ആറാട്ടുപുഴ: സുനാമി ദുരന്തത്തിെൻറ കെടുതികൾ ഏറ്റവും കൂടുതൽ നേരിട്ട തറയിൽ കടവ് നിവാസികളെ സങ്കടക്കടലിലാക്കി വീണ്ടും കടൽദുരന്തം. വറുതിക്ക് ആശ്വാസം തേടി കടലിൽ പോയ നാട്ടുകാർ ദുരന്തത്തിൽപെട്ട വാർത്ത ഞെട്ടലോടെയാണ് ആറാട്ടുപുഴ ഗ്രാമം കേട്ടത്. നൂറുകണക്കിനുപേർ തീരത്തുനിന്ന് മത്സ്യബന്ധനത്തിന് പോയതിനാൽ അപകടവാർത്ത കേട്ട് ആശങ്കയിലും സങ്കടത്തിലുമായ തീരത്ത് കൂട്ടനിലവിളികൾ ഉയർന്നു. തീരദേശത്തുകൂടി തലങ്ങും വിലങ്ങും ആംബുലൻസും പൊലീസ് വാഹനങ്ങളും ചീറിപ്പാഞ്ഞത് പരിഭ്രാന്തിയിലാഴ്ത്തി.
ആറാട്ടുപുഴ പഞ്ചായത്ത് എട്ടാംവാർഡിൽ തറയിൽ കടവ് 14ാം നമ്പർ ഭാഗത്തുനിന്നും വ്യാഴാഴ്ച പുലർച്ച നാലോടെ കടലിൽ പോയ തറയിൽകടവ് കാട്ടിൽ അരവിന്ദെൻറ 'ഓംകാരം' വീഞ്ച് വള്ളവും ഒപ്പമുള്ള കാരിയർ വള്ളവും അപകടത്തിൽപെട്ടതായ വിവരം രാവിലെ 11ഓടെയാണ് അറിയുന്നത്. വയോധികരടക്കം 16 പേരാണ് വള്ളത്തിലുണ്ടായിരുന്നത്. അധികവും അയൽവാസികളും ബന്ധുക്കളുമാണ്.
കായംകുളം ഹാർബറിന് സമീപം കൊല്ലം അരീക്കൽ കുരിശടിക്ക് പടിഞ്ഞാറ് തീരക്കടലിൽ മത്സ്യബന്ധനം നടത്തുമ്പോഴായിരുന്നു അപകടം. വല വലിച്ച് വള്ളത്തിലേക്ക് കയറ്റുന്നതിനിടയിൽ വലിയ തിരമാലയിൽ പെട്ട് മറിയുകയായിരുന്നു. തൊട്ടടുത്ത് മത്സ്യബന്ധനം നടത്തിയിരുന്ന യോഗീശ്വരൻ, മഹാലക്ഷ്മി, സൂര്യദേവൻ, ശ്രീകാശി, സൗഹൃദ തുടങ്ങിയ വള്ളങ്ങളാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് എത്തുന്നത്. തുടർന്ന് കോസ്റ്റൽ പൊലീസും നാട്ടുകാരും രക്ഷാദൗത്യത്തിൽ പങ്കുചേർന്നു. വള്ളത്തിനടിയിലും വലയിലും പെട്ടുപോയവരാണ് മരണത്തിന് കീഴടങ്ങിയത്.
ആറാട്ടുപുഴ തറയിൽ കടവ് സ്വദേശികളായ പുത്തൻകോട്ടയിൽ സുദേവൻ (55), കാനോലിൽ ശ്രീകുമാർ (50), പറത്തറയിൽ സുനിൽദത്ത് (24), നെടിയത്ത് തങ്കപ്പൻ (70) എന്നിവരുടെ മരണം ആറാട്ടുപുഴ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. പരിക്കേറ്റവരെ കായംകുളം, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രികളിലേക്കാണ് എത്തിച്ചത്. ചിലരെ കാണാനുണ്ടെന്ന അഭ്യൂഹം പരന്നതും തീരവാസികളെ പരിഭ്രാന്തിയിലാഴ്ത്തി. സംഭവമറിഞ്ഞ് നാട്ടുകാർ വലിയഴീക്കൽ തീരത്തേക്ക് പാഞ്ഞു. പരിക്കേറ്റ കാട്ടേക്കാട് അക്ഷയകുമാർ, തെക്കേപുറത്ത് ഉമേഷ്, കാട്ടിൽ സജീവൻ, പറത്തറയിൽ ബൈജു, തട്ടാനത്ത് രമണൻ എന്നിവരെ കായംകുളം താലൂക്ക് ആശുപത്രിയിലും സാരമായി പരിക്കേറ്റ തറയിൽകടവ് തെക്കേപ്പുറത്ത് സുമേഷിനെ ആലപ്പുഴ മെഡിക്കൽ കോളജിലും എത്തിച്ചു. തറയിൽ കടവ് ഒതളത്തും മൂട്ടിൽ റിങ്കു, കാട്ടിൽക്കടവ് അനീഷ്, കൂട്ടിെൻറ പടീറ്റതിൽ സോമൻ, വൈദ്യെൻറ പടീറ്റതിൽ റിജു കുമാർ, കുറുങ്ങാട്ട് ബിജു, തട്ടാനത്ത് ഷാൻ എന്നിവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സുനാമി ദുരന്തത്തിനുശേഷം 2010 ആഗസറ്റ് 15ന് വള്ളം മറിഞ്ഞ് ആറാട്ടുപുഴ നിവാസികളായ നാലുപേർ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.