ചേര്‍ത്തല: കലയുടെ മാമാങ്കത്തിന് തിങ്കളാഴ്ച തിരിതെളിയും. റവന്യൂ ജില്ല സ്കൂള്‍ കലോത്സവത്തിന് ചേർത്തല ഒരുങ്ങിക്കഴിഞ്ഞു. ടൗണിന്റെ വിവിധയിടങ്ങളിലായി ചിതറിക്കിടക്കുന്ന 12 വേദികളിലായി 318 ഇനങ്ങളിലായുള്ള കലാമത്സരങ്ങള്‍ അരങ്ങേറും. സഹസ്രാബ്ദ ജൂബിലി പിന്നിട്ട മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയോടു ചേര്‍ന്ന മുട്ടം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂളിലാണ് പ്രധാന വേദി. വിവിധ ഉപജില്ലകളില്‍നിന്നുള്ള 6000 വിദ്യാര്‍ഥികളാണ് മത്സരിക്കുന്നത്. അപ്പീലുമായി 106 പേരും മത്സരിക്കുന്നുണ്ട്.
27ന് രാവിലെ ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ പതാക ഉയര്‍ത്തും. രചനാമത്സരങ്ങളും ഒന്നാം വേദിയില്‍ ചവിട്ടുനാടകവും തുടങ്ങുമെങ്കിലും വൈകീട്ട് മൂന്നിനു നടക്കുന്ന സമ്മേളനത്തിലാണ് മന്ത്രി പി. പ്രസാദ് കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുക. നഗരസഭ ചെയര്പേഴ്സൻ ഷേര്‍ളി ഭാര്ഗവന് അധ്യക്ഷതവഹിക്കും. എ.എം. ആരിഫ് എം.പി മുഖ്യ പ്രഭാഷണം നടത്തും.
വേദികള്‍ തമ്മിലുള്ള അകലം വിദ്യാര്‍ഥികള്‍ക്ക് പ്രതിസന്ധിയാകുമെന്ന ഭീഷണി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, സമയപരിധിയില്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇത്തരത്തില്‍ വേദികളുടെ ക്രമീകരണം ആവശ്യമാണെന്നാണ് സംഘാടകരുടെ പക്ഷം. നഗരത്തില്‍ പലയിടങ്ങളിലും നിർമാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഗതാഗത ക്രമീകരണങ്ങളുണ്ട്. പ്രധാന വേദിയായ ഹോളിഫാമിലി സ്കൂളുമായി അടുത്തുള്ള വടക്കേ അങ്ങാടി കവല വഴി കെ.എസ്.ആര്.ടി.സി ബസുകള്‍ പോകാത്തതിനാല്‍ കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡില്‍നിന്ന് മറ്റു മാര്‍ഗങ്ങള്‍ വഴിയേ ബസില്‍ എത്തുന്നവര്‍ക്കു പ്രധാന വേദിയില്‍ എത്താനാകൂ. സ്വകാര്യ ബസുകള്‍ വടക്കേഅങ്ങാടി കവല വഴി സർവിസ് നടത്തുന്നുണ്ട്. പ്രധാന വേദിയില്‍നിന്ന് തെക്കേഅങ്ങാടി പടയണിപാലം വഴി നഗരത്തിന്റെ പ്രധാന ഭാഗത്തുള്ള വേദികളിലേക്കെത്താം.
നാലു ദിനങ്ങളിലും വിദ്യാര്‍ഥികള്‍ക്കു ഭക്ഷണമൊരുക്കുന്നതിന് ഗവ. ഗേള്‍സ് ഹയർ സെക്കൻഡറി സ്കൂളില്‍ അന്നപ്പുര തുറന്നു. നഗരസഭ ചെയര്പേഴ്സൻ ഷേര്‍ളി ഭാര്ഗവന് പാലുകാച്ചല്‍ ചടങ്ങു നടത്തിയതോടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഭക്ഷണ കമ്മിറ്റി ചെയര്മാന് ജി. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.
ആദ്യദിനം ഉച്ചഭക്ഷണത്തിന് സാമ്പാര്‍, പുളിശ്ശേരി, കിച്ചടി, അവിയല്‍, തോരന്‍, അച്ചാര്‍, പായസം എന്നിവയുണ്ടാകും. വൈകീട്ട് പഴംപൊരിയും രാത്രി ഭക്ഷണവുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.