ആറാട്ടുപുഴ: തൃക്കുന്നപ്പുഴ മതുക്കൽ ഗെസ്റ്റ് ഹൗസ് ജങ്ഷൻ ഭാഗത്ത് തീരദേശ റോഡിൽ അടിഞ്ഞ മണൽ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ഏഴ് ദിവസത്തിനുള്ളിൽ ജിയോ ബാഗിൽ മണൽ നിറച്ച് താൽക്കാലിക പ്രതിരോധ സംവിധാനം ഒരുക്കുമെന്ന് കാർത്തികപ്പള്ളി തഹസിൽദാർ നൽകിയ ഉറപ്പിനെ തുടർന്നാണ് പ്രദേശവാസികൾ മണൽ നീക്കാൻ അനുവദിച്ചത്.
ബുധനാഴ്ച രാവിലെ 11ഓടെ റോഡിലെ മണൽ നീക്കി ഗതാഗതം പുനഃസ്ഥാപിക്കാൻ കാർത്തികപ്പള്ളി തഹസിൽദാർ ഡെപൂട്ടി തഹസിൽദാർ അജിത് ജോയി, ഉണ്ണികൃഷ്ണൻ മൂസത് എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യൂ അധികൃതരും പൊലീസ് സംഘവും എത്തിയിരുന്നു. മണ്ണുമാന്തി യന്ത്രം വന്നതോടെ നാട്ടുകാർ തടയുകയും സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. എന്നാൽ, മണൽ ചാക്കുകൾ നിരത്തുന്ന കാര്യത്തിൽ വ്യക്തമായ ഉറപ്പ് ലഭിച്ചിട്ട് മണൽ മാറ്റാൻ അനുവദിക്കുമെന്ന് നാട്ടുകാർ പറഞ്ഞു. ഇതോടെ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ തർക്കം ഉണ്ടായി. വൻ പൊലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. മണൽ ചാക്കുകൾ നിരത്താൻ ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ ഫണ്ടിൽനിന്ന് ആദ്യഘട്ടമായി നാല് ലക്ഷം രൂപ തൃക്കുന്നപ്പുഴ പഞ്ചായത്തിന് കൈമാറുമെന്നും തുടർന്ന് കൂടുതൽ പണം ആവശ്യമാകുന്ന മുറക്ക് ഫണ്ട് നൽകാനും തീരുമാനമായതായി തഹസിൽദാർ അറിയിച്ചു. ഒരാഴ്ചക്കുള്ളിൽ നിർമാണം പൂർത്തീകരിക്കുമെന്നും സമരക്കാർക്ക് തഹസിൽദാർ ഉറപ്പ് നൽകി. തുടർന്നാണ് സമരക്കാർ പിന്തിരിഞ്ഞത്. ഉച്ചക്ക് രണ്ടോടെ മൂത്തേരി മുതൽ ഗെസ്റ്റ് ഹൗസിനു സമീപം വരെ റോഡിൽ അടിഞ്ഞ മണൽ നീക്കം ചെയ്തു.
നാല് ദിവസമായി തോട്ടപ്പള്ളി-വലിയഴീക്കൽ റോഡിലെ ഗതാഗതം ഇതോടെ പൂർണമായും പുനഃസ്ഥാപിച്ചു. എന്നാൽ, തീരദേശവാസികളുടെ ഏക ആശ്രയമായ റോഡിൽ ദിവസങ്ങളോളം ഗതാഗതം മുടക്കുന്നതിനെതിരെ പ്രതിഷേധവും ഉയർന്നിട്ടുണ്ട്. ബദൽ മാർഗം പോലുമില്ലാത്ത സാഹചര്യത്തിൽ ഇത്തരം സമരങ്ങൾ ആവർത്തിക്കാതിരിക്കാൻ ഹൈകോടതിയെ സമീപിക്കുമെന്ന് വിവരാവകാശ പ്രവർത്തകൻ ഷാജി പതിയാങ്കര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.