ആലപ്പുഴ: പൊതുവിപണിയിൽ ഭക്ഷ്യസാധനങ്ങൾക്ക് വിലകുതിക്കുമ്പോൾ സപ്ലൈകോ വിൽപന കേന്ദ്രങ്ങളിൽ സബ്സിഡി സാധനങ്ങൾക്ക് ക്ഷാമം. ഏറെ ആവശ്യമുള്ള പഞ്ചസാര, ഉഴുന്ന്, മല്ലി, മുളക്, വെളിച്ചെണ്ണ അടക്കമുള്ള സാധനങ്ങൾ കിട്ടാനില്ല.
പൊതുവിപണിയിൽ അടുത്തതിടെ വില കുത്തനെ ഉയർന്ന മുളക്, മല്ലി എന്നിവയാണ് അപ്രത്യക്ഷമായത്. മുളകിന് കിലോക്ക് 375 രൂപയും കാശ്മീരി മുളകിന് 575 രൂപയുമാണ് വില. സപ്ലൈകോയിൽ മുളകിന് വില 78 രൂപയാണുള്ളത്. മല്ലിക്ക് വിപണിയിൽ 145 രൂപ നൽകണം. സപ്ലൈകോയിൽ 83 രൂപയും.
പൊതുവിപണിയിലെ അരിവില നിയന്ത്രിക്കാൻ ജയ, മട്ട, പച്ചരി ഉൾപ്പെടെയുള്ളവ വിലകുറച്ച് കിട്ടുന്നതാണ് ഏറെ ആശ്വാസം. സബസ്സി നിരക്കിലാണ് അരി വിതരണം.
കിലോക്ക് ജയ -24, മട്ട -24, പച്ചരി -23, പഞ്ചസാര -24, മുളക് (അരകിലോ) -39, മല്ലി (അരകിലോ) -41.50, വെളിച്ചെണ്ണ -125, ചെറുപയർ -76, ഉഴുന്ന് -70 രൂപ എന്നിങ്ങനെയാണ് നിരക്ക്. ഇവ സബ്സിഡി നിരക്കിലാണ് നൽകുന്നത്. ഒരുകാർഡിന് 10 കിലോ അരിയാണ് ലഭിക്കുക. കാർഡ് ഒന്നിന് ആദ്യത്തെ 15 ദിവസം അഞ്ചുകിലോയും അതിനുശേഷം അഞ്ചുകിലോയും വീതമാണ് നൽകുക. ഇതുകൂടാതെ സബ്സിഡിയില്ലാതെയും അരി ലഭിക്കും. ഇതിന് (ജയ അരി) കിലോക്ക് 39 രൂപ നൽകണം. 45 രൂപയുള്ള പഞ്ചസാരക്ക് സപ്ലൈകോയിൽ 22 രൂപയും 125 രൂപയുള്ള ഉഴുന്നിന് 70 രൂപയുമാണ് വില. പക്ഷേ, പലയിടത്തും സ്റ്റോക്കില്ല.
സബ്സിഡി സാധനങ്ങളുടെ പർച്ചേസ് ഓർഡർ ആയിട്ടുണ്ടെന്നും തിങ്കളാഴ്ച മുതൽ എത്തുമെന്നും അധികൃതർ പറഞ്ഞു. വെളിച്ചെണ്ണ പലയിടത്തും എത്തിതുടങ്ങിയിട്ടുണ്ട്. എന്നാൽ, അരലിറ്ററിന് മാത്രമേ സബ്സിഡിയിൽ കിട്ടൂ. സപ്ലൈകോ വിലകുറച്ച് നൽകുന്ന സാധനങ്ങൾക്ക് സബ്സിഡി സർക്കാറാണ് നൽകുന്നത്. എന്നാൽ, ഏറെക്കാലമായി ഈ തുക നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണം. അരിവണ്ടിയാത്രയടക്കം ജില്ലയിൽ പര്യടനം നടത്തിയതോടെ പലയിടത്തും അരിവിലയിൽ നേരിയവ്യത്യാസം വന്നിട്ടുണ്ട്. എന്നാൽ, പരിശോധന കാര്യക്ഷമല്ലാത്തതിനാൽ തോന്നുംപടിയാണ് വിൽപന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.