ആറാട്ടുപുഴ: കുട്ടികളോട് അധികാരികൾ കാട്ടുന്ന ക്രൂരതക്ക് തെളിവാണ് തോട്ടപ്പള്ളി തീരത്തെ പാർക്ക്. ഒരു കോടിയിലേറെ ചെലവഴിച്ച് തോട്ടപ്പള്ളി പൊഴിമുഖത്തിന് സമീപം സ്ഥാപിച്ച കുട്ടികളുടെ പാർക്ക് കാടുകയറിയും തുരുമ്പെടുത്തും നശിക്കുമ്പോഴും അധികാരികൾക്ക് അതിൽ തെല്ലും മനസ്ഥാപമില്ല. കുട്ടികളുമായി ഇവിടെയെത്തുന്ന കുടുംബങ്ങൾക്ക് ഭീതിയോടെയാണ് സമയം ചെലവഴിക്കുന്നത്.
ആലപ്പുഴ മെഗാ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 1.4 കോടി രൂപ മുടക്കി തോട്ടപ്പള്ളി - തൃക്കുന്നപ്പുഴ തീരദേശ റോഡിന് അരികിൽ 2017ൽ പാർക്ക് നിർമിച്ചത്. കിറ്റ്കോയ്ക്കായിരുന്നു നിർമാണച്ചുമതല. 50 സെൻ്റ് സ്ഥലത്ത് നിർമിച്ച പാർക്കിൽ കളിസ്ഥലവും വിശ്രമകേന്ദ്രവും ഭക്ഷണശാലയും പാർക്കിങ് സ്ഥലവും ഉൾപ്പെട്ടതായിരുന്നു. എന്നാൽ ദശലക്ഷങ്ങൾ ചെലവഴിക്കാൻ കാണിച്ച താൽപര്യം പാർക്ക് നടത്തിക്കൊണ്ട് പോകുന്ന കാര്യത്തിൽ അധികൃതർക്ക് ഉണ്ടായില്ല. വിവിധ നിയമ തടസങ്ങളുടെ പേരിൽ എല്ലാവരും കയ്യൊഴിഞ്ഞ പാർക്ക് തുടക്കം മുതൽ തന്നെ അനാഥാവസ്ഥയിലായിരുന്നു. അത് കൊണ്ടു തന്നെ സാമൂഹിക വിരുദ്ധരുടെ ശല്യവും ഏറി.
തോട്ടപ്പള്ളിയിൽ നടക്കുന്ന കരിമണൽ ഖനനം പാർക്കിന്റെ നിലനിൽപിന് തന്നെ ഭീഷണിയാണ്. നിലവിൽ ശോചനീയമായ അവസ്ഥയിലാണ് പാർക്ക്. കളി യുപകരണങ്ങളും കെട്ടിടങ്ങളും മറ്റ് നിർമിതികളും തുരുമ്പെടുത്തും അല്ലാതെയും നശിച്ചു. നടവഴിയടക്കം കാട്കയറി മൂടി. ഇഴജന്തുക്കളെ പേടിക്കാതെ പാർക്കിൽ കടക്കാനാകില്ല. 10000 രൂപയിൽ താഴെ ചെലവഴിച്ചാൽ കാട് വൃത്തിയാക്കാമെങ്കിലും നടപടിയില്ല.
ഈ ദുരവസ്ഥയിലും നിരവധി കുടുംബങ്ങൾ മക്കളുമായി ഇവിടെ എത്തുന്നുണ്ട്. പാർക്കിൻ്റെ അവസ്ഥ കണ്ട് അധികപേരും നിരാശരായി മടങ്ങുകയാണ്. ഇപ്പോൾ പാർക്ക് ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്നത് മദ്യപർക്കും സാമൂഹിക വിരുദ്ധർക്കുമാണ്.
തീരപരിപാലന നിയമത്തിൻ്റെ പരിധിയിൽ വരുന്നതിനാൽ പാർക്കിലെ കെട്ടിടങ്ങൾക്ക് പുറക്കാട് പഞ്ചായത്ത് നമ്പറിട്ട് നൽകിയിട്ടില്ല. ഇതു മൂലം കെട്ടിടങ്ങൾക്ക് വൈദ്യുതി കണക്ഷൻ ലഭിച്ചില്ല.ടൂറിസം പദ്ധതികൾക്കുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് തീരപരിപാലന അതോറിട്ടിയുടെ പ്രത്യേക അനുമതി വാങ്ങണ്ടതില്ലെന്ന് കേന്ദ്രസർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇളവ് അനുവദിക്കുന്നതിനായി ഡി.ടി.പി.സി നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കുന്നതിൽ ടൂറിസം വകുപ്പ് കാട്ടുന്ന അനാസ്ഥയാണ് പാർക്കിൻ്റെ മുന്നോട്ടുള്ള പോക്കിന് തടസമാകുന്നതെന്നും ആക്ഷേപമുണ്ട്. രേഖകൾ ഹാജരാക്കിയാൽ ഉടൻ നമ്പർ അനുവദിക്കുമെന്നാണ് പുറക്കാട് പഞ്ചായത്ത് വ്യക്തമാക്കുന്നത്.
നിയമ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ പാർക്ക് ഔദ്യോഗികമായി തുറന്നിട്ടില്ല. പാർക്ക് പഞ്ചായത്തിനു വിട്ടുകിട്ടാൻ സർക്കാരിനും കലക്ടർക്കും വിനോദസഞ്ചാരവകുപ്പിനും പുറക്കാട് പഞ്ചായത്ത് അപേക്ഷ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.