ആറാട്ടുപുഴ: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ വെളിച്ചമെത്തിയ കൊച്ചീടെ ജെട്ടി പാലം വിളക്ക് സ്ഥാപിച്ചതിലെ അഴിമതിമൂലം വീണ്ടും ഇരുട്ടിലേക്ക്. അഞ്ച് ലക്ഷം മുടക്കി മാസങ്ങൾക്കുമുമ്പ് സ്ഥാപിച്ച വിളക്കുകൾ ഒന്നൊന്നായി കണ്ണടക്കുമ്പോൾ അഴിമതി ആരോപണത്തിന് തെളിച്ചമേറുകയാണ്. ഗുണനിലവാരമില്ലാത്ത സാമഗ്രികളുപയോഗിച്ച് വിളക്ക് സ്ഥാപിക്കൽ പ്രഹസനമാക്കി പണം തട്ടാനുള്ള ശ്രമമാണെന്നാണ് നാട്ടുകാരുടെ ആരോപണം.
മലബാർ സിമൻറ്സാണ് അഞ്ചുലക്ഷം അനുവദിച്ചത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഏപ്രിൽ ആദ്യവാരമാണ് വിളക്കുകൾ സ്ഥാപിച്ചത്. രണ്ടാഴ്ചക്കുള്ളിൽ പകുതി വഴിവിളക്കുകൾ കണ്ണടച്ചു. ഇതോടെ പ്രതിഷേധം ശക്തമായി. അടിക്കടിയുണ്ടായ തകരാറാണ് ക്രമക്കേട് പുറത്തുവരാൻ ഇടയാക്കിയത്. വിവരാവകാശം വഴി ലഭിച്ച രേഖകളിൽ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവന്നത്. പാലത്തിെൻറ 60 വിളക്കുകാലിലും അപ്രോച്ച് റോഡിലെ 27പോസ്റ്റിലുമായി ഒമ്പത് വാട്ടിെൻറ മൂന്ന് ബൾബ് ഘടിപ്പിച്ച 87 വിളക്കാണ് സ്ഥാപിച്ചത്. വിളക്ക് കവചത്തിന് 500 രൂപയിൽ താഴെ മാത്രമേ പരമാവധി വിലയുള്ളൂവെങ്കിലും 997 രൂപയാണ് കരാറുകാരൻ വാങ്ങിയത്. ഇതിൽ സ്ഥാപിച്ച മൂന്ന് ബൾബിന് 180 രൂപ വിലവരും. മുമ്പുണ്ടായിരുന്ന വഴിവിളക്കിെൻറ വയറുകൾ മാറിയിട്ടില്ല. എന്നാൽ, കരാറുകാരൻ 90,000 രൂപയുടെ വയർ വാങ്ങിയതിെൻറ ബില്ല് മാറിയിട്ടുണ്ട്.
തീരെ ഗുണനിലവാരമില്ലാത്ത വിളക്കുകളാണ് സ്ഥാപിച്ചത്. അമ്പതിലേറെ ബൾബുകൾ ഇതിനകം കണ്ണടച്ചു. വിളക്കുകൾ പലതും ഒടിഞ്ഞുതൂങ്ങി. വിളക്കിന് പണം ചെലവഴിച്ച മലബാർ സിമൻറ്സിെൻറ പരസ്യബോർഡ് പോസ്റ്റിൽ സ്ഥാപിച്ചെങ്കിലും ഒരാഴ്ചക്കുള്ളിൽ എഴുത്തുകൾ മാഞ്ഞു. 20ബോർഡ് ഒരുമാസത്തിനിടെ ഇളകി കായലിൽ വീണു. അവശേഷിച്ചവ കരാറുകാരൻ കൊണ്ടുപോയി. ഗുരുതര ക്രമക്കേടുകൾ നടന്നിട്ടും പ്രതിപക്ഷത്തെ ഇടതുപക്ഷ അംഗങ്ങൾ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.