"ഇങ്ങോട്ട് വിളിക്കേണ്ട, സൗകര്യമുള്ളപ്പോൾ നന്നാക്കും"; പൈപ്പ് പൊട്ടിയത് പറയാൻ വാട്ടർ അതോറിറ്റി എൻജിനീയറെ വിളിച്ചപ്പോൾ ജനപ്രതിനിധിയെ അധിക്ഷേപിച്ചെന്ന്

അരൂർ (ആലപ്പുഴ): കുടിവെള്ള പൈപ്പ് പൊട്ടി ജലവിതരണം നിലച്ചത് അറിയിക്കാൻ വാട്ടർ അതോറിറ്റി എൻജിനീയറെ വിളിച്ച ജനപ്രതിനിധിയെ അധിക്ഷേപിച്ചതായി ആരോപണം. അരൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി ഷിബുവിനെയാണ് ഫോണിലൂടെ അധിക്ഷേപിച്ചത്.

അരൂർ ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് മെമ്പറായ അമ്പിളി ദിവസങ്ങളായി കുടിവെള്ളം കിട്ടാത്ത വാർഡ് പ്രദേശത്തെ കുടിവെള്ള പൈപ്പ് നന്നാക്കുന്ന കാര്യം പറയാനാണ് ചേർത്തല വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എൻജിനീയറെ ഫോണിൽ വിളിച്ചത്. ആഞ്ഞിലിക്കാട് - എരുമുള്ളി തോട്ടിൽ കുടിവെള്ള പൈപ്പ് പൊട്ടിയിട്ട് ദിവസങ്ങൾ കഴിഞ്ഞു. മൂന്നുവശവും ഉപ്പുവെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശം കടുത്ത കുടിവെള്ള ക്ഷാമത്തിലാണ്. ആകെ ആശ്രയം ജപ്പാൻ കുടിവെള്ള പദ്ധതിയാണ്.

ജലജീവൻ പദ്ധതി പ്രകാരം വാർഡിലെ ഭൂരിഭാഗം ജനങ്ങൾക്കും കുടിവെള്ളം ലഭ്യമാകുന്നുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസം വാഹനങ്ങൾ കയറി ജലവിതരണ പൈപ്പ് പൊട്ടിയിരുന്നു. ജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ വാട്ടർ അതോറിറ്റി ചേർത്തല ഡിവിഷൻ എ.ഇയെ ശനിയാഴ്ച രാവിലെ 11.30ന് പരാതി പറയാൻ വിളിച്ചപ്പോൾ പരാതി കേൾക്കാൻ പോലും തയാറായില്ല എന്ന് അമ്പിളി ഷിബു പറയുന്നു. പരാതി കേൾക്കാൻ ആവശ്യപ്പെട്ടപ്പോൾ "നിങ്ങൾ ഫോൺ കട്ട് ചെയ്യൂ, എനിക്കു വേറെ ജോലിയുണ്ട്, ഓരോന്ന് കെട്ടി എഴുന്നള്ളിക്കോളും, മനുഷ്യനെ മെനക്കെടുത്താൽ" എന്നുപറഞ്ഞ് ഫോൺ കട്ടുചെയ്തെന്ന് അമ്പിളി പറയുന്നു. 


Tags:    
News Summary - water authority engineer abuse ward member for complaint call

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.