ചേർത്തല: അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ചേർത്തല നഗരസഭയിലെ മുഴുവൻ വീട്ടിലും പൈപ്പ് മുഖേന കുടിവെള്ളം എത്തിക്കുന്ന പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം ചൊവ്വാഴ്ച നടക്കും. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. കിഴക്കേ നാൽപത് എൻ.എസ്.എസ് ഹാളിൽ നടക്കുന്ന യോഗത്തിൽ കൃഷി മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിക്കും.
പദ്ധതി വഴി നഗരസഭയിലെ കുടിവെള്ള കണക്ഷൻ ഇല്ലാത്ത മുഴുവൻ വീട്ടിലും സൗജന്യമായി കണക്ഷൻ നൽകും. സമ്പൂർണ കുടിവെള്ള വിതരണത്തിന് നഗരസഭ എൻജിനീയറിങ് വിഭാഗവും വാട്ടർ അതോറിറ്റിയും ചേർന്ന് തയാറാക്കിയ പദ്ധതിക്ക് 9.97 കോടിയാണ് സർക്കാർ അനുവദിച്ചത്. ജല സംരക്ഷണത്തിനും പഴയ പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കാനും മറ്റൊരു നാലുകോടിയും അനുവദിച്ചു. അമൃത് പദ്ധതിയുടെ 50 ശതമാനം തുക കേന്ദ്ര വിഹിതം കിഴിച്ചാൽ ശേഷിക്കുന്ന തുക സംസ്ഥാന സർക്കാറും നഗരസഭയുമാണ് മുടക്കുന്നത്.
ഇതിനകം നഗരസഭയിലെ 7427 വീട്ടിൽ ജപ്പാൻ കുടിവെള്ള പദ്ധതിയിലൂടെ വാട്ടർ അതോറിറ്റി ശുദ്ധജല ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. പഞ്ചായത്തുകളിൽ ജൽ ജീവൻ മിഷൻ പദ്ധതിയുടെ മാതൃകയിൽ നഗരസഭകളിൽ നടപ്പാക്കുന്ന അമൃത് 2.0 പദ്ധതിയിലൂടെയാണ് ശേഷിക്കുന്ന വീടുകളിൽ കുടിവെള്ളം എത്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.