ചേർത്തല: ദേശീയപാതയിൽ നിർത്തിയിട്ട ടോറസ് ലോറിക്കുപിന്നിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് നിരവധിപേർക്ക് പരിക്ക്. ചേർത്തല അർത്തുങ്കൽ ബൈപാസ് ജങ്ഷനു സമീപം ബുധനാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് അപകടം.
ഗുരുതര പരിക്കേറ്റ കുത്തിയതോട് കുന്നേൽ സീനത്ത് (62), കോടംതുരുത്ത് തേജസിൽ സോന (43), മുഹമ്മ മറ്റത്തിൽ ആശാ സുനീഷ് എന്നിവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സീനത്തിന് തലക്കും മൂക്കിനും കാലിനുമാണ് പരിക്ക്. സോനക്ക് തലക്കും ആശാ സുനീഷിന് മൂക്കിനുമാണ് പരിക്കേറ്റത്.
ഇന്നലെ 12.10ന് ചേർത്തലയിൽനിന്ന് തോപ്പുംപടിയിലേക്ക് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് ഡ്രൈവർ ഇടക്കൊച്ചി സ്വദേശി ജയനും എറണാകുളം സ്വദേശിനിയായ കണ്ടക്ടർ അനിമോൾക്കും തോളെല്ലിനും കാലിനും പരിക്കേറ്റിട്ടുണ്ട്.
എറണാകുളം ഭാഗത്തുനിന്ന് വന്ന ആംബുലൻസിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണംവിട്ട് ബസ് ലോറിക്ക് പിന്നിലിടിക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ചേർത്തലയിൽനിന്ന് ഫയർഫോഴ്സും പൊലീസും പ്രദേശവാസികളും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിലെത്തിച്ചത്.
പരിക്കേറ്റവർ ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കുത്തിയതോട് പുതുപ്പറമ്പിൽ അശോകൻ (60), എരമല്ലൂർ പെരുമ്പിള്ളി വാലിഷ് (24), എരമല്ലൂർ മാണൂർ സഞ്ജു (18), മാണൂർ യദുകൃഷ്ണൻ (21), പട്ടണക്കാട് വടകരശേരി ബിന്ദു (40), ഭർത്താവ് വേണു (52), മകൻ വിഷ്ണു (11), പട്ടണക്കാട് നാരായണീയം അമൃത (21) എന്നിവർ ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ളത്. മറ്റു നിസ്സാര പരിക്കേറ്റവർ ആശുപത്രി ചികിത്സ തേടിയശേഷം വീട്ടിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.