ആറാട്ടുപുഴ: അപകടക്കുഴികൾ നിറഞ്ഞ് ജീവന് ഭീഷണിയാകുകയാണ് ആറാട്ടുപുഴ-വലിയഴീക്കൽ റോഡ്. കാലാവധി കഴിഞ്ഞിട്ടും റോഡ് പുനർനിർമിക്കാനുള്ള നടപടി വൈകുകയാണ്. അപകടം ഒഴിവാക്കാൻ റോഡിൽ തൈകൾ നട്ട് മുന്നറിപ്പ് നൽകുകയാണ് നാട്ടുകാർ.
തൃക്കുന്നപ്പുഴ-വലിയഴീക്കൽ റോഡിൽ ആറാട്ടുപുഴ മുതൽ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പതിയാങ്കര ജങ്ഷന് തെക്ക് ഭാഗം വരെയുള്ള നാല് കിലോമീറ്റർ ദൂരമാണ് വർഷങ്ങളായി തകർച്ച നേരിടുന്നത്. കൊല്ലം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ച് വലിയഴീക്കൽ പാലം വരികയും പ്രദേശം പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായി മാറുകയും ചെയ്തതോടെ തീരദേശ റോഡിലെ തിരക്ക് പതിന്മടങ്ങ് വർധിച്ചിരിക്കുകയാണ്. 2016 ജനുവരിയിലാണ് അഞ്ചരക്കോടി ചെലവഴിച്ച് തീരദേശ റോഡ് അവസാനമായി പുനർനിർമിച്ചത്. തൃക്കുന്നപ്പുഴ മുതൽ ആറാട്ടുപുഴവരെ അഞ്ചര കിലോമീറ്റർ ദൂരത്തിലാണ് അന്ന് പുനർനിർമാണം നടന്നത്. അഞ്ച് വർഷത്തെ കാലാവധിയാണ് റോഡിന് പറഞ്ഞിരുന്നത്. 2020ൽ റോഡിന്റെ ഗാരന്റി കാലാവധി അവസാനിച്ചെങ്കിലും നിലവിലെ റോഡിന്റെ പ്രാധാന്യം കണക്കിലെടുത്ത് പോലും സമയബന്ധിതമായി പുനർനിർമാണത്തിന് പദ്ധതികൾ ഉണ്ടായിട്ടില്ല. എന്നാൽ, തൃക്കുന്നപ്പുഴ മുതൽ പതിയാങ്കരക്ക് തെക്ക് ഭാഗം വരെയുള്ള ഒന്നര കിലോമീറ്ററോളം ഭാഗം മാസങ്ങൾക്ക് മുമ്പ് പുനർനിർമിച്ചിരുന്നു. തകർച്ച കൂടുതൽ ഉണ്ടായ സ്ഥലങ്ങൾ അവഗണിച്ചതിനെക്കുറിച്ച് പൊതുമരാമത്ത് അധികൃതർ വ്യക്തമായ മറുപടി നൽകുന്നില്ല. വലിയ കുഴികളാണ് റോഡിൽ രൂപപ്പെട്ടിരിക്കുന്നത്. എം.ഇ.എസ് ജങ്ഷനിൽ രൂപപ്പെട്ട കുഴികളിൽ വീണ് നിരവധി പേർക്കാണ് പരിക്കേറ്റത്. ബസ്സ്റ്റാൻഡിന് തെക്ക് ഭാഗത്ത് കടൽ ആക്രമണത്തിൽ റോഡരിക് ഒലിച്ചുപോയി രൂപപ്പെട്ട കുഴികൾ വർഷങ്ങൾ കഴിഞ്ഞിട്ടും പരിഹാരമായില്ല. പലയിടത്തും റോഡിന് അടിയിൽനിന്ന് മണ്ണ് ഒലിച്ച് പോയിട്ടുണ്ട്.
റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് ഫണ്ട് അനുവദിച്ചതായി പ്രഖ്യാപനം ഉണ്ടായെങ്കിലും നടപടിയൊന്നും ആരംഭിച്ചിട്ടില്ല. നിർമാണം വൈകിയാൽ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടു പോകാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.