ആറാട്ടുപുഴ: നിരവധിയായ വാഹനങ്ങൾ കടന്നു പോകുന്നതിനിടയിൽ നിന്നും തങ്ങളുടെ അന്നദാതാവായ സോമരാജൻ്റെ സ്കൂട്ടറിൻ്റെ ശബ്ദം അവർ തിരിച്ചറിയും. മംഗലം ഇടക്കാട് ക്ഷേത്രത്തിൻ്റെ പരിസരത്ത് അലഞ്ഞ് തിരയുന്ന 15 ഓളം പട്ടികകൾ കാതോർത്തു കിടക്കുന്നത് ഈ ശബ്ദം കേൾക്കാനാണ്.
എട്ട് മാസത്തോളമായി ഈ തെരുവ് നായകളുടെ അന്നദാതാവാണ് മംഗലം കല്ലശ്ശേരി വീട്ടിൽ സോമരാജൻ (66). കോവിഡ് നിയന്ത്രണങ്ങൾ മൂലം കടകളൊക്കെ അടയുകയും തെരുവുകൾ വിജനമാകുകയും ചെയ്ത സമയത്ത് ഭക്ഷണം കിട്ടാതെ വലയുന്ന നായ്ക്കളുടെ ദയനീയാവസ്ഥ സോമരാജൻ്റെ മനസ്സിനെ നൊമ്പരപ്പെടുത്തി. അന്ന് മുതൽ സോമരാജൻ ഇവരുടെ അന്നദാതാവായി. രാവിലെയും വൈകുന്നേരവും ബിസ്ക്കറ്റും വീടുകളിൽ നിന്നും മറ്റും ശേഖരിക്കുന്ന ഭക്ഷണ അവശിഷ്ടങ്ങളുമായി സ്കൂട്ടറിൽ മംഗലം ക്ഷേത്രത്തിൻ്റെ പരിസരത്ത് സോമരാജനെത്തും. ക്ഷേത്രത്തിൻ്റേയും സമീപത്തെ മംഗലം ഗവൺമെൻറ് എൽ പി സ്കൂളിൻറെയും പരിസരത്താണ് പട്ടികൾ പ്രധാനമായും തമ്പടിക്കുന്നത്.
ധാരാളം സ്കൂട്ടറുകൾ ഇതുവഴി കടന്നു പോകുമ്പോഴൊന്നും ഗൗനിക്കാത്ത പട്ടികൾ സോമരാജൻ്റെ സ്കൂട്ടറിൻ്റെ ശബ്ദം കേട്ടാലുടൻ പല സ്ഥലങ്ങളിൽ നിന്നും ഓടി റോഡിലെത്തും. പിന്നീട് ഒന്നൊന്നായി പിന്നാലെ കൂടും. പട്ടികളുടെ അകമ്പടിയോടെയാണ് സോമരാജൻ ക്ഷേത്രപരിസരത്ത് എത്തുന്നത്. അവിടെ വെച്ച് കൊണ്ടുവന്ന ഭക്ഷണങ്ങൾ വിതരണം ചെയ്യും. മര്യാദക്കാരായി കിട്ടിയ ഭക്ഷണം കഴിച്ച് അവർ മടങ്ങും.
എട്ട് മാസത്തിനിടയിൽ ഒരിക്കൽ പോലും ഭക്ഷണം കൊടുപ്പ് മുടങ്ങിയിട്ടില്ലെന്ന് സോമരാജൻ പറയുന്നു. പ്രവാസ ജീവിതത്തിനിടയിൽ പട്ടിണിയുടെ തീഷ്ണത എന്താണെന്ന് നന്നായി മനസിലാക്കിയ ആളാണ് ഞാൻ. മനുഷ്യനും മൃഗങ്ങൾക്കുമെല്ലാം വിശപ്പ് ഒരു പോലെയാണ്. ഭക്ഷണം കിട്ടാതെ വരുമ്പോൾ പട്ടികൾ ആളുകളെ ആക്രമിക്കാനും സാധ്യത ഏറെയാണ്. ഇതെല്ലാം മനസിലാക്കിയാണ് ഞാൻ ഭക്ഷണം കൊടുത്തത്. ഞാൻ വരാൻ വൈകിയാൽ പട്ടികൾ എന്നെ തിരക്കി വീടിൻ്റെ ഗേറ്റിന് മുന്നിലെത്തും. ദിവസം കുറഞ്ഞത് 50 രൂപയെങ്കിലും എനിക്ക് ചെലവാകും.
പലകടക്കാരും സാധനങ്ങൾ തന്ന് സഹായിക്കാറുണ്ട്. ഹോട്ടലുകളിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും കൊടുക്കുന്നുണ്ടെന്ന് സോമരാജൻ പറഞ്ഞു. കുറച്ചു പട്ടികൾ മാത്രമേ മുമ്പ് ഇവിടെ ഉണ്ടായിരുന്നുള്ളൂ. പലരും പട്ടികളെ ഇവിടെ കൊണ്ടു ഉപേക്ഷിക്കുന്നതാണ് എണ്ണം പെരുകാൻ കാരണം. നാളിതുവരെ നായക്കൂട്ടം നാട്ടുകാർക്ക് പ്രശ്നം ആയിട്ടില്ലെങ്കിലും സ്കൂൾ തുറക്കുന്നതോടെ കുട്ടികൾക്ക് ഭീഷണിയാകുമോയെന്ന ആശങ്കയും സോമരാജൻ പങ്കുവെച്ചു. പട്ടികളുടെ പട്ടിണി മാറ്റുന്ന കാര്യത്തിൽ മകൾ വർഷക്കും അച്ഛൻ്റെ മനസാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.