തകർച്ചനേരിടുന്ന അവസ്ഥയിലാണ് യോഗത്തിെൻറയും എസ്.എന്‍ ട്രസ്റ്റിെൻറയും തലപ്പത്ത് വെള്ളാപ്പള്ളി വരുന്നത്. ജനറല്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കുമ്പോള്‍ നീക്കിയിരിപ്പായി ഉണ്ടായിരുന്നത് വെറും 6083 രൂപയാണ്. 25 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൂടെ ആസ്തി 30 കോടിക്ക് മുകളിലാണ്. 29 ലക്ഷത്തോളം അംഗസംഖ്യയുള്ള സംഘടനയിൽ 31,000 കുടുംബ യൂനിറ്റുകൾ സ്ഥാപിച്ചാണ് ഉയർച്ച സാധ്യമാക്കിയത്. 42 വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടായിരുന്നത് 152ലേക്ക് കുതിച്ചു. ആയിരക്കണക്കിന് പ്രാർഥനാലയങ്ങളും ഗുരുമന്ദിരങ്ങളും ഓഫിസ് കെട്ടിടങ്ങളും നിര്‍മിച്ചു. സ്വയംസഹായ സംഘങ്ങളിലൂടെ സ്ത്രീകള്‍ക്ക് മൈക്രോ ഫിനാന്‍സ് വായ്പ നല്കി അവരെ സാമ്പത്തികരംഗത്ത് സ്വയം പര്യാപ്തമാകാൻ സഹായിച്ചു. മന്നം- ശങ്കര്‍ കാലഘട്ടത്തിന് ശേഷം നായരീഴവ ഐക്യത്തിനായി ശ്രമം നടന്നത് വെള്ളാപ്പള്ളി നേതൃത്വം ഏറ്റെടുത്തതോടെയാണ്. എൻ.ഡി.എയുടെ ഭാഗമായ ബി.ഡി.ജെ.എസിെൻറ പിറവിയും സാധ്യമാക്കിയത് വെള്ളാപ്പള്ളിയുടെ തന്ത്രജ്ഞതയാണ്.
യോഗത്തിെൻറ സ്ഥിരം അധ്യക്ഷൻ ശ്രീനാരായണ ഗുരുവും ആദ്യ ജനറല്‍ സെക്രട്ടറി മഹാകവി കുമാരനാശാനുമായിരുന്നു. രണ്ട് ഘട്ടങ്ങളിലായി കുമാരനാശാന് 15 വര്‍ഷവും ആര്. ശങ്കര്‍ 11 വര്‍ഷവും ഇരുന്ന പദവിയിലാണ് വെള്ളാപ്പള്ളി 25 വര്‍ഷം പൂര്‍ത്തിയാക്കുന്നത്. കണിച്ചുകുളങ്ങര ക്ഷേത്രഭരണത്തിെൻറ തലപ്പത്തേക്ക് വോട്ടെടുപ്പിലൂടെ വന്ന് ഈ സ്ഥാനത്ത് 57 വർഷം പിന്നിടുന്ന വ്യക്തിയും ഇദ്ദേഹംതന്നെ.
28ാം വയസ്സില്‍ നാട്ടിലെ പുരോഗമന ചിന്താഗതിക്കാരായ ഒരുകൂട്ടം ചെറുപ്പക്കാരുടെ പിന്തുണയോടെയാണ് വെള്ളാപ്പള്ളി ക്ഷേത്രഭരണ രംഗത്തേക്ക് കടന്നുവരുന്നത്. 71 വർഷം മുമ്പ് 13ാം വയസ്സിൽ തേഡ് ഫോറത്തിൽ പഠിക്കവെ ശിശുദിന ദിവസം സ്കൂളിൽ ബിസ്കറ്റ് വിതരണമുണ്ടായി. പഠിത്തത്തിൽ മുന്നിൽ നിൽക്കുന്നവർക്കായിരുന്നു ബിസ്കറ്റ് ആദ്യം നൽകിയത്. നടേശെൻറ നേതൃത്വത്തിൽ ബിസ്കറ്റ് വിതരണം ബഹിഷ്കരിച്ചു. അന്ന് മുതലുണ്ട് സാമൂഹിക ഇടപെടൽ. വയലാര്‍ രവി, എ.കെ. ആൻറണി എന്നിവരോടൊപ്പം കെ.എസ്.യുവിൽ പ്രവർത്തിച്ചു. പിന്നീട് വി.എസ്. അച്യുതാനന്ദന് പാർട്ടി ജില്ല സെക്രട്ടറിയായിരിക്കെ കോണ്‍ഗ്രസിലെ ചാരങ്കാട്ട് കുഞ്ഞിക്കുട്ടനെതിരെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാർഥിയായി. 16 വോട്ടുകള്‍ക്ക് തോറ്റു. കോൺട്രാക്ടറുടെ വേഷത്തിൽ രംഗത്ത് സജീവമായ നടേശൻ എസ്.എൻ.ഡി.പി ലേബലിലാണ് പൊതുപ്രവർത്തന രംഗത്ത് വീണ്ടുമെത്തിയത്.
മൈക്രോ ഫിനാൻസ് ക്രമക്കേട്, നിഴൽപോലെ കൂടെനിന്ന കണിച്ചുകുളങ്ങര യൂനിയൻ സെക്രട്ടറി കെ.കെ. മഹേശെൻറ ദുരൂഹ മരണം എന്നിങ്ങനെ പൊതുപ്രവർത്തനത്തിൽ അനവധി വെല്ലുവിളികളും നേരിടേണ്ടിവന്നിട്ടുണ്ട്.
ശതാഭിഷേക നിറവിലുമാണ് വെള്ളാപ്പള്ളി. 1937 സെപ്റ്റംബര്‍ പത്തിന് കണിച്ചുകുളങ്ങര വെള്ളാപ്പള്ളി വി.കെ. കേശവന്- ദേവകി ദമ്പതികളുടെ 12 മക്കളില്‍ ഏഴാമനായി ചിങ്ങമാസത്തിലെ വിശാഖം നക്ഷത്രത്തിൽ ജനിച്ച വെള്ളാപ്പള്ളി നടേശൻ 84ാം വയസ്സിലാണിപ്പോൾ. ഇതോടനുബന്ധിച്ച് ഒരുവർഷം നീളുന്ന ആഘോഷങ്ങളാണ് നടന്നുവരുന്നത്. യോഗനേതൃത്വത്തിൽ കാൽനൂറ്റാണ്ട് തികച്ചതിെൻറ ആഘോഷം അടുത്തമാസമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.