ചേർത്തല: ശ്രീനാരായണ ഗുരുവിന്റെ പാദസ്പർശമേറ്റ ഗ്രാമമാണ് കളവംകോടം. ആലുവയിൽനിന്നാണ് ഗുരു കളവംകോടം ക്ഷേത്രത്തിലെ പ്രതിഷ്ഠ കർമത്തിന് എത്തിയത്. അനുയായികളോടൊപ്പം മൂന്നുദിവസം ഇവിടെ തങ്ങി. ശ്രീനാരായണ ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തി 95 വർഷം തികയുന്ന വേളയിലാണ് ഗ്രാമത്തിന്റെ ശോഭയും വർധിക്കുന്നത്. 1927 ജൂണ്‍ 14ന് (1102 ഇടവം 31) പുലർച്ച നാലിനാണ് കളവംകോടംക്ഷേത്രത്തിലെ കണ്ണാടിപ്രതിഷ്ഠ ചരിത്രത്തിന്റെ ഭാഗമാകുന്നത്.
അക്കാലത്ത് നിലനിന്നിരുന്ന അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും പിഴുതെറിയുന്നതായിരുന്നു ഗുരുവിന്റെ കണ്ണാടി പ്രതിഷ്ഠ. ക്ഷേത്ര പുനരുദ്ധാരണത്തിന് ശേഷം വിഗ്രഹ പ്രതിഷ്ഠ നടത്തുന്നതുമായി ബന്ധപ്പെട്ട് അന്നുണ്ടായ തര്‍ക്കമാണ് കണ്ണാടി പ്രതിഷ്ഠയിലേക്ക് ഗുരുവിനെ നയിച്ചത്. പ്രദേശത്തെ പ്രമുഖനായ പണിക്കവീട്ടില്‍ പത്മനാഭ പണിക്കരുടെ നേതൃത്വത്തില്‍ ക്ഷേത്രം പുനരുദ്ധാരണം നടത്തിയശേഷം അര്‍ദ്ധനാരീശ്വരന്‍, ഗണപതി, സുബ്രഹ്മണ്യന് എന്നീ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കാന്‍ ഭാരവാഹികൾ തയാറാക്കി. എല്ലാവരുടെയും ആഗ്രഹപ്രകാരം പ്രതിഷ്ഠ കര്‍മത്തിന് ഏറെ നിര്‍ബന്ധിച്ചാണ് നാരായണ ഗുരുവിനെ ഇവിടെ എത്തിച്ചത്. സ്വാമി ബോധാനന്ദ, നീലകണ്ഠന് ശാന്തി, പ്രധാന സഹായിയായിരുന്ന കോമത്തു കുഞ്ഞികൃഷ്ണന് തുടങ്ങിയവര്‍ക്കൊപ്പമാണ് ഗുരു എത്തിയത്. എന്നാല്‍ പ്രദേശത്തെ പ്രമാണിമാരിലൊരാളായ കെ.സി. കുട്ടന്റെ നേതൃത്വത്തില്‍ വിഗ്രഹ പ്രതിഷ്ഠയെ എതിര്‍ത്തു. ഇത് സംഘര്‍ഷത്തിന്റെ വക്കിലെത്തിയപ്പോഴാണ് കണ്ണാടി കൊണ്ടുവരാന്‍ ഗുരു നിർദേശിച്ചത്. വള്ളത്തിലാണ് എറണാകുളത്തുനിന്ന് കണ്ണാടി കളവം കോടത്ത് എത്തിച്ചത്. ഇത് എന്തിനാണ് കൊണ്ടുവന്നതെന്ന് അറിയാതെ നിന്ന അനുയായികളോട് കണ്ണാടിയുടെ പിന്നിൽ മധ്യഭാഗത്ത് രസം ചുരണ്ടി ഓം ശാന്തി എന്ന് എഴുതാന്‍ അദ്ദേഹം പറഞ്ഞു.
എന്നാല്‍ രസം ചുരണ്ടിയവരുടെ ശ്രദ്ധക്കുറവു മൂലം എഴുതിയത് ഒം ശാന്തി എന്നായിരുന്നു. മണ്ടത്തരം മനസ്സിലായ അനുയായികൾ പേടിയോടെ കാര്യം ഗുരുവിന്റെ ശ്രദ്ധയിൽ പെടുത്തി. ഗുരു നോക്കിയതിന് ശേഷം അതുമതിയെന്നും അതിനും വലിയ അർഥമുണ്ടെന്നും പറഞ്ഞു. ഇരു കൈകളും നീട്ടി വാങ്ങിയ കണ്ണാടി ശ്രീകോവിലിൽ പ്രതിഷ്ഠിച്ചു.
ശ്രീകോവിലിന് മുന്നില്‍നിന്ന് ഇരുകൈകളും കൂപ്പി തൊഴുന്നവര്‍ക്ക് എഴുതിയത് വായിക്കത്തക്കരീതിയിലാണ് കണ്ണാടി സ്ഥാപിച്ചത്. നീ തന്നെയാണ് നിന്റെ ഈശ്വരൻ, നിന്നിലാണ് ചൈതന്യവും, നീ നിന്നെ തിരിച്ചറിയുക. ഇതാണ് ഇതിലൂടെ ഗുരു നൽകിയ സന്ദേശം. ഇതേത്തുടർന്ന് കളവം കോടം ക്ഷേത്രം തീർഥാടകരുടെയും ചരിത്രാന്വേഷികളുടെയും കേന്ദ്രവുമായി മാറി. ഇതോടെ കളവം കോടം എന്ന ഗ്രാമവും ശ്രദ്ധിക്കപ്പെട്ടു. ലോകത്തിന്റെ വിവിധയിടങ്ങളിൽനിന്നും ചരിത്രാന്വേഷികളും ഗ്രാമത്തിലേക്ക് എത്തിത്തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.