ആലപ്പുഴ ബീച്ചിലെ ബൈപാസ് മേൽപാലം നിർമാണത്തിനിടെ തകർന്നുവീണ ഗർഡറുകൾ
ആലപ്പുഴ: ബീച്ചിൽ നിർമാണത്തിലിരുന്ന മേൽപാലത്തിന്റെ കൂറ്റൻ ഗർഡറുകൾ തകർന്നസംഭവത്തിൽ പ്രോജക്ട് മാനേജരും എൻജിനീയർമാരും ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. നിർമാണസ്ഥലം ഇടവേളകളിൽ പരിശോധിക്കുന്നതിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെയാണ് ദേശീയപാത അധികൃതർ സസ്പെൻഡ് ചെയ്തത്.
വിദഗ്ധസംഘം നടത്തിയ പരിശോധനക്ക് പിന്നാലെ തയാറാക്കിയ പ്രാഥമികറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എൻജിനീയർമാർ ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധക്കുറവാണ് അപകടകാരണമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. സ്ഥലത്തുനിന്ന് നിർമാണത്തിന് മേൽനോട്ടം നൽകേണ്ടതിനുപകരം മൊബൈൽ ഫോണിലും മറ്റും നിർദേശങ്ങൾ നൽകിയിരുന്നതായും കണ്ടെത്തിയിരുന്നു.
ഈ മാസം മൂന്നിന് രാവിലെ 10.50നായിരുന്നു സംഭവം. നിർമാണം നടക്കുന്ന ആലപ്പുഴ ബൈപാസിലെ 17, 18 തൂണുകൾക്കിടയിലെ നാല് കൂറ്റൻ ഗർഡറുകളാണ് ഒന്നിച്ച് നിലംപതിച്ചത്. 18, 19 തൂണുകൾക്കിടയിലെ ഗർഡറുകളും തൂണുകളും ബന്ധിപ്പിച്ചിരുന്ന പ്ലാങ്ക് (തടി പോലെയുള്ള ഭാഗം) ഇളക്കി മാറ്റാൻ ഫോണിലൂടെ നിർദേശിച്ചതിന് പിന്നാലെ തൊഴിലാളികൾ സ്ഥലം മാറി മറ്റൊരിടത്തെ പ്ലാങ്ക് ഇളക്കിയതാണ് അപകടത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ.
ഇതുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോർട്ട് എൻ.എച്ച്.എ.ഐ പ്രോജക്ട് ഡയറക്ടർ ജില്ല കലക്ടർക്കും സംസ്ഥാനസർക്കാരിനും കൈമാറിയിട്ടുണ്ട്. അപകടത്തിന് പിന്നാലെ നടന്ന വിശദമായ പരിശോധനയിൽ മറ്റ് ഗർഡറുകൾ സ്ഥാപിച്ചതിൽ വീഴ്ചയില്ലെന്നും സുരക്ഷിതമാണെന്നുമാണ് വിലയിരുത്തൽ.
അതീവ സുരക്ഷയോടെയും ഗുണനിലവാരത്തിലും രണ്ടുമാസം മുമ്പ് നിർമിച്ച 90 ടൺ ഭാരമുള്ള നാല് ഗർഡറുകൾ ഒറ്റയടിക്കാണ് നിലംപൊത്തിയത്. ബെയറിങ് നിർമാണത്തിലെ പിഴവും ഗർഡറുകൾ തമ്മിൽ ക്രോസ് ബ്രേസിങ് ചെയ്യാത്തതും ഗർഡറുകൾ നിലംപതിക്കാനുള്ള സാധ്യത കൂട്ടിയെന്നാണ് ദേശീയപാത അധികൃതരും എൻജീനിയർ വിദഗ്ധരുടെ സംഘവും നടത്തിയ പരിശോധയിൽ കണ്ടെത്തിയത്.
മേൽപാലത്തിന്റെ കൂറ്റൻ ഗർഡറുകൾ തകർന്നതിന് പിന്നിൽ മുകളിൽ പണിയെടുത്ത തൊഴിലാളികളുടെ അശ്രദ്ധയും വീഴ്ചയുമുണ്ടായതായും പരിശോധനയിൽ തെളിഞ്ഞിരുന്നു. ഇതിന് പിന്നാലെ തയാറാക്കിയ പ്രാഥമികറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മേൽനോട്ടചുമതലയുള്ള ഉദ്യോഗസ്ഥർക്കെതിരെയുളള ഇപ്പോഴത്തെ നടപടി. അതേസമയം, സംഭവത്തില്‍ അഴിമതിയുണ്ടെന്നാണ് പ്രദേശവാസികളുടെ ആരോപണം.
ഗര്‍ഡറുകള്‍ തകര്‍ന്ന് വീണ സംഭവത്തിൽ ജീവനക്കാരുടെ വീഴ്ചയെന്നാണ് അധികൃതരുടെ വാദം. മാറ്റാന്‍ ആവശ്യപ്പെട്ട ഗര്‍ഡര്‍ ജീവനക്കാര്‍ക്ക് മാറിപ്പോയെന്ന് പറഞ്ഞ് അപകടത്തെ നിസാരവത്കരിക്കുകയാണ്. തലനാരിഴക്കാണ് ആളപായമൊഴിവായത്. ഉഗ്രശബ്ദത്തോടെ കൂറ്റൻഗർഡറുകൾ ഒറ്റയടിക്ക് തകർന്നത് നിര്‍മാണത്തിന് ഉപയോഗിച്ച വസ്തുക്കളുടെ ഗുണനിലവാരമില്ലായ്മമൂലമാണെന്ന് സംശയമുണ്ട്. വിനോദസഞ്ചാരികളടക്കം എത്തുന്ന ബീച്ചിൽ നിർമാണത്തിലിരിക്കുന്ന മേൽപാലത്തിന് താഴെയാണ് നിരവധി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.