അരൂർ: തീരവാസികൾക്ക് ഇപ്പോഴും വിദൂര സ്വപ്നമാണ് അരൂർ - കുമ്പളങ്ങി പാലം. കുമ്പളങ്ങി കായലിന് കുറുകെയുള്ള നിർദിഷ്ട കുമ്പളങ്ങി-അരൂർ പാലം തീരദേശവാസികളുടെ സ്വപ്നമായി അവശേഷിക്കുന്നു.
കൊച്ചി താലൂക്കിലെ കുമ്പളങ്ങി വില്ലേജിനെയും ആലപ്പുഴ ജില്ലയിലെ അരൂർ വില്ലേജിനെയും ബന്ധിപ്പിക്കുന്ന പാലം ഈ മേഖലയുടെ ടൂറിസം സാധ്യതകളെ വൻതോതിൽ ഉയർത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. ചെല്ലാനം, കുമ്പളങ്ങി, കണ്ണമാലി, ചെറിയകടവ് നിവാസികൾക്ക് എൻ.എച്ച്-66ലേക്ക് എളുപ്പത്തിൽ എത്താമെന്നത് തീരവാസികളുടെ ദീർഘകാല ആവശ്യവുമായിരുന്നു. പദ്ധതി യാഥാർഥ്യമായാൽ അരൂരിലെത്താൻ 15 കിലോമീറ്റർ ചുറ്റിത്തിരിയുന്നത് ഒഴിവാക്കാമായിരുന്നു.
കുമ്പളങ്ങി കായലിന് കുറുകെയുള്ള പാലം തീരവാസികൾക്ക് കൂടുതൽ സമയം ലാഭിക്കാനും 15 കിലോമീറ്റർ ദൂരം കുറക്കാനും ഉപകരിക്കും. അരൂർ കെൽട്രോൺ, അരൂർ മേഖലയിലെ മത്സ്യ സംസ്കരണശാലകൾ, അരൂർ വ്യവസായ കേന്ദ്രം, അരൂർ റെയിൽവേ സ്റ്റേഷൻ, ഉയരപ്പാത തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്താൻ ഈ മാർഗം പ്രയോജനപ്രദമാകും. മൂന്ന് വർഷം മുമ്പ് സ്ഥലമെടുപ്പ് തുടങ്ങിയപ്പോഴാണ് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ അവസാനമായി പാലത്തിന്റെ കാര്യത്തിനായി ഇരുകരകളിലും എത്തിയത്. നടപടികൾ ഇഴഞ്ഞുനീങ്ങുകയാണെന്നും യഥാർഥനിർമാണപ്രവർത്തനങ്ങൾ ഇനിയും ആരംഭിക്കാനുണ്ടെന്നും പിന്നീട് നാട്ടുകാർ തിരിച്ചറിഞ്ഞു. കുമ്പളങ്ങി, അരൂർ പഞ്ചായത്തുകളിലായി ഒരേക്കറോളം സ്ഥലമാണ്പാലത്തിനായി ഏറ്റെടുക്കുന്നത്.
ദേശീയപാതയിൽ നിന്ന് കുമ്പളങ്ങി ടൂറിസം വില്ലേജിലേക്ക് എളുപ്പത്തിൽ എത്താനുള്ള മാർഗമായിരുന്നു പാലം. ഈ സൗകര്യം കൂടുതൽ വിനോദസഞ്ചാരികളെ ഇവിടെ എത്തിക്കുകയും പ്രദേശവാസികളുടെ ഉപജീവനത്തിന് സംഭാവന നൽകുകയും ചെയ്യുമെന്ന് കരുതുന്നു. എന്നാൽ, പദ്ധതി എങ്ങുമെത്തിയില്ല. ആറുവർഷം മുമ്പാണ് മണ്ണ് പരിശോധന നടത്തിയത്.
നിലവിൽ ഒരു ജങ്കാർ മാത്രമാണ് യാത്രക്കാരെ കായൽ കടത്താൻ സഹായിക്കുന്നത്. ഇത് വാഹനങ്ങളെയും യാത്രക്കാരെയും ഇരുവശത്തേക്കും എത്തിക്കും.
ആദ്യ എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് പദ്ധതിക്കായി 45 കോടി രൂപയും പ്രാഥമികനിർമാണ പ്രവർത്തനങ്ങൾക്കായി ഒരുകോടി രൂപ അധികമായി അനുവദിച്ചിരുന്നു.
2025ൽ തുടങ്ങുന്ന പദ്ധതികളെക്കുറിച്ച് അരൂർ എം.എൽ.എ പറഞ്ഞപ്പോഴും കുമ്പളങ്ങി-അരൂർ പാലം പരാമർശിച്ചിട്ടില്ല. എറണാകുളം ജില്ലയുടെ പദ്ധതിയാണിതെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.