തുറവൂർ: കൊച്ചുചങ്ങരം പാടശേരത്ത് സമൂഹികവിരുദ്ധർ പൊളിച്ച പുറംബണ്ട് പുനർനിർമിച്ചില്ല. ഇതുമൂലം ചേരുങ്കൽ നിവാസികൾ ഇപ്പോഴും ദുരിതത്തിൽ. കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ ചങ്ങരം പാടശേഖരത്തിന്റെ ഭാഗമായ കൊച്ചുചങ്ങരം പാടത്താണ് കഴിഞ്ഞ ദിവസം ബണ്ട് പൊളിച്ചത്.
കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി കരിങ്കൽ ഉപയോഗിച്ച് നിർമിച്ച ബണ്ടാണ് തകർത്ത് വെള്ളം കയറ്റിയത്. കുത്തിയൊഴുകിയെത്തിയ വെള്ളം 65 വീടുകളെയാണ് മുക്കിയത്. പാടവരമ്പുകളും നടവഴികളും വെള്ളത്തിലാണ്. ചെല്ലാനം സ്വദേശിയാണ് പാടശേഖരം കൃഷിക്കായി പാട്ടത്തിനെടുത്തത്. ഇദ്ദേഹമോ, പാടശേഖര സമിതിയോയാണ് ബണ്ട് പുനർനിർമിക്കേണ്ടത്. അരൂർ മണ്ഡലത്തിൽ നെൽകൃഷി അട്ടിമറിക്കുന്ന രീതി വർഷങ്ങളായി നിലനിൽക്കുന്നുണ്ടെന്നാണ് ജനങ്ങൾ പറയുന്നത്.
നെൽകൃഷിക്കായി പാടം പാട്ടത്തിനെടുക്കും. പിന്നീട് മടവീഴും. ഇതോടെ ഉപ്പുവെള്ളം പാടത്ത് നിറയും. മടവീണ ഭാഗം പുനർനിർമിക്കാൻ തയാറാകാതെ വരുകയും ക്രമേണ പാടം മത്സ്യം വളർത്തുന്നിടമായി മാറുകയും ചെയ്യും. ഇതുതന്നെയാകാം കൊച്ചുചങ്ങരത്തുമുണ്ടായതെന്നാണ് പ്രദേശവാസികൾ പറയുന്നത്. പാടശേഖരങ്ങളിൽ അമിതമായി വെള്ളം കെട്ടിനിർത്തുന്നതിനെതിരെ കേരള സംസ്ഥാന പ്രതിരോധ സമിതി മേഖല കൺവീനർ കെ. പ്രതാപൻ കലക്ടറുൾപ്പെടെ അധികൃതർക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.