ചേർത്തല: നഗരത്തിൽ പക്ഷിപ്പനി നിയന്ത്രണ വിധേയമാക്കിയെങ്കിലും ആശങ്ക ഒഴിയാതെ നാട്. ചത്ത് വീണ കാക്കയുടെയും കോഴികളുടെയും രക്തസാമ്പിളുകൾ ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് ലാബിലേക്ക് അയച്ചതിൽ പക്ഷിപ്പനി തന്നെയാണെന്ന് സ്ഥിരീകരിച്ചതോടെയാണ് ജനം ഭീതിയിലായത്. തുടർന്ന് സ്ഥലം എം.എൽ.എയും മന്ത്രിയുമായ പി. പ്രസാദിന്റെ നേതൃത്വത്തിൽ നഗരസഭയും അഞ്ച് പഞ്ചായത്തും ഉണർന്ന് പ്രവർത്തിച്ചതോടെയാണ് പക്ഷിപ്പനിയെ വരുതിയിലാക്കാനായത്.
എന്നാൽ, പക്ഷിപ്പനി നഗരത്തിലെ വടക്കൻ മേഖലയിലേക്ക് വ്യാപിക്കുന്നതായി അഭ്യൂവങ്ങൾ പരക്കുന്നുണ്ട്. തവണക്കടവിലും പള്ളിപ്പുറത്തും അർത്തുങ്കലിലും പട്ടണക്കാട്ടും കാക്കകൾ ചത്ത് വീണതാണ് വീണ്ടും ഭീതിപരത്തിയത്. രോഗംബാധിച്ചു ചത്ത കോഴികളെ നഗരസഭയുടെ നേതൃത്വത്തിൽ പൂർണമായും ശാസ്ത്രീയമായി സംസ്കരിച്ചു. തുടക്കത്തിൽ ചേർത്തല നഗരസഭയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ വൈറോളജി ഉദ്യോഗസ്ഥരും പരിശോധന നടത്തിയിരുന്നു. തണ്ണീർമുക്കം, മുഹമ്മ, ചേർത്തല തെക്ക് പഞ്ചായത്തുകളിലും നിരവധി വീടുകൾ കേന്ദ്രീകരിച്ച് കോഴിവളർത്തലും വിപണനവും നടന്നിരുന്നു. പക്ഷിപ്പനി വന്നതോടെ ഇത് പൂർണമായും നിർത്തേണ്ടിവന്നത് ഇവരുടെ ജീവിതത്തെ ബാധിച്ചു.
പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ കോഴി, താറാവ്, കാട തുടങ്ങിയ പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ഠം എന്നിവയുടെ വിപണനം ഈമാസം 22 വരെയാണ് നിരോധിച്ചിരിക്കുന്നത്. തിരുവല്ലയിലെ പക്ഷിരോഗ നിർണയ ലാബിൽ പ്രാഥമിക പരിശോധനയിൽ പക്ഷിപ്പനി കണ്ടെത്തിയ ഫാമുകളിലെ കോഴികളാണ് കൂട്ടത്തോടെ ചത്തത്. എന്നാൽ, രോഗം ഔദ്യോഗികമായി സ്ഥിരീകരിക്കാത്തതിനാൽ ഈ ഫാമുകളിൽ അവശേഷിക്കുന്ന ജീവനുള്ള കോഴികളെ സംസ്കരിച്ചിട്ടില്ല. നഗരസഭയിലും മറ്റ് പഞ്ചായത്തിലെ എല്ലാ വാർഡും കേന്ദ്രീകരിച്ച് അടിയന്തര ജാഗ്രത സമിതികൾ ചേരുകയും എല്ലാ വീടുകളിലും പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച ലഘുലേഖകൾ വിതരണം ചെയ്യാനും മൈക്ക് അനൗൺസ്മെൻറ് നടത്തി അവബോധം ഉണ്ടാക്കിയതോടെയാണ് മനുഷ്യരിലേക്ക് പടരാതെ നിയന്ത്രണ വിധേയമാക്കാനായതെന്ന് അധികൃതർ പറഞ്ഞു.
ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രതയും കരുതലും ആവശ്യമെന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. പക്ഷികളിൽനിന്ന് പക്ഷികളിലേക്ക് പകരുന്ന വൈറസ് രോഗമാണ് പക്ഷിപ്പനി. ഇത് പക്ഷികളിൽനിന്ന് മനുഷ്യരിലേക്ക് പകരാൻ ഇടയുണ്ടെങ്കിലും സാധ്യത കുറവാണ്. എന്നാൽ, മനുഷ്യരിൽ രോഗബാധയുണ്ടായാൽ രോഗം ബാധിച്ച പകുതിയിലേറെ പേർക്കും ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
രോഗബാധയുള്ള പക്ഷികളുടെ കാഷ്ഠത്തിൽനിന്നും മറ്റു സ്രവങ്ങളിൽനിന്നും വളർത്തു പക്ഷികൾക്കും മൃഗങ്ങൾക്കും രോഗബാധയുണ്ടാകാൻ ഇടയുണ്ട്. വീട്ടിൽ വളർത്തുന്ന പക്ഷികളുടെയും മറ്റു വളർത്തുമൃഗങ്ങളുടെയും സുരക്ഷ ശ്രദ്ധിക്കണം. പക്ഷികളുടെ സ്രവമോ കാഷ്ഠമോ വീണ പ്രതലങ്ങളിൽ സ്പർശിച്ചോ ദേഹത്ത് വീണോ സമ്പർക്കം ഉണ്ടായാൽ ഉടൻ സോപ്പിട്ട് കഴുകുകയോ കുളിക്കുകയോ വേണം. രോഗമുള്ള പക്ഷികൾ, ചത്ത പക്ഷികൾ എന്നിവയുമായി സമ്പർക്കത്തിൽ വരുന്നവർ അതത് പ്രദേശത്തെ ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും സ്വയം നിരീക്ഷണത്തിൽ കഴിയുകയും വേണം. ആരോഗ്യ പ്രവർത്തകരുടെ നിര്‍ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.
ശക്തമായ ശരീരവേദന, പനി, ചുമ, ശ്വാസംമുട്ടൽ, ജലദോഷം, കഫത്തിൽ രക്തം തുടങ്ങിയവ മനുഷ്യരിലെ രോഗലക്ഷണങ്ങളാണ്. രോഗപ്പകര്‍ച്ചക്ക് സാധ്യതയുള്ളവർ പനി, ജലദോഷം എന്നിവ കണ്ടാൽ ഉടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തെയോ ആരോഗ്യ പ്രവര്‍ത്തകരെയോ അറിയിക്കണം. പ്രതിരോധ മരുന്ന് മുടക്കമില്ലാതെ കഴിക്കണം. വളര്‍ത്തുപക്ഷികളോ മറ്റു പക്ഷികളോ ചത്തുവീഴുന്നത് ശ്രദ്ധയിൽപെട്ടാൽ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലും മൃഗാശുപത്രിയിലും അറിയിക്കുക. പക്ഷികളെ ആകര്‍ഷിക്കുന്ന രീതിയിൽ മാംസാവശിഷ്ടങ്ങളും ആഹാരാവശിഷ്ടങ്ങളും വലിച്ചെറിയരുത്. അവ സുരക്ഷിതമായി സംസ്കരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.