ആറാട്ടുപുഴ: സി.പി.എം ആറാട്ടുപുഴ തെക്ക് ലോക്കൽ സമ്മേളനം പൂർത്തിയാക്കാതെ പിരിഞ്ഞു. ഔദ്യോഗിക പാനലിനെതിരെ മത്സരിക്കാൻ അംഗങ്ങൾ രംഗത്ത് വന്നതിനെ തുടർന്നാണ് സമ്മേളനം പിരിഞ്ഞത്. പ്രതിനിധി സമ്മേളനത്തിൽ നിലവിലെ കമ്മിറ്റി അവതരിപ്പിച്ച പാനലിൽ 13 പേരാണ് ഉണ്ടായിരുന്നത്. പാനലിനെ എതിർത്ത് ആറുപേർ മത്സരരംഗത്ത് വരുകയും പ്രശ്നം സമവായത്തിലെത്താതിരിക്കുകയും ചെയ്തതോടെയാണ് സമ്മേളനം നിർത്തിവെച്ചത്. പാനലിലെ 13 പേരിൽ മൂന്ന് പേർ മാത്രമായിരുന്നു പുതുമുഖങ്ങൾ. ജി. യശോധരൻ, ജി. മഹരാജൻ എന്നിവരാണ് നിലവിലെ കമ്മിറ്റിയിൽനിന്ന് ഒഴിവായത്. ഇവർക്ക് പകരം ജെ. രഞ്ജിത്തിനെയും ബി. സലീമിനെയുമാണ് ഉൾപ്പെടുത്തിയത്.
മരണപ്പെട്ട വി. കാർത്തികേയന് പകരം ഡി.വൈ.എഫ്.ഐ കാർത്തികപ്പള്ളി ബ്ലോക്ക് സെക്രട്ടറി ബിനീഷ് ദേവിനെ ഉൾപ്പെടുത്തി. എന്നാൽ, പ്രവർത്തനങ്ങളിൽ നിർജീവമായിരുന്ന ലോക്കൽ കമ്മിറ്റി സെക്രട്ടറിയുൾപ്പെയുള്ള ആറുപേരെ മാറ്റണമെന്ന ആവശ്യമുയർന്നു. ബിനീഷ് ദേവിനെ ഉൾപ്പെടുത്തിയതിനെയും ചിലർ ചോദ്യം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗം എസ്. സന്ദീപ്, സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാരായ എ. വ്രിജേഷ് കുമാർ, എം.എ. അജിത്, എസ്. ഷൈൻ എന്നിവരെ പാനലിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുകയും പ്രതിനിധികൾ രണ്ടുചേരിയായി നിലയുറപ്പിക്കുകയും ചെയ്തു. തുടർന്നാണ് നേതൃത്വം ഇടപെട്ട് സമ്മേളനം നിർത്തിവെച്ചത്.
ജില്ല സെക്രേട്ടറിയറ്റ് അംഗം എം. സത്യപാലൻ, ജില്ല കമ്മിറ്റി അംഗങ്ങളായ എൻ. സജീവൻ, ബി. രാജേന്ദ്രൻ, കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി വി.കെ. സഹദേവൻ, അംഗങ്ങളായ ആർ. ഗോപി, ടി.എസ്. താഹ, ജി. ബിജുകുമാർ, എം. ആനന്ദൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സമ്മേളനം. തെരഞ്ഞെടുപ്പ് നിയന്ത്രിക്കാനെത്തിയവരിൽ പലരും പ്രതിനിധികളുടെ വികാരം ഉൾക്കൊണ്ടല്ല നിലപാടുകൾ സ്വീകരിച്ചതെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.