ആറാട്ടുപുഴ: കള്ളക്കടൽ പ്രതിഭാസം ഞായറാഴ്ചയും തീരദേശത്ത് ദുരിതം വിതച്ചു. നിരവധി വീടുകളിൽ വെള്ളം കയറി. ശക്തമായ കടലാക്രമണത്തിൽ തീരദേശ റോഡ് മണ്ണിനടിയിലായി. ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ആറാട്ടുപുഴ പഞ്ചായത്തിന്റെ വടക്കൻ മേഖലകളിലാണ് കടലാക്രമണം ഏറെ ദുരിതം വിതച്ചത്. ഞായറാഴ്ച രാവിലെ തന്നെ കടൽ പ്രക്ഷുബ്ധമായി. തുടരെ വലിയ തിരമാലകൾ ഇല്ലാതിരുന്നത് ദുരിതത്തിന്റെ തീവ്രത കുറച്ചു. എന്നാൽ, ഇടക്കിടെ അടിച്ച് കയറിയ ഭീകര തിരമാലകൾ വലിയ കെടുതികളാണ് വരുത്തിവെച്ചത്.
ആറാട്ടുപുഴ എം.ഇ.എസ്. ജങ്ഷൻ, തൃക്കുന്നപ്പുഴ ഗസ്റ്റ് ഹൗസ് ജങ്ഷൻ എന്നിവിടങ്ങളിൽ തോട്ടപ്പള്ളി വലിയഴിക്കൽ തീരദേശ റോഡ് അപകട ഭീഷണി നേരിടുന്നു. ഇവിടെ കടലും റോഡും തമ്മിൽ ചുവടുകളുടെ അകലം മാത്രമാണുള്ളത്. ഏതുനിമിഷവും റോഡ് കടലെടത്തു പോകാവുന്ന സ്ഥിതിയിലാണ്.
ആറാട്ടുപുഴ ബസ്റ്റാൻഡ് ലക്ഷം വീട് ഭാഗം, എ.സി പള്ളി മുതൽ വടക്കോട്ട് എം.ഇ.എസ് ജങ്ഷൻ വരെയും കാർത്തിക ജങ്ഷൻ, പത്തിശ്ശേരിൽ ജങ്ഷന് വടക്ക് ഭാഗത്തും തൃക്കുന്നപ്പുഴ പഞ്ചായത്തിൽ മൂത്തേരിൽ ജങ്ഷൻ മുതൽ മതുക്കൽ ജങ്ഷൻ വരെയുള്ള ഭാഗത്തും കടലാക്രമണം കൂടുതൽ ദുരിതം വിതച്ചു. ഇവിടെ കടൽ ഭിത്തി ദുർബലമാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ച കടൽഭിത്തി പൂർണമായും ഭാഗികമായും മണ്ണിനടിയിൽ ആണ്. ഇവിടങ്ങളിൽ തീരദേശ റോഡ് മണ്ണ് വീണു മൂടിയിട്ടുണ്ട്. തൃക്കുന്നപ്പുഴ ഗസ്റ്റ് ഹൗസ് ജങ്ഷൻ ഭാഗത്താണ് റോഡിലേക്ക് ഏറെ മണ്ണടിച്ച് കയറിയത്. ഇത് ഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചു. നിരവധി വണ്ടികൾ മണ്ണിൽ താഴ്ന്നു. പല ബസ് സർവിസുകളും പ്രശ്നമുള്ള സ്ഥലത്ത് വെച്ച് സർവിസ് അവസാനിപ്പിച്ചത് യാത്രക്കാരെ വലച്ചു.
പ്രദേശത്ത് ഇന്നലെ നിരവധി കല്യാണങ്ങൾ ഉണ്ടായിരുന്നു. വിവിധ വാഹനങ്ങളിൽ കല്യാണത്തിന് എത്തിയവർ റോഡിൽ കുടുങ്ങി. ആറാട്ടുപുഴയിലേക്ക് എത്തേണ്ട കല്യാണ വണ്ടികൾ ഗതാഗതം മുടങ്ങിയതോടെ കിലോമീറ്റർ ഓടി കായംകുളം കൊച്ചീടെ ജെട്ടി വഴിയാണ് ആറാട്ടുപുഴയിൽ എത്തിയത്. ഗസ്റ്റ് ഹൗസ് ജങ്ഷനിൽ പൊതുമരാമത്ത് വകുപ്പ് അധികൃതർ വൈകുന്നേരത്തോടെ റോഡിലെ മണ്ണ് നീക്കി ഗതാഗതം പുനസ്ഥാപിക്കുന്നതിനായി മണ്ണുമാന്തി യന്ത്രവുമായി എത്തിയെങ്കിലും പ്രദേശവാസികളുടെ പ്രതിഷേധം മൂലം നടന്നില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ കടലാക്രമണത്തെ പ്രതിരോധിക്കാൻ താൽക്കാലിക നടപടി കൈക്കൊള്ളുമെന്ന അധികൃതരുടെ ഉറപ്പു പാലിക്കാതെ മണ്ണ് നീക്കാൻ അനുവദിക്കില്ലെന്ന് ആയിരുന്നു നാട്ടുകാരുടെ പ്രതികരണം.
കടൽഭിത്തി ദുർബല പ്രദേശങ്ങളിലാണ് ദുരിതങ്ങൾ ഏറെയും അനുഭവപ്പെടുന്നത്. എം.ഇ.എസ് ജങ്ഷനിലുള്ള പുരാതനമായ പടിഞ്ഞാറെ ജുമാമസ്ജിദും അതിനോട് ചേർന്നുള്ള ഖബർസ്ഥാനും കടലാക്രമണ ഭീഷണി നേരിടുന്നു. കൂടുതൽ അപകടാവസ്ഥയുള്ള സ്ഥലങ്ങളിൽ തീരം സംരക്ഷിക്കാൻ യുദ്ധകാല അടിസ്ഥാനത്തിൽ നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ആലപ്പുഴ: കള്ളക്കടൽ ഭീതിപരത്തി പലയിടങ്ങളും തീരം കവർന്നു. ശനിയാഴ്ച വൈകീട്ടോടെ അമ്പലപ്പുഴ, പുറക്കാട്, തോട്ടപ്പള്ളി തീരങ്ങളിൽ കടൽ ഇരച്ചുകയറിയെങ്കിലും ഞായറാഴ്ച രാവിലെ മുതൽ ശാന്തമായിരുന്ന കടൽ വൈകീട്ടോടെ കലിതുള്ളി കരകയറുകയായിരുന്നു. തോട്ടപ്പള്ളി മുതൽ ആലപ്പുഴവരെ കടൽക്ഷോഭം ശക്തമായതോടെ തീരവാസികൾ ആശങ്കയിലായി. വളഞ്ഞവഴിയിൽ കടൽഭിത്തിയില്ലാത്ത പ്രദേശത്തെ നിരവധി വീടുകൾ തകർച്ചാഭീഷണിയുടെ തീരത്തായി. തീരസംരക്ഷണത്തിനായി നിരത്തിയ ടെട്രാപോഡുകളും കടൽഭിത്തിയും കവിഞ്ഞ് തിരമാലകൾ കരയിലേക്ക് ആഞ്ഞടിച്ചു. കള്ളക്കടൽ സുരക്ഷയുടെ ഭാഗമായി തീരസന്ദർശനം കർശനമായി നിയന്ത്രിച്ചിരുന്നെങ്കിലും ഞായറാഴ്ച ഉച്ചയോടെ തീരം കവിഞ്ഞും സന്ദർശകരുടെ തിരക്കായിരുന്നു. ആലപ്പുഴ ബീച്ചിൽ വൻ ജനാവലിയാണ് എത്തിയിരുന്നത്.
ലൈഫ് ഗാർഡും പൊലീസും കർശന നിർദ്ദേശം നൽകിയെങ്കിലും വകവെക്കാതെ പലരും കടലിലിറങ്ങിയത് അപകടത്തിന് വഴിയൊരുക്കി. ലൈഫ് ഗാർഡിന്റെയും പൊലീസിന്റെയും കണ്ണുവെട്ടിച്ച് കടലിൽ ഇറങ്ങിയ യുവാവ് തിരമാലയിൽപ്പെട്ടത് മണിക്കൂറുകളോളം തീരത്തെ മുൾമുനയിലാക്കി. ഏറ്റുമാനൂർ സ്വദേശികളായ യുവാക്കൾ ആദ്യം കടൽപ്പാലത്തിന് സമീപം കടലിൽ ഇറങ്ങാൻ ശ്രമിച്ചെങ്കിലും പൊലീസും ലൈഫ് ഗാർഡും ചേർന്ന് പിന്തിരിപ്പിച്ചെങ്കിലും സംഘം പാർക്കിന് പിന്നിൽ കടലിൽ ഇറങ്ങുകയായിരുന്നു. ഇതിൽ ഒരാളെ തിരമാലവലിച്ചെടുക്കുകയായിരുന്നു. മറ്റുള്ളവർ കരയിലെത്തി ബഹളം വെച്ചതാടെ ലൈഫ്ഗാർഡ് വിനോദ് കടലിൽച്ചാടി യുവാവിനെ രക്ഷപെടുത്തി. ഇടക്കിടെ കടൽശാന്തമാകുമ്പോൾ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ നിയന്ത്രണങ്ങൾ പാലിക്കാതെ കടലിൽ ഇറങ്ങിയതോടെ തീരത്തുനിന്നും മുഴുവൻപേരെയും പൊലീസ് ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.