ആറാട്ടുപുഴ: തീരദേശത്ത് മോഷണം പെരുകുന്നു. ആരാധനാലയങ്ങളുടെ നേർച്ച വഞ്ചികൾ മോഷ്ടിക്കുന്നത് പതിവായി. ഒരു കേസിലും പ്രതികളെ പൊലീസ് പിടികൂടിയിട്ടില്ല. കഴിഞ്ഞ ദിവസം പതിയാങ്കര ജങ്ഷനിൽ സ്ഥാപിച്ച പതിയാങ്കര പളളിയുടെ നേർച്ചവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തി.
പത്തുമാസം മുമ്പാണ് അവസാനമായി പള്ളിക്കമ്മിറ്റി വഞ്ചി തുറന്ന് പണം എടുത്തത്. വലിയ തുക വഞ്ചിയിൽ ഉണ്ടായിരുന്നതായി ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ഇതിനും ഏതാനും ദിവസങ്ങൾക്ക് മുമ്പ് ആറാട്ടുപുഴ കടപ്പുറം ജുമാ മസ്ജിദിെൻറ മതിൽക്കെട്ടിനോട് ചേർന്ന് റോഡരികിൽ സ്ഥാപിച്ച നേർച്ച വഞ്ചിയും കുത്തി തുറക്കാനുള്ള ശ്രമം നടത്തി. അവസാനത്തെ അറയുടെ പൂട്ട് പൊളിക്കാൻ പറ്റാതെ വന്നതോടെ ശ്രമം ഉപേക്ഷിച്ചു. കഴിഞ്ഞ മാർച്ചിൽ കള്ളിക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ കാണിക്ക മോഷണം പോയിരുന്നു. പണം എടുത്ത ശേഷം നല്ലാണിക്കൽ ഭാഗത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഈ സമയത്ത് തന്നെ രാമഞ്ചേരി 1286-ാം നമ്പർ എസ്.എൻ.ഡി.പി.ശാഖാ യോഗം ഗുരു മന്ദിരത്തിലെ കാണിക്കവഞ്ചി മോഷണം പോയിരുന്നു. തൊട്ടടുത്ത വീട്ടിലെ ചെമ്പ് പാത്രവും കള്ളന്മാർ കൊണ്ടുപോയി.
നല്ലാണിക്കൽ അഞ്ചു മനക്കൽ ദേവീക്ഷേത്രത്തിെൻറ ശ്രീകോവിൽ കുത്തിതുറന്ന് താലിയും മാലയും അപഹരിച്ച സംഭവവുമുണ്ടായി. ഏതാനും ആഴ്ചകൾ മുമ്പ് കാർത്തിക ജംഗ്ഷന് തെക്കുഭാഗത്തുള്ള നിസാറിെൻറ സി.എം. ചിക്കൻ സെന്ററിൽ മോഷ്ടാക്കൾ കയറി 2000 രൂപയും കടയിൽ ഉണ്ടായിരുന്ന നേർച്ച വഞ്ചിയും അപഹരിച്ചു. ഈ ഭാഗത്തുള്ള രണ്ടാശേരിൽ ഹുസൈന്റെ സൈക്കിളും കവർന്നു. കഴിഞ്ഞമാസം ആറാട്ടുപുഴ ഒറ്റപ്പനക്കൽ അബ്ദുൽ ഖാദർ കുഞ്ഞിെൻറ വീടിെൻറ മേൽക്കൂര പൊളിച്ച് അകത്തുകടന്ന കള്ളന്മാർ പണവും ഇലക്ട്രോണിക് സാധനങ്ങളും കവർന്നു. തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിൽ മോഷണം സംബന്ധിച്ച് പരാതി പെരുകുമ്പോഴും ഒരു കേസിൽ പോലും പ്രതികളെ പിടികൂടാൻ കഴിയാത്തത് ഗുരുതര വീഴ്ചയായി വിലയിരുത്തപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.