ചേർത്തല: പുത്തനുടുപ്പും പുത്തൻ ബാഗും പുതിയ നോട്ട്ബുക്കുകളുമായി സ്കൂളിൽ പോകാനായിരുന്നു നാൽവർ സംഘം ആഗ്രഹിച്ചത്. പേക്ഷ, കാലം ഇങ്ങനെയാണ്. നനഞ്ഞ കുടയുമായി ഒന്നാം ക്ലാസിൽ പഠനമാരംഭിക്കുന്നതിനുപകരം ഗൂഗിൾ മീറ്റിലേക്ക് പരിശീലനം നേടുകയാണ് ഒരു വീട്ടിലെ നാല് കുരുന്നുകൾ.
ചേർത്തല ഉഴുവ പുതിയകാവ് വാടാത്തോടത്ത് ശാന്തിനികേതനിൽ കെ.ജി. ശശികുമാറിെൻറ പ്രാർഥനയായിരുന്നു ഒരു കുഞ്ഞിക്കാൽ കാണണമെന്നത്. എന്നാൽ, കിട്ടിയത് നാലുപേരെയാണ്. 2015 ഡിസംബർ എട്ടിനായിരുന്നു ശശികുമാർ-അജിത ദമ്പതികളുടെ ജീവിതത്തിലെ ആ വലിയ സംഭവം.
42കാരി അജിതയുടെ ആദ്യ പ്രസവത്തിൽ പിറന്ന മൂന്ന് കുട്ടികൾക്ക് ആദ്യ തലോടൽ നൽകുന്നതിനിടെ നഴ്സ് ഓടിയെത്തി ശശികുമാറിനോട് പറഞ്ഞു, ഇനിയൊരു കുട്ടി കൂടിയുണ്ട്. ഗർഭാവസ്ഥയിലെ സ്കാനിങ്ങിൽ ഡോക്ടർ പറഞ്ഞത് മൂന്ന് കുട്ടികൾ ഉണ്ടെന്നാണ്. അതനുസരിച്ച് പരിശോധിച്ച ഡോക്ടർമാരടക്കം കാണാതെ പിറന്ന കുട്ടിക്ക് മാതാപിതാക്കൾ പേരിട്ടത് 'അദൃശ്യ'യെന്ന്. ഈ നാൽവർസംഘമാണ് ഒന്നാം ക്ലാസിെൻറ ഫസ്റ്റ് ബെൽ കാത്തിരിക്കുന്നത്.
ആദ്യഭാര്യയുടെ മരണശേഷം 57ാം വയസ്സിലാണ് വിഷവൈദ്യനായ ശശികുമാർ കണ്ണൂർ മുണ്ടയാട് അമിതാനിവാസിൽ അജിതയെ വിവാഹം ചെയ്യുന്നത്. അഞ്ചുവർഷത്തിനുശേഷമാണ് ഗർഭിണിയാകുന്നത്. ചില ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്ന അജിത മൂന്ന് കുട്ടികൾ ഉണ്ടെന്ന് കേട്ടപ്പോൾ ഞെട്ടിയില്ല. താൻ മരിച്ചാലും ഒരു കുട്ടിയെയെങ്കിലും ഭർത്താവിെൻറ കൈയിൽ കൊടുക്കണമെന്നാണ് അജിത ഡോക്ടറോട് പറഞ്ഞത്.
ഏഴാം മാസത്തിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ കുട്ടികളെ പുറത്തെടുത്തു. കുറച്ചുസമയത്തിനുശേഷം മറ്റൊരു കുട്ടിയെക്കൂടി പുറത്തെടുത്തെങ്കിലും ഇതൊന്നും അജിത അറിഞ്ഞതേയില്ല. മൂന്നാംനാളാണ് നാല് കുട്ടികളുണ്ടെന്ന കാര്യമറിയുന്നതും അവരെ കണ്ടതും.
ആര്യ, ഐശ്വര്യ, ആദർശ്, അദൃശ്യ എന്നിങ്ങനെ കുട്ടികൾക്ക് പേരും നൽകി. ഉഴുവ പുതിയകാവ് ഗവ. യു.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥികളായി ഒരു ഡിവിഷനിൽ ഒന്നിച്ചിരുന്ന് പഠിക്കേണ്ടതായിരുന്നു. പേക്ഷ, സ്കൂൾ ബെല്ലടിച്ചത് ഗൂഗിൾ മീറ്റിലും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.