ആറാട്ടുപുഴ: കടലും കായലും സംഗമിക്കുന്ന തോട്ടപ്പള്ളി തീരത്തിന്റെ വശ്യസൗന്ദര്യം കണ്ടാലും കണ്ടാലും മതിവരില്ല. പ്രകൃതി ഭംഗി ഇഷ്ടപ്പെടുന്നവരുടെ മനസ്സും കണ്ണും നിറക്കുന്ന വിഭവങ്ങൾ ഇവിടെയുണ്ട്. കരിമണൽ ഖനനത്തിന്റെ പേരിൽ തീരം തോണ്ടി തീരുമ്പോഴും ഇവിടുത്തെ കാഴ്ചകൾ കാണാൻ ദൂരെ സ്ഥലങ്ങളിൽനിന്ന് നിരവധിപേരാണ് എത്തുന്നത്. ദേശീയപാതക്കരികിൽ പുറക്കാട് പഞ്ചായത്തിന്റെ പരിധിയിലാണ് തോട്ടപ്പള്ളി തീരമുള്ളത്. കായലിന് കുറുകെ തറനിരപ്പിനോട് ചേർന്ന് കടന്നുപോകുന്ന തോട്ടപ്പള്ളി സ്പിൽവേയിലൂടെയാണ് ദേശീയപാത കടന്നുപോകുന്നത്. പാലത്തിൽനിന്നാൽ കായലിന്റെയും കടലിന്റെയും സുന്ദരക്കാഴ്ചകൾ കാണാം. വിശാലമായ തീരമാണ് തോട്ടപ്പള്ളിയുടെ പ്രത്യേകത. പൊഴിമുഖത്തിന് ഇരുവശങ്ങളിൽ തീരമുണ്ട്. റോഡ് സൗകര്യമുള്ളതിനാൽ രണ്ടിടങ്ങളിലും എത്തിച്ചേരാൻ പ്രയാസമില്ല. വടക്കേകരയിൽ കാറ്റാടി മരങ്ങൾ നിറഞ്ഞ വിശാലമായ കടൽത്തീരമാണ് ഉണ്ടായിരുന്നത്. കരിമണൽ ഖനനത്തിന്റെ ഭാഗമായി അധികവും വെട്ടിയതോടെ ഹരിതാഭമായ തീരം ഓർമയായി.
ദേശീയപാതക്കരികിലെ ഈ തീരത്തിന്റെ വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്താൻ പതിറ്റാണ്ടുകളായിട്ടും കഴിഞ്ഞിട്ടില്ല. സുരക്ഷിതമായി ബോട്ടിങ് അടക്കമുള്ള സൗകര്യം ഒരുക്കാൻ പര്യാപ്തമായ ജലാശയം ഇവിടെയുണ്ട്. വർഷങ്ങൾക്ക് മുമ്പ് പുറക്കാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ തീരത്തോട് ചേർന്ന് വിനോദസഞ്ചാരികളെ ലക്ഷ്യംവെച്ച് ലക്ഷങ്ങൾ മുടക്കി പാർക്ക് നിർമിച്ചിരുന്നു.
കുട്ടികളെ ഏറെ ആകർഷിക്കുന്ന തരത്തിൽ ആധുനിക രീതിയിലുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിരുന്നു. സമാനമായ പാർക്ക് തൊട്ടടുത്ത പ്രദേശങ്ങളിൽ ഇല്ലാത്തതിനാൽ കുടുംബസമേതം നൂറുകണക്കിന് ആളുകളാണ് എത്തിയിരുന്നത്. നടത്തിക്കൊണ്ടുപോകാൻ ബന്ധപ്പെട്ട അധികാരികൾ കാണിച്ച അനാസ്ഥമൂലം എല്ലാം തുരുമ്പെടുത്തും കാടുകയറിയും നശിക്കുകയാണ്. അടുത്തിടെ കാട് വെട്ടിത്തെളിച്ച് പഞ്ചായത്ത് അധികൃതർ കനിവ് കാട്ടി. നാശത്തിന്റെ വക്കിലാണെങ്കിലും പാർക്കിൽ കുട്ടികളുമായി എത്തുന്ന കുടുംബങ്ങൾ ധാരാളമാണ്.
കരിമണൽ ഖനനത്തിന് തീരം തുറന്നതോടെ മനോഹാരിതയും നഷ്ടപ്പെട്ടുതുടങ്ങി. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ യാനങ്ങൾ തീരക്കാഴ്ചകളുടെ സ്ഥാനത്ത് മണ്ണുമാന്തി യന്ത്രങ്ങളുടെ ഭീതിനിറക്കുന്ന കാഴ്ചകളാണ് തോട്ടപ്പള്ളിയിൽ ഇപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.