ആലപ്പുഴ: പക്ഷിപ്പനിക്ക് പിന്നാലെ വളർത്തുപക്ഷികൾക്ക് നിരോധനം ഏർപ്പെടുത്തിയ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കർഷകർക്കായി പ്രഖ്യാപിച്ച പ്രത്യേക പാക്കേജ് ഇനിയും നടപ്പായിട്ടില്ലെന്ന് ഐക്യതാറാവ് കർഷകസംഘം. ഈസ്റ്റർ, ക്രിസ്മസ്, പുതുവത്സവം വിപണി മുന്നിൽക്കണ്ടാണ് താറാവുകളെ വളർത്തുന്നത്. ഏപ്രിൽ മുതൽ ജില്ലയിൽ പക്ഷിപ്പനി വ്യാപകമായതോടെയാണ് നിരോധനം പ്രാബല്യത്തിലായത്. ഇതോടെ മൂന്നുസീസണിലും കർഷകർക്ക് കണ്ണീർക്കാലമായിരുന്നു. ഡിസംബർ 31 വരെ നിലനിൽക്കുന്ന താറാവിന്റെ ഉൽപാദനവും വിപണവും സംബന്ധിച്ച നിരോധനം അടുത്തവർഷത്തെ ഈസ്റ്റർ കച്ചവടത്തെയും ബാധിക്കും.
ഏഴുമാസം മുമ്പ് ജില്ലയിൽ കൊന്നൊടുക്കിയ 10.9 ലക്ഷം താറാവിന്റെയും കോഴികളുടെയും നഷ്ടപരിഹാരത്തുക ഇനിയും നൽകിയിട്ടില്ല. കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ കേന്ദ്ര സർക്കാർ മൂന്നുകോടി രൂപ അനുവദിച്ചിട്ടുണ്ട്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ കർഷകർക്കായി നൽകേണ്ടത് 2.64 കോടിയാണ്. കേന്ദ്രവിഹിതം കിട്ടിയിട്ടും സംസ്ഥാന സർക്കാർ വിഹിതം ചേർത്ത് നഷ്ടപരിഹാരം നൽകാത്ത സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തിൽ നിരാഹാരം ഉൾപ്പെടെ സമരപരിപാടികളുമായി മുന്നോട്ടുപോകും. നിരോധനകാലത്ത് താറാവും കോഴിയും സംസ്ഥാനത്തിന്റെ പുറത്തുനിന്ന് യഥേഷ്ടം വരുന്നുണ്ട്. ഇത് തടയാതെ ഇവിടത്തെ കോഴിയും താറാവും പ്രശ്നമാണെന്നാണ് പറയുന്നത്. പക്ഷിപ്പനിയുടെ പേരിൽ വിരിയാൻപോകുന്നതിനെ തടഞ്ഞതാണ് മേഖലയിൽ പ്രതിസന്ധി രൂക്ഷമാക്കിയയത്. ഹാച്ചറികളിൽ ഉൽപാദനം നിർത്തിവെച്ചതോടെ കുട്ടനാട്, അപ്പർ കുട്ടനാട് മേഖയിലെ താറാവുകളുടെ വംശനാശത്തിനും അന്ത്യത്തിനും വഴിയൊരുക്കി.
2014 മുതൽ ആവർത്തിക്കുന്ന പക്ഷിപ്പനിയുടെ പേരിൽ രോഗം ബാധിച്ച പ്രദേശത്തെ ഒരുകിലോമീറ്റർ ചുറ്റളവിൽ താറാവുകളെയും വളർത്തുപക്ഷികളെയും കൊന്നെടുക്കുന്നത് നിത്യസംഭവമാണ്. ഇതിനൊപ്പം കള്ളിങ് നടത്തുന്ന താറാവുകൾക്ക് സമയബന്ധിതമായി നഷ്ടപരിഹാരം നൽകാത്തതിനാൽ കർഷകർ ആത്മഹത്യയുടെ വക്കിലുമാണ്. വാർത്തസമ്മേളനത്തിൽ പ്രസിഡന്റ് അഡ്വ. ബി. രാജശേഖരൻ, സെക്രട്ടറി കെ. ശാമുവൽ, വൈസ് പ്രസിഡന്റ് പി. ദേവരാജൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.