ആറാട്ടുപുഴ: വലിയഴീക്കൽ തീരത്തിെൻറ മുഖഛായ മാറ്റുമെന്ന് പ്രതീക്ഷിക്കുന്ന ലൈറ്റ് ഹൗസ് അടുത്തമാസം പൂർത്തിയാകും.
2012ൽ യു.പി.എ സർക്കാറിെൻറ കാലത്ത് കെ.സി. വേണുഗോപാൽ എം.പി നടത്തിയ ശ്രമത്തെ തുടർന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡയറക്ടറേറ്റ് ഓഫ് ലൈറ്റ് ഹൗസാണ് വലിയഴീക്കലിൽ ലൈറ്റ് ഹൗസ് നിർമിക്കാൻ തീരുമാനിച്ചത്. മത്സ്യത്തൊഴിലാളികൾക്കും നാവികർക്കും സുരക്ഷിത കടൽ യാത്ര ഉറപ്പുവരുത്തുകയായിരുന്നു ഉദ്ദേശ്യം. 9.18 കോടിയാണ് നിർമാണച്ചെലവ്.
38 മീറ്റർ ഉയരത്തിൽ ലിഫ്റ്റ് സൗകര്യത്തോടെയാണ് ലൈറ്റ് ഹൗസ് ടവർ നിർമിക്കുന്നത്. ഉയരത്തിെൻറ കാര്യത്തിൽ കേരളത്തിൽ രണ്ടാമത്തേതാണ്. ഇതിനൊപ്പം അനുബന്ധ ആവശ്യങ്ങൾക്കായുള്ള കെട്ടിടങ്ങളുടെ നിർമാണവും അവസാന ഘട്ടത്തിലാണ്. ലൈറ്റ് ഹൗസ് മ്യൂസിയം, സാങ്കേതിക ക്രമീകരണങ്ങൾ, വിനോദ സഞ്ചാരികൾക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുണ്ടാകും.
കൊല്ലം തങ്കശ്ശേരിക്കും ആലപ്പുഴക്കുമിടയിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ധാരാളമുണ്ട്. കടലിൽ അപകടങ്ങൾ വർധിച്ച സാഹചര്യത്തിലാണ് ലൈറ്റ് ഹൗസ് പദ്ധതി ആവിഷ്കരിച്ചത്. കടലിൽ 20 നോട്ടിക്കൽ മൈൽ ദൂരം വരെ പ്രകാശ സിഗ്നൽ ലഭിക്കും. രാത്രികാല മത്സ്യബന്ധനത്തിന് പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് ഇത് ഉപകാരപ്രദമാണ്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സജ്ജീകരണങ്ങൾക്കും ഗുണകരമാണ്.
പദ്ധതിക്കാവശ്യമായ 45 സെൻറ് സ്ഥലത്തിൽ 24 സെൻറ് സ്ഥലം ആറാട്ടുപുഴ പഞ്ചായത്ത് ദീർഘകാല പാട്ട വ്യവസ്ഥയിൽ നൽകിയതാണ്. ശേഷിക്കുന്ന 21 സെൻറ് സ്ഥലം സ്വകാര്യവ്യക്തിയിൽനിന്നാണ് ഏറ്റെടുത്തു. ലൈറ്റ് ഹൗസസ് ആൻഡ് ലൈറ്റ് ഷിപ്പ്സ് കൊച്ചി ഡയറക്ടറേറ്റിനാണ് പദ്ധതി നടത്തിപ്പ് ചുമതല. ആലപ്പുഴ, കൊല്ലം ജില്ലകളെ ബന്ധിപ്പിച്ച് കായംകുളം പൊഴിക്ക് കുറുകെ സ്ഥാപിക്കുന്ന പാലത്തിെൻറ നിർമാണവും പുരോഗമിക്കുകയാണ്. കടലും കായലും ഒന്നിക്കുന്ന ഈ തീരത്ത് കണ്ണിന് കുളിർമ നൽകുന്ന ഒട്ടേറെ കാഴ്ചകൾ വേറേയുമുണ്ട്. വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി വലിയഴീക്കൽ മാറുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.