ചേർത്തല: മെഗാസ്റ്റാർ മമ്മൂട്ടിയുമൊന്നിച്ച് സിനിമ ജീവിതത്തിന് തുടക്കമിട്ട 'മേള രഘു' ഗുരുതരാവസ്ഥയിൽ. സിനിമമേഖലയിലുള്ളവർ സഹായവുമായി എത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം. കെ.ജി. ജോർജ് സംവിധാനം ചെയ്ത 'മേള' എന്ന സിനിമയിൽ തിളങ്ങിയ രഘു അഭിനയത്തിെൻറ നാല് പതിറ്റാണ്ട് പൂർത്തീകരിച്ച വേളയിലാണ് ദുരിതമെത്തിയത്. ചേർത്തല നഗരസഭ 18ാം വാർഡിൽ പുത്തൻ വെളി രഘുവാണ് (ശശിധരൻ-60 ) മരണത്തോട് മല്ലടിക്കുന്നത്.ഏഴ് ദിവസമായി അബോധാവസ്ഥയിലാണ്.
കഴിഞ്ഞ16ന് രഘു വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ചേർത്തല താലൂക്കാശുപത്രിയിലും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന രഘുവിെൻറ ചികിത്സയുമായി ബന്ധപ്പെട്ട് ലക്ഷങ്ങൾ ബന്ധുക്കൾ ചെലവഴിച്ചു. സാമ്പത്തികമായി തകർച്ച നേരിടുന്ന കുടുംബത്തിന് ഇത് താങ്ങാവുന്നതിലും അപ്പുറമാണ്.
എട്ട് മാസം മുമ്പ് ദൃശ്യത്തിൻെറ രണ്ടാം ഭാഗത്തിൽ മോഹൻലാലുമൊത്ത് വേഷം ചെയ്ത് ശ്രദ്ധനേടിയിരുന്നു. രഘു 35ലധികം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. കെ.പി.എ.സി നാടക തമ്പിലും ഇടംപിടിച്ചു. ദൂരദർശൻ നിർമിച്ച സീരിയൽ 'വേലുമാലു സർക്കസി'ൽ പ്രധാന വേഷം രഘുവിനെ തേടിയെത്തിയിരുന്നു.
1980ൽ ചെങ്ങന്നൂർ കൃസ്ത്യൻ കോളജിൽ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് നടൻ ശ്രീനിവാസൻ നേരിട്ടെത്തി സിനിമയിൽ അഭിനയിക്കാമോയെന്ന് ചോദിക്കുന്നത്. തുടർന്ന്, സർക്കസ് കൂടാരത്തിെൻറ കഥ പറയുന്ന ചിത്രമായ 'മേള'യിൽ പ്രധാന കഥാപാത്രമായി മാറുകയായിരുന്നു. നാടകവും മിമിക്രിയുമായി നടന്ന രഘുവിന് ആദ്യസിനിമ കഴിഞ്ഞപ്പോൾ ഭാവി ജീവിതവും അഭിനയത്തിലേക്ക് വഴിമാറുകയാണുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.