ആറാട്ടുപുഴ: 52ദിവസം നീണ്ട ട്രോളിങ് നിരോധനത്തിനുശേഷം കടലോളം പ്രതീക്ഷയുമായി മത്സ്യബന്ധന ബോട്ടുകൾ വീണ്ടും കടലിലേക്ക്. തിങ്കളാഴ്ച അർധരാത്രി മുതൽ കായംകുളം ഹാർബറിൽനിന്ന് 200ലേറെ ബോട്ടുകൾ മത്സ്യബന്ധനത്തിന് പുറപ്പെട്ടു. തുറമുഖം ആഴ്ചകൾക്ക് ശേഷം വീണ്ടും സജീവമായി. തൃക്കുന്നപ്പുഴയിലും തോട്ടപ്പള്ളിയിലും കായലുകളിൽ നങ്കൂരമിട്ടിരുന്ന ബോട്ടുകളിൽ ഭൂരിഭാഗവും തിങ്കളാഴ്ച അർധരാത്രിക്ക് മുമ്പ് തന്നെ ഹാർബർ ലക്ഷ്യമാക്കി നീങ്ങിയിരുന്നു.
ലക്ഷങ്ങൾ ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തിയശേഷമാണ് ഒട്ടുമിക്ക ബോട്ടുകളും കടലിൽ ഇറങ്ങുന്നതെന്ന് തൊഴിലാളികൾ പറയുന്നു. വലനിറയുമെന്ന പ്രതീക്ഷയിൽ തന്നെയാണ് തൊഴിലാളികൾ. കഴിഞ്ഞ കുറേ ദിവസങ്ങളായി കടലിൽ പോകാനുള്ള ഒരുക്കമായിരുന്നു. ആവശ്യത്തിന് ഇന്ധനം നിറക്കുകയും ഐസ്, ആഹാരസാധനങ്ങൾ വെള്ളം ശേഖരിക്കുകയും ചെയ്തു. കഴിഞ്ഞവർഷം ട്രോളിങ് അവസാനിച്ച സമയത്ത് ഭീതിനിറഞ്ഞ കാലാവസ്ഥയായിരുന്നു. കടലിൽപോയ മുഴുവൻ ബോട്ടുകളും വള്ളങ്ങളും തീരമണയണമെന്ന മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ഒന്നാമത്തെ ദിവസംതന്നെ തിരിച്ച് കയറേണ്ടിവന്നു. എന്നാൽ, ഇക്കുറി അനുകൂല കാലാവസ്ഥയാണെന്നാണ് തൊഴിലാളികൾ പറയുന്നത്.
ചെമ്മീനും കണവായും കിളിമീനും വലനിറക്കുമെന്ന പ്രതീക്ഷയിലാണ് അവർ. വലിയ പ്രതിസന്ധിയാണ് മത്സ്യബന്ധന മേഖല നേരിടുന്നത്. 100 അടി നീളമുള്ള ഒരു ബോട്ട് ഒരുദിവസം മത്സ്യബന്ധനം നടത്തുവാൻ 60,000 മുതൽ 75,000 രൂപ വരെ ചെലവുണ്ട്. ചെറിയ ബോട്ടുകൾക്ക് ഇതിന്റെ പകുതി തുക ചെലവാകും. ഇന്ധനച്ചെലവാണ് ഇവരുടെ നടുവൊടിക്കുന്നത്. സബ്സിഡി അനുവദിക്കുമെന്ന് അധികാരികൾ വാഗ്ദാനം ചെയ്യാൻ തുടങ്ങിയിട്ട് നാളേറെയായി. നാലുദിവസം കടലിൽ പണിക്കുപോയി കരയെത്തുമ്പോൾ രണ്ടരലക്ഷം രൂപയാണ് ചെലവാകുന്നത്. വലിയ പലിശക്ക് കടംവാങ്ങിയാണ് അധികപേരും ബോട്ടുകൾ പണിക്കുപോകാൻ സജ്ജമാക്കിയത്. പണികുറഞ്ഞാൽ തീരത്തുതന്നെ കിടക്കേണ്ടിവരും. നിറയെ മത്സ്യവുമായി ബോട്ടുകൾ തീരം അണയുന്നത് കാത്ത് നൂറുകണക്കിനുപേർ ഹാർബറിൽ കാത്തിരിപ്പുണ്ട്. കാലാവസ്ഥ പെട്ടെന്ന് മാറിമറിയുന്നത് മത്സ്യത്തൊഴിലാളികളിൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.