാത്രമാണ് ആശ്രയം. കഴിഞ്ഞ ദിവസം അഴീക്കൽ ഭാഗത്ത് ഒരുകുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ വള്ളത്തെ ആശ്രയിക്കേണ്ടി വന്നു. അത്യാവശ്യ സന്ദർഭങ്ങളിൽ പുറത്തേക്കു പോകാൻപോലും ഇവർ ബുദ്ധിമുട്ട് നേരിടുന്നു.

Tags:    
News Summary - Road block in bridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.