ചേർത്തല: നാലുനാൾ നീണ്ട പകലിരവുകളുടെ കലാപൂരത്തിന് കൊടിയിറങ്ങി. അവസാനലാപിൽ ഓടിക്കയറിയ നിലവിലെ ചാമ്പ്യൻമാരായ ചേർത്തല ഉപജില്ലക്ക് കലാകിരീടം. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ അപ്രതീക്ഷിത കുതിപ്പിലൂടെ തുടർച്ചയായ രണ്ടാംതവണയാണ് ഓവറോൾ ചാമ്പ്യൻപട്ടം ചേർത്തല സ്വന്തമാക്കിയത്. മൂന്നുദിവസം മുന്നിൽനിന്ന കായംകുളത്തെ അവസാനദിവസം അട്ടിമറിച്ചാണ് വിജയം.
കായംകുളം ഉപജില്ലക്കാണ് രണ്ടാംസ്ഥാനം. മാവേലിക്കര ഉപജില്ലക്കാണ് മൂന്നാംസ്ഥാനം. ആലപ്പുഴ, തുറവൂർ ഉപജില്ലകൾ നാലും അഞ്ചും സ്ഥാനങ്ങൾ നേടി. സംഘനൃത്തം അടക്കമുള്ള ഇനങ്ങൾ നടക്കുന്നതിനാൽ ഔദ്യോഗിക പ്രഖ്യാപനം ഏറെ വൈകി. കിരീടത്തിനായി ചേര്‍ത്തലയും കായംകുളവും തുടക്കംമുതല്‍ അവസാനംവരെ ശക്തമായ മത്സരമാണ് കാഴ്ചവെച്ചത്. സമാപനദിനത്തിലും ഇത് പ്രകടമായി.
സ്കൂൾവിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻപട്ടം മാന്നാർ നായർ സമാജം എച്ച്.എസ്.എസ് സ്വന്തമാക്കി. മാവേലിക്കര മറ്റം സെന്റ് ജോൺസ് രണ്ടും ചേർത്തല മുട്ടം ഹോളിഫാമിലി എച്ച്.എസ്.എസ് മൂന്നും സ്ഥാനം നേടി. ഹയർസെക്കൻഡറി വിഭാഗത്തിലും ചേർത്തലക്കാണ് കിരീടം.
ചെങ്ങന്നൂർ രണ്ടും കായംകുളം മൂന്നുംസ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗത്തിൽ കായംകുളം ജേതാക്കളായി. ചേർത്തല, മാവേലിക്കര എന്നിവക്ക് രണ്ടും മൂന്നും സ്ഥാനം ലഭിച്ചു. യു.പി ജനറൽ വിഭാഗത്തിൽ ചേർത്തല ഒന്നാമതെത്തി. കായംകുളം, ഹരിപ്പാട് ഉപജില്ലകൾ രണ്ടും മൂന്നും സ്ഥാനം നേടി.
അറബിക് കലോത്സവം യു.പി വിഭാഗത്തിൽ കിരീടം കായംകുളം ഉപജില്ല സ്വന്തമാക്കി. തുറവൂർ രണ്ടും ആലപ്പുഴ മൂന്നും സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗം അറബിക് കലോത്സവത്തിൽ കായംകുളവും ആലപ്പുഴയും ഒന്നാംസ്ഥാനം പങ്കിട്ടു. തുറവൂർ രണ്ടാംസ്ഥാനവും അമ്പലപ്പുഴ മൂന്നാംസ്ഥാനവും. യു.പി സംസ്കൃതോത്സവത്തിൽ ചേർത്തല ചാമ്പ്യൻമാരായി. ആലപ്പുഴയും തുറവൂരും രണ്ടാംസ്ഥാനം പങ്കിട്ടു.
ഹൈസ്കൂൾ വിഭാഗം സംസ്കൃതോത്സവത്തിൽ തുറവൂർ ജേതാക്കളായി. ചെങ്ങന്നൂർ രണ്ടും മാവേലിക്കര മൂന്നും സ്ഥാനങ്ങൾ നേടി. മത്സരം പാതിരാത്രിയിലേക്ക് നീളുന്നതിനിടെ പ്രധാനവേദിയിൽ നടത്തിയ സമാപനസമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. ഡി.ഡി.ഇ സി.സി കൃഷ്ണകുമാർ സമ്മാനദാനം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.