ചേർത്തല: അവധിക്കാലമാണെങ്കിലും മുഹമ്മ സി.എം.എസ് എൽ.പി സ്കൂളിൽ കൃഷിക്ക് അവധിയില്ല. ഇവിടെ വിഷുക്കാല പച്ചക്കറി കൃഷിയുടെ വിളവെടുപ്പിന്റെ ദിനങ്ങളാണ്. കഞ്ഞിക്കുഴി പയറും, ചീരയും, വെണ്ടയും, കുക്കുമ്പറും, തണ്ണിമത്തനുമൊക്കെ വിളഞ്ഞ് സമൃദ്ധിയുടെ നിറകണിയൊരുക്കുകയാണ് കുട്ടിത്തോട്ടത്തിൽ.
സ്കൂളിനോട് ചേർന്ന സെന്റ് മാത്യൂസ് ചർച്ചിന്റെ സ്ഥലത്താണ് കുട്ടികളും രക്ഷകർത്താക്കളും അധ്യാപകരും ചേർന്ന് കുട്ടിത്തോട്ടം ഒരുക്കിയത്. ഈ അധ്യയന വർഷത്തെ രണ്ടാംഘട്ട വിളവെടുപ്പാണ് ആരംഭിച്ചത്. സ്കൂളിന് പുറത്ത് സ്റ്റാൾ സജ്ജമാക്കി അധ്യാപകർ ഉൽപന്നങ്ങൾ വിറ്റഴിച്ചു. ഏതാനും മണിക്കൂറിനുള്ളിൽ 10,000 രൂപയുടെ പച്ചക്കറി വിറ്റഴിക്കാനായി. തുടർന്നുള്ള ദിവസങ്ങളിൽ പച്ചക്കറികൾ ആവശ്യക്കാർക്ക് നേരിട്ട് വാങ്ങാം.
മന്ത്രി പി. പ്രസാദ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. അധ്യാപിക സരിതയുടെ മകൻ ആർ. സൂരജ് വരച്ച മന്ത്രിയുടെ ചിത്രം നൽകിയാണ് ഉദ്ഘാടകനെ സ്വീകരിച്ചത്. ചിത്രകാരനായ ബിരുദ വിദ്യാർഥി ആർ. സൂരജ്, കൃഷിക്ക് നേതൃത്വം നൽകിയ പ്രധാനാധ്യാപിക ജോളി തോമസ്, പി.ടി.എ പ്രസിഡന്റ് എൽ. സെബാസ്റ്റ്യൻ, രക്ഷകർത്താവ് സജിത് എന്നിവരെ മന്ത്രി അനുമോദിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു, പഞ്ചായത്ത് അംഗം നിഷ പ്രദീപ്, കൃഷി ഓഫിസർ പി.എം. കൃഷ്ണ, പി.ടി.എ വൈസ് പ്രസിഡന്റ് സി.ആർ. അനിൽകുമാർ, എം.പി.ടി.എ പ്രസിഡന്റ് വി. ശാരിമോൾ, വൈസ് പ്രസിഡന്റ് ശ്രീവിദ്യ, സഭാശു ശ്രൂഷകൻ പി.എം. ഐസക് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.