ആലപ്പുഴ: പ്രമുഖ കമ്പനികൾ സിമന്റ് വില കുത്തനെ കൂട്ടിയതോടെ നിർമാണമേഖല പ്രതിസന്ധിയിലേക്ക്. സിമന്റിന് മാത്രമല്ല പാറ, കമ്പി, ചരൽ എന്നിവക്കും വില കുതിച്ചുയർന്നു. തമിഴ്നാട് ലോബിയാണ് സിമന്റ് വില വർധനക്ക് പിന്നിൽ. ഇവർ തമിഴ്നാട്ടിൽ വിൽക്കുന്നതിനെക്കാൾ ബാഗ് ഒന്നിന് 100 മുതൽ 150രൂപ അധികം വാങ്ങിയാണ് ഇവിടെ വിൽക്കുന്നത്. സംസ്ഥാനത്ത് പ്രമുഖ കമ്പനികളുടെ സിമന്റിന് ഒരു ബാഗിന് 475 രൂപയാണ് ഇപ്പോഴത്തെ വില. ചെറുകിട കച്ചവടക്കാർക്ക് 475 രൂപക്ക് നൽകുന്ന സിമന്റ് വൻകിട കരാറുകാർക്ക് 325 രൂപക്കും നൽകുന്നുണ്ട്. തിമിഴ്നാട് സർക്കാർ വിപണിയിൽ ഇടപെട്ടതോടെ അവിടെ സിമന്റ് വില 300 മുതൽ 350 രൂപ വരെയുള്ളൂ. സാധനസാമഗ്രികളുടെ വില അടുത്തദിവസങ്ങളിൽ വൻതോതിൽ വർധിച്ചത് നിർമാണമേഖലയെ തളർത്തി.
സിമന്റ് ബാഗ് ഒന്നിന് 100 മുതൽ 150 രൂപവരെയും കമ്പിക്ക് കിലോക്ക് 12 രൂപയും ഒരുഅടി മെറ്റൽ, എം സാൻഡ്, പി സാൻഡ് എന്നിവക്ക് 10 രൂപയുമാണ് വർധിച്ചത്. 180 അടി കരിങ്കല്ലിന് 900രൂപയുടെ വർധനയുണ്ടായി. ഭവന നിർമാണപദ്ധതിയിൽ വീട് വെക്കുന്നവരെയാണ് വിലവർധന കൂടുതൽ ബാധിക്കുന്നത്. 410 ച.അടി വലുപ്പത്തിലെ വീട് നിർമിക്കുന്നതിന് കരാറുകാർ നേരത്തേ വാങ്ങിയിരുന്നത് 7.5 ലക്ഷമായിരുന്നെങ്കിൽ ഇപ്പോൾ 10 ലക്ഷം രൂപവരെയായി ഉയർന്നു. സർക്കാറിന്റെ പല നിർമാണപ്രവർത്തനങ്ങളെയും വിലക്കയറ്റം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പാറയുടെയും പാറ ഉൽപന്നങ്ങളുടെയും ലഭ്യതക്കുറവുമുണ്ട്.
സിമന്റ് വില (ബാഗ് ഒന്നിന്) ഇപ്പോഴത്തെ വില: 370 മുതൽ 475 വരെ. പഴയ വില: 325 മുതൽ 370 വരെ.എം സാൻഡ്: 74 പി സാൻഡ്: 70 മെറ്റൽ: 65 ചരൽ: 120 എന്നിങ്ങനെയാണ് മറ്റ് സാമഗ്രികളുടെ ഒരടിയുടെ വില. ഒരു ലോഡ് പാറയുടെ വില 5500 രൂപയാണ് (100 അടി). തമിഴ്നാട്ടിൽ സിമന്റ് വില നിലവിൽ ചാക്ക് ഒന്നിന് 325 രൂപമാത്രമാണ്. ദാരിദ്രരേഖക്ക് താഴെയുള്ളവർക്ക് 190 രൂപക്കും അവിടെ സിമന്റ് കിട്ടും. തമിഴ്നാട്ടിലേതുപോലെ വില പിടിച്ചുനിർത്താൻ സിമന്റ് വിപണിയിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്ന ആവശ്യമാണ് ഉയരുന്നത്. സംസ്ഥാനത്ത് സർക്കാർ ഉമസ്ഥതയിലെ മലബാർ സിമന്റ് ഫാക്ടറിയിൽ ഉൽപാദനം വർധിപ്പിച്ചാൽ തമിഴ്നാട് ലോബിയുടെ കള്ളക്കളി തടഞ്ഞു നിർത്താനാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.