ചാരുംമൂട്: ദേശീയ പാരാലിമ്പിക്സ് പവർ ലിഫ്റ്റിങ്ങിൽ സ്വർണത്തിളക്കവുമായി പ്രമോദ്. മുമ്പ് രണ്ടുതവണ വെള്ളിയും ഒരു തവണ വെങ്കലവും നേടിയ താമരക്കുളം ചത്തിയറ പ്രമോദ് ഭവനത്തില്‍ പരേതനായ പ്രഹ്ലാദന്‍ -റഷീദ ദമ്പതികളുടെ മകന്‍ പ്രമോദിന്‍റെ സ്വർണമെഡൽ നേട്ടം നാടിന് അഭിമാനമായി. കൊൽക്കത്ത സായി കോംപ്ലക്സിൽ നടന്ന നാഷനൽ പാരാലിമ്പിക്സ് പവർലിഫ്റ്റിങ്ങിലാണ് സ്വർണം നേടിയത്. 175 കിലോ ഉയർത്തിയാണ് പ്രമോദ് 107 പ്ലസ് കാറ്റഗറിയിൽ അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്. ഹരിപ്പാട് ബ്രദേഴ്സ് ജിമ്മിലെ കോച്ച് പ്രശോഭിന്‍റെ കീഴിലാണ് പരിശീലനം.
2019ൽ 97 കിലോ വിഭാഗത്തിൽ 135 കിലോ ഉയർത്തി വെങ്കലം നേടിയ പ്രമോദ് 2020ൽ നാഗ്പ്പൂരിൽ 142 കിലോയും 2021ൽ 150 കിലോയും ഉയർത്തിയാണ് വെള്ളി മെഡൽ നേടിയത്. നാല് മെഡലാണ് ഇത്തവണ കേരളം സ്വന്തമാക്കിയതെന്ന് പ്രമോദ് പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ അപകടത്തിൽ പ്രമോദിന് ഒരു കാലിന്‍റെ ചലനശേഷി നഷ്ടപ്പെട്ടിരുന്നു. പ്രമോദിനെ കരിമുളക്കല്‍ മിഷന്‍ ഫിറ്റ്‌നസ് സെന്‍റര്‍ ഉടമ സാഗര്‍ ഗോപാലകൃഷ്ണനാണ് പാരാ പവര്‍ലിഫ്റ്റിങ് രംഗത്തേക്ക് കൊണ്ടുവന്നത്. ജപ്തി ഭീഷണി നേരിടുന്ന വീടിന്‍റെ ഏക ആശ്രയമായ പ്രമോദിന് പരിശീലനത്തിന് ആരും സഹായത്തിനില്ലാത്തതിനാല്‍ നീണ്ട ഇടവേള എടുക്കേണ്ടി വന്നു. ഒടുവില്‍ ചലന ശേഷി നഷ്ടമായ കാലുമായി കൂലിപ്പണി ചെയ്താണ് മാസങ്ങൾ നീണ്ട പരിശീലനത്തിന് ആവശ്യമായ തുക കണ്ടെത്തിയത്.
പവര്‍ലിഫ്റ്റിങ് പരിശീലന ഉപകരണങ്ങള്‍ക്കും പരിശീലനകാലത്തെ ഭക്ഷണത്തിനും മറ്റുമായി മൂന്നുലക്ഷത്തോളം രൂപ ചെലവാകും. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങള്‍ പാരാലിമ്പിക് മത്സരങ്ങളിലെ വിജയികള്‍ക്ക് അഞ്ചുലക്ഷം രൂപ വരെ പാരിതോഷികം കൊടുക്കാറുണ്ട്. എന്നാല്‍, കേരളത്തില്‍ മത്സരത്തിനുള്ള എല്ലാ ചെലവുകളും പങ്കെടുക്കുന്നവര്‍ കണ്ടെത്തണം. ഇത് വലിയ അവഗണനയാണെന്നാണ് ആക്ഷേപം. സ്വർണത്തിളക്കവുമായി നാട്ടിലെത്തിയ പ്രമോദിനെ മന്ത്രി വീണ ജോർജ്, എം.എസ്. അരുൺകുമാർ, ജില്ല പഞ്ചായത്ത് അംഗം നികേഷ് തമ്പി തുടങ്ങിയവർ കായംകുളം റെയിൽവേ സ്റ്റേഷനിൽ സ്വീകരിച്ചു. പ്രമോദിന്‍റെ സ്വർണനേട്ടം വിപുലമായി ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.