ചന്തിരൂർ: അരൂർ പൊലീസ് സ്റ്റേഷന് വേണ്ടി സ്ഥലം കണ്ടെത്താൻ കഴിയാതെ റവന്യൂ, പഞ്ചായത്ത് അധികൃതർ. ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് ഇരിക്കാനുള്ള സൗകര്യംപോലും കെട്ടിടത്തിലില്ല. പൊതുജനങ്ങൾക്ക് ഇരിക്കുവാനും പരാതികൾ എഴുതുവാനുമുള്ള സ്ഥല സൗകര്യമില്ലാത്ത അവസ്ഥയുണ്ട്. അരൂർ, എഴുപുന്ന എന്നീ രണ്ടു പഞ്ചായത്തുകളുടെ ചുമതല അരൂർ പൊലീസ് സ്റ്റേഷനാണ്.
സി.ഐ ഇരിക്കുന്ന മുറിയുടെ മുകൾ ഭാഗം കോൺക്രീറ്റ് ഇളകി ഏത് സമയത്തും കോൺക്രീറ്റ് ചീളുകൾ തലയിൽ വീഴുന്ന അവസ്ഥയാണ്. മഴ വന്നാൽ വനിതാ പൊലീസ് ഉദ്യോഗസ്ഥർ വിശ്രമിക്കാൻ ഇരിക്കുന്ന മുറിയിലും വെള്ളം നിറയും. പ്രാഥമിക കൃത്യങ്ങൾക്ക് സൗകര്യമില്ലാത്തതും ഏറെ പരിതാപകരമാണ്. കുറ്റവാളികളെ സുരക്ഷിതമായി സൂക്ഷിക്കാൻ സൗകര്യമില്ലാത്തത് പലപ്പോഴും തലവേദനയാകുന്നുണ്ട്.
സ്റ്റേഷൻ പരിസരത്ത് അപകടങ്ങൾ പതിവാണ്. പ്രത്യേകിച്ച് ഉയരപ്പാതയുടെ നിർമ്മാണം നടക്കുന്ന ഘട്ടത്തിൽ. ലഹരി മാഫിയയുടെ കേന്ദ്രം കൂടിയാണ് പൊലീസ് സ്റ്റേഷൻ പരിസരം. പിടിച്ചെടുത്ത ഇരു ചക്ര വാഹനങ്ങളുടെയും കാറുകളുടെയും കൂമ്പാരം സ്റ്റേഷന്റെ പിന്നാമ്പുറം കൈയ്യടക്കിയിരിക്കുകയാണ്.
തെരുവ് നായ്ക്കളുടെയും ഇഴജന്തുക്കളുടെയും കേന്ദ്രം കൂടിയാണ് ഇവിടം. ഉള്ള വാഹനങ്ങൾ പാർക്ക് ചെയ്യാൻ പോലും സ്ഥലമില്ലെന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ സമീപവാസികളും സാമൂഹിക പ്രവർത്തകരുമായ കെ. എ.സലിം ചന്തിരൂർ, കൃഷ്ണകുമാർ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.