സ്കൂൾ തുറക്കുമ്പോൾ ചെല്ലപ്പനാശാരി വഴിയാധാരമാകും

ആറാട്ടുപുഴ: സ്കൂൾ തുറക്കുമ്പോൾ ചെല്ലപ്പനാശാരി വഴിയാധാരമാകും. മംഗലം എൽ.പി.സ്കൂളിൻ്റെ തിണ്ണയിൽ രണ്ട് വർഷത്തിലേറെയായി അന്തിയുറങ്ങുന്ന വയോധികനെ മാറ്റണമെന്നാവശ്യപ്പെട്ട് സ്കൂൾ അധികൃതർ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകി. ആറാട്ടുപുഴ മംഗലം ഗവ.എൽ.പി.സ്കൂളിൻ്റെ അസംബ്ലി ഹാളിലാണ് കാർത്തികപ്പള്ളി പുളുക്കീഴ് സ്വദേശിയായ ചെല്ലപ്പൻ ആശാരി (80) അന്തിയുറങ്ങുന്നത്. ഭക്ഷണം പാചകം ചെയ്യലും വിറകും മറ്റ് സാമഗ്രികളും  ശേഖരിച്ച് വെക്കുന്നതും  എല്ലാം ഈ ഹാളിൽ തന്നെ. സ്കൂളിൻ്റെ പ്രവർത്തനത്തെ ബാധിക്കുമെന്നതിനാൽ ക്ലാസ് തുടങ്ങുന്നതിന് മുമ്പ് വയോധികനെ ഇവിടെ നിന്നും മാറ്റണമെന്നാണ് അധികൃതരുടെ ആവശ്യം.

ഇത് സംബന്ധിച്ച പരാതി സ്കൂൾ അധികൃതർ  പൊലീസിനും പഞ്ചായത്ത് അധികാരികൾക്കും നൽകി. നാല് വർഷത്തിലേറെയായി വയോധികൻ മംഗലത്തുണ്ട്. സ്കൂളിൻറെ പരിസരത്തുള്ള ക്ഷേത്രത്തിൻറെ  വളപ്പിലെ കെട്ടിടങ്ങളിൽ ആയിരുന്നു മുമ്പ് വയോധികൻ താമസിച്ചിരുന്നത് കോവിഡ് കാലത്ത് സ്കൂൾ അടച്ചുപൂട്ടിയതോടെ ആണ് താമസം  സ്കൂൾ വരാന്തയിലേക്ക് മാറ്റിയത്. ഭക്ഷണം തനിയെ പാചകം വെച്ചും. ആറാട്ടുപുഴക്കാർക്ക് സുപരിചിതനാണ് ഇദ്ദേഹം. ഈ പ്രദേശത്തെ നൂറുകണക്കിന് വീടുകളുടെ തടിപ്പണി നടത്തിയിട്ടുണ്ട്. നാട്ടുകാർ അരിയും മറ്റും നൽകി സഹായിക്കും. തെരുവ് നായ്ക്കളാണ് കൂട്ട്.  ഭക്ഷണം നൽകുന്നതിനാൽ എട്ടോളം തെരുവ് നായ്ക്കൾ വയോധികനെ ചുറ്റിപ്പറ്റി ഇവിടെയുണ്ട്. സ്കൂൾ വളപ്പിൽ തമ്പടിച്ചിരിക്കുന്ന നായ്ക്കൾ ഭീഷണിയായതോടെ അധ്യാപകരും രക്ഷകർത്താക്കളും ഭീതിയിലാണ്. സ്കൂളധികൃതർ മുമ്പ് പല തവണ ആവശ്യപ്പെട്ടിട്ടും വയോധികൻ താമസം മാറ്റാൻ തയ്യാറായിരുന്നില്ല. സ്കൂൾ അവധിയായിരുന്നതിനാൽ അധികൃതർ വിട്ടുവീഴ്ച കാട്ടുകയായിരുന്നു.

കഴിഞ്ഞ പഞ്ചായത്ത്  ഭരണ സമിതി  വയോധികനെ വൃദ്ധസദനത്തിലേക്ക് മാറ്റാൻ നടത്തിയ ശ്രമം വിഫലമായി. വയോധികന് ഭാര്യയും മക്കളും ഉള്ളതിനാലാണ് നടക്കാതെ പോയത്.  ദേവസ്വം ഭരണ  സമിതി യും പഞ്ചായത്തിൽ രേഖ മൂലം  പരാതി  നൽകിയിരുന്നു. മക്കളും ബന്ധുക്കളും പലതവണ വന്ന് വിളിച്ചിട്ടും വയോധികൻ പോകാൻ കൂട്ടാക്കിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. സ്കൂൾ തുറക്കുന്നതിന് മുമ്പ് താൻ ഇവിടെ നിന്ന് മാറുമെന്നും കുട്ടികളുടെ പഠനത്തിന് തടസമാകില്ലെന്നും  വയോധികൻ സ്കൂൾ ഹെഡ്മിസ്ട്രസിനോട് പറഞ്ഞു.  വയോധികനെ  ബന്ധു മിത്രദികളെകണ്ടെത്തി സുരക്ഷിതമായി ഏൽപിക്കാനുള്ള ശ്രമത്തിലാണ്  പൊലീസും പഞ്ചായത്ത് അധികൃതരും 

Tags:    
News Summary - When the school opens, Chellappanasari will be the mainstay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.